കൊച്ചി: കേരളത്തിലെ കാമ്പസുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. മാരക ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളിലേക്കെത്തിച്ചാണ്  ലഹരി മാഫിയ ക്യാമ്പസുകളെ  വരിഞ്ഞുമുറുക്കുന്നത്.
അതേസമയം, കാമ്പസുകളിൽ ലഹരി ഉപയോഗം തടയാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
കൊച്ചി മയക്കുമരുന്നിന്റെ പ്രധാന ഹബ്ബായി മാറിയിരിക്കയാണ്.  മയക്കുമരുന്ന് വിൽപ്പനയ്ക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധിപേർ കൊച്ചിയിൽ തമ്പടിച്ചിരിക്കയാണ്. തദ്ദേശീയരായ മയക്കുമരുന്ന് കച്ചവടക്കാരാണ് കഞ്ചാവും മറ്റും വിൽക്കുന്നതെങ്കിൽ ഉത്തരേന്ത്യക്കാരും മറ്റുമാണ് വിലകൂടിയ മയക്കുമരുന്ന് വ്യാപാരം നിയമന്ത്രിക്കുന്നത്.

ഏറ്റവും ഒടുവിലായി പോലീസും എക്സൈസും രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിലെ പ്രതികൾ നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. മാസങ്ങൾനീണ്ട പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതികളെ പോലീസ് കുടുക്കിയത്.
പറവൂർ എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ പറവൂരിലെ കോളേജ് വിദ്യാർത്ഥികളിൽ നിന്നും മാസങ്ങൾക്കുമുമ്പ് 5 മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിരുന്നു. വിതരണക്കാരായ രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പറവൂർ ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ വീട്ടിൽ ആന്റണി മകൻ ലിബിൻ (29), മൂത്തകുന്നം മടപ്ലാതുരുത്ത് അരയപ്പറമ്പിൽ കുഞ്ഞപ്പൻ മകൻ ദീപേഷ് (35) എന്നിവരെയാണ് പറവൂർ എക്സൈസ് സിഐ എസ്.നിജുമോനും സംഘവും കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവും ഒന്നര കിലോ ഹാഷിഷ് ഓയിലും പ്രതികളിൽനിന്നും പിടിച്ചെടുത്തു.
ഹോമിയോ മരുന്നകൾ കൊടുക്കുന്ന ചെറിയ കുപ്പികളിൽ നിറച്ച 5 മില്ലി ഹാഷിഷ് ഓയിലിന്റെ വില നാലായിരം വരെയാണ് ഇവർ ഈടാക്കിയിരുന്നത്. കഞ്ചാവിന്റെ വലുതും ചെറുതുമായ പൊതികളും വിൽപ്പനക്ക് തയ്യാറാണ്. വാട്ട്സ്  ആപ്പ് കോളുകളിൽ മാത്രമേ മാഫിയയുമായി ബന്ധപ്പെടാനാകൂ. കച്ചവടം ഉറപ്പിച്ചാൽ ഗൂഗിൾ പേ സംവിധാനം വഴി പണമെത്തിച്ചാൽ ഏതുതരം ലഹരിമരുന്നും സംഘം എത്തിച്ചുകൊടുക്കുന്നതാണ് പതിവ്. എറണാകുളം സൗത്തിലെ ഒരാളാണ് ഇവരുടെ ബോസെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന മറ്റൊരു ലഹരി മാഫിയത്തലവൻ പാലക്കാട് സ്വദേശി ഷറഫുദ്ദീനെ കഴിഞ്ഞ ദിവസം പോലീസും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ റൂറൽ  പോലീസ് 150 കിലോ കഞ്ചാവ് പിടികൂടുകയുണ്ടായി. തുടർന്ന് എസ്പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ  പ്രത്യേക  സംഘം അന്വേഷണം ഊർജിതമാക്കി. ഇതോടെ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ  വിവരം പോലിസിന് ലഭിച്ചു. കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നതിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് വിഭാഗത്തിന് സ്വാധീനമുള്ള  പ്രദേശങ്ങളിൽനിന്നാണെന്ന്  പോലീസ് സംഘം കണ്ടെത്തി.
അന്വേഷണത്തിൽ പാഡേരു എന്ന അതിർത്തി ഗ്രാമത്തിലെ ആദിവാസികളിൽ നിന്നും തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി  ആന്ധ്രാ ചടയൻ എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി വിറ്റഴിച്ചുവരികയായിരുന്നു. കൂടാതെ കഞ്ചാവ് സംസ്‌കരണ യൂണിറ്റുകളിൽ ഇത് ഹാഷിഷ് ഓയിലാക്കി മാറ്റുകയും ചെയ്തിരുന്നു. ക്യാമ്പസുകളിൽ വിതരണത്തിനും വിൽപ്പനയ്ക്കും സംഘം ഇടനിലക്കാരാക്കിയിരുന്നത് വിദ്യാർത്ഥികളെ തന്നെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി പരിശോധനകൾ നടക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി ഇടപ്പെട്ടതിനാൽ പോലീസും എക്സൈസും വരും ദിവസങ്ങളിൽ കൂടുതൽ സജീവമാക്കും.

പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് ഇതിനിടയിൽ  പിടികൂടിയത്. പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള ഭായിക്കോളനി പരിസരത്ത് കാലങ്ങളായി അച്ചിട്ടിരുന്ന കടമുറികളിൽ നിന്നാണ് രണ്ട് ലോഡോളം വരുന്ന ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ്, എക്സെസ്, പെരുമ്പാവൂർ നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പിടികൂടിയത്.
അടഞ്ഞുകിടന്ന കടമുറികളുടെ താഴ് പൊലീസ് പൊളിച്ചാണ് ചാക്കു കെട്ടുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്നുകൾ എന്നിവ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് പെരുമ്പാവൂരും റെയ്ഡ് നടന്നത്.
കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here