തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യം നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. മേയിൽ മതിയെന്നാണു ബിജെപി നിലപാട്. 140 മണ്ഡലങ്ങളിലും ഒറ്റ ദിവസം തന്നെ തിരഞ്ഞെടുപ്പു വേണമെന്നു 3 മുന്നണികളും ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ ഏറെസമയം ചെലവഴിച്ചാണ് ഒാരോ രാഷ്ട്രീയ കക്ഷിയിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചത്.

ഒറ്റദിന വോട്ടെടുപ്പ് മതിയെന്ന് കമ്മിഷനോട് മൂന്നു മുന്നണികളും

കലാശക്കൊട്ട് ആകാം, കരുതലോടെ: എൽഡിഎഫ്

ഏപ്രിൽ 13നു മുൻപ് ഒറ്റ ഘട്ടമായി തിര‍ഞ്ഞെടുപ്പ് നടത്തണം. കലാശക്കൊട്ട് ഒഴിവാക്കേണ്ടതില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നും സിപിഎമ്മും സിപിഐയും അഭിപ്രായപ്പെട്ടു. കോവിഡ് കാരണം അധികമായി സജ്ജീകരിക്കുന്ന അനുബന്ധ ബൂത്തുകൾ പ്രധാന ബൂത്തിനടുത്താകണം. കോവിഡ് കാരണമുള്ള തപാൽ ബാലറ്റ് നിർബന്ധമാക്കേണ്ടതില്ലെന്നും താൽപര്യമുള്ളവർക്കു മാത്രം അനുവദിച്ചാൽ മതിയെന്നും സിപിഐ നിർദേശിച്ചു.

പോളിങ് സമയം നീട്ടേണ്ടതില്ല: യുഡിഎഫ്

ഒറ്റ ദിവസ വോട്ടെടുപ്പ് മതി. ഏപ്രിൽ 8നും 12നുമിടയിലാകാം. 14നാണു വിഷു. ഏപ്രിൽ 4ന് ഇൗസ്റ്റർ അവധി കഴിയും. റമസാൻ നോമ്പ് ഏപ്രിൽ പകുതിയോടെ തുടങ്ങിയേക്കും. വോട്ടെടുപ്പ് നോമ്പുകാലത്താകരുത്. ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം ആയിരമായി കുറച്ചതിനാൽ പോളിങ് സമയം നീട്ടേണ്ടതില്ല. 80 വയസ്സു കഴിഞ്ഞവർക്കും കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കുമുള്ള സ്പെഷൽ വോട്ട് ദുരുപയോഗം ചെയ്യാനിടയുള്ളതിനാൽ വിതരണം കർശനമായി നിരീക്ഷിക്കണം.

പ്രവാസി വോട്ട് അനുവദിക്കണം: ബിജെപി

വോട്ടെടുപ്പ് ഒറ്റത്തവണയായി മേയിൽ നടത്തണം. പ്രവാസികൾക്കു വോട്ട് ചെയ്യാൻ നിയമഭേദഗതി വേണം. ബൂത്തിന് 200 മീറ്റർ പരിധിക്കുള്ളിൽ കേന്ദ്രസേനയെ വിന്യസിക്കണം. വെബ്കാസ്റ്റിങ് എല്ലാ ബൂത്തിലും വേണം. സ്പെഷൽ വോട്ട് ശേഖരണം അട്ടിമറിക്കിടയാക്കുമെന്നതിനാൽ അവർക്കും ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള ക്രമീകരണം വേണം.

 

LEAVE A REPLY

Please enter your comment!
Please enter your name here