തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണം. ഇഎംസിസിയുമായി ഉണ്ടാക്കിയ ആദ്യത്തെ പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. കുത്തക കമ്പനിക്ക് കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ നയം തിരുത്തിയതടക്കം 2018 മുതല്‍ ഗൂഢാലോചന നടന്നുവരികയായിരുന്നെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കിയ നാല് ഏക്കര്‍ സ്ഥലം തിരികെ വാങ്ങാനും നടപടി ആയിട്ടില്ല. മത്സ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തിയതില്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി ഏതു സമയവും തിരികെ വരാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ 2018 മുതല്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടപ്പാക്കിവരുന്നത്. ഇഎംസിസിയുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയതായി തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചതെന്ന് കമ്പനി പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പറയുന്നത്.
അസന്റില്‍ വെക്കുന്നതിനു മുന്‍പ് ഇഎംസിസി ഫിഷറീസ് വകുപ്പിനും മന്ത്രിക്കും രേഖ കൈമാറിയിരുന്നു. അസന്റില്‍ വെക്കുന്നതിനു മുന്‍പാണ് ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചത്. ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്തുവിട്ടപ്പോള്‍ അതനുസരിച്ച്  പുതിയ നുണകള്‍ പറയുകയാണ്.
സംസ്ഥാന മത്സ്യ നയത്തില്‍ വരുത്തിയ മാറ്റംതന്നെ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ഗൂഢാലോചനയാണ്. 2018 ഏപ്രിലില്‍ ഫഷറീസ് മന്ത്രി ന്യൂയോര്‍ക്കില്‍ വെച്ച് ഇഎംസിസിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മത്സ്യനയത്തില്‍ മാറ്റംവരുത്തിയത്. ശക്തമായ എതിര്‍പ്പുണ്ടാകും എന്നറിഞ്ഞിട്ടുതന്നെയാണ് മത്സ്യനയത്തില്‍ മാറ്റംവരുത്തിയത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശ കമ്പനിക്ക് മത്സ്യം കൊള്ളയടിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഒത്താശയോടെ തയ്യാറാക്കിയത്.
ഇഎംസിസി മാത്രമല്ല ലോകത്തിലെമറ്റുചില വന്‍കിട കുത്തക കമ്പനികള്‍ക്കൂടി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില പ്രമുഖ ഭക്ഷ്യവിതരണ മാര്‍ക്കറ്റിങ് കമ്പനികളും പിന്നിലുണ്ടെന്ന് സംശയിക്കണം. ഇഎംസിസിയുടെ പള്ളിപ്പുറം പ്ലാന്റില്‍ സംസ്‌കരിക്കുന്ന മത്സ്യം ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളുടെ വന്‍കിട സ്‌റ്റോറേജുകളിലേയ്ക്കാണ് പോകുന്നത്. അവര്‍ക്കത് കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാനും കഴിയും. നൂറുകണക്കിന് കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിക്കുക.
പ്രതിപക്ഷം ഇപ്പോള്‍ ഇത് പുറത്തു കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മന്ത്രിസഭ പദ്ധതിക്കുള്ള അംഗീകാരം നല്‍കുമായിരുന്നു. മൂന്നോ നാലോ വര്‍ഷംകൊണ്ട് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരള തീരത്തെ കൊള്ളയടിച്ചു കൊണ്ടുപോകുമായിരുന്നു. ഇപ്പോഴും ഉപകരാര്‍ റദ്ദാക്കിയതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സര്‍ക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും. മത്സ്യത്തൊഴിലാളി സംഘടന 27ന് നടത്തുന്ന ഹര്‍ത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here