രാജേഷ് തില്ലങ്കേരി

കേരളത്തിലെ പ്രധാന രാഷ്ട്രീയ തിരമാലയായി ഇ എം സി സി എന്ന അമേരിക്കൻ കമ്പനി മാറുമെന്ന് ആരും ഓർത്തിരുന്നില്ല. അപ്രതീക്ഷിതമായി കയ്യിൽ കിട്ടിയ വമ്പൻ സ്രാവായി ഇ എം എസി സി എന്ന അമേരിക്കൻ കമ്പനി. കമ്പനിയെ സുന്ദര, മോഹന വാഗ്ദാനങ്ങൾ നൽകി കേരളത്തിലെത്തിച്ചു. കോടികളുടെ പദ്ധതിയിൽ ഒപ്പും വെപ്പിച്ചു. ആഴക്കടലിൽ മീൻപിടിക്കാൻ അമേരിക്കൻ കമ്പനി വരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല വിളിച്ചുപറയുന്നതുവരെ സി പി എമ്മുകാർ പോലും ഈ വിവരം അറിഞ്ഞിരുന്നില്ല. കടൽവിവാദം കത്തിപ്പടർന്നു.

ഏത് കമ്പനി, ആരുടെ കമ്പനി….അമേരിക്കൻ കമ്പനിയോ, എന്നൊക്കെയായിരുന്നു ഫിഷറീസ് മന്ത്രിയുടെ ആദ്യ പ്രതികരണം. മന്ത്രിയുമായി ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് ചർച്ച നടത്തിയെന്നായി ചെന്നിത്തലയുടെ തുടർ ആരോപണം. ആഴക്കടലോ, അതെന്താണെന്നായി  മുഖ്യമന്ത്രിയുടെ ചോദ്യം. അപ്പോ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയോ എന്നായി ചെന്നിത്തലയുടെ മറുചോദ്യം. അങ്ങിനെ ആരും എന്നെ വന്നു കണ്ടതായി ഓർമ്മയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്വർണക്കടത്ത് കേസും സ്വപ്‌നയുടെ നിയമനവുമൊക്കെ വിവാദമായപ്പോഴും മുഖ്യമന്ത്രി പറഞ്ഞത്, അങ്ങെയൊരു സ്ത്രീ എന്നെ വന്നു കണ്ടതായി ഓർമ്മയില്ലെന്നായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌ട്രോംഗ് റൂമിൽ താഴിട്ട് പൂട്ടിയ ഫയൽപോലും ഞാൻ പുറത്തെടുക്കും, കള്ളൻമാരെ പിടിക്കലാണ് എന്റെ ജോലി, അത് ഞാൻ തുടർന്നും ചെയ്യുമെന്നും രമേശ് ജി പ്രഖ്യാപിച്ചിരിക്കയാണ്… ഏത് !!!

ആഴക്കടലിൽ ട്രോളുകൾക്കിടെ രാഹുൽ ഗാന്ധിയുടെ സ്‌കൂബാ ഡൈവിംഗും പിന്നെ മീൻ പിടുത്ത മൃഗയാ വിനോദവും…

എ ഐ സി സി മുൻ പ്രസിഡണ്ടും, വയനാട് എം പിയും സർവ്വോപരി ഹൈക്കമാന്റുമായ രാഹുൽ ഗാന്ധിയുടെ കടൽ രാഷ്ട്രീയമാണ് ദേശീയ മാധ്യമങ്ങളുടെ ഇപ്പോഴത്തെ ചൂടുള്ള ചർച്ച. പ്രതാപൻ എന്ന സഹപ്രവർത്തകനായ പാർലമെന്റ് അംഗത്തിനൊപ്പമാണ് രാഹുൽ ഗാന്ധി കൊല്ലത്തെ കടൽ തീരത്ത് എത്തിയതത്രെ. പാർട്ടി പ്രവർത്തകരൊന്നും അറിഞ്ഞില്ല ഈ യാത്ര. 

 
കടലിൽ മീൻപിടിക്കാനായിപോവുന്ന തൊഴിലാളികൾക്ക് ഒപ്പം രാഹുലും യാത്രയായി. രണ്ടരമണിക്കൂർ നീണ്ട കടൽ യാത്ര. ഇതിനിടയിൽ രാഹുൽ കടലിൽ ചാടിയതാണ് ചർച്ച. മീൻ കിട്ടാതിരുന്നതിനെ തുടർന്ന് കടലിൽ ചാടിയെന്നാണ് പറയപ്പെട്ടിരുന്നത്. രാഹുൽ കടലിൽ ചാടി നീന്തുന്ന വീഡിയോ ആണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ എല്ലാം നേരത്തെ പ്ലാൻ ചെയ്തതുപ്രകാരമാണ് നടന്നതെന്നും, രാഹുൽ അഭിനയിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. 
 
നേരത്തെ പിടിച്ച മീൻ വലയിൽ ഉണ്ടായിരുന്നു വെന്നും, 30,000 രൂപ കൊടുത്ത് മീൻ വാങ്ങി, വഞ്ചിയിൽ സൂക്ഷിച്ച് മീൻ പിടിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് രാഹുലും സംഘവും ചെയ്തതെന്നാണ് രാഷ്ട്രീയ പ്രതിയോഗികളുടെ ആരോപണം. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസിലാക്കുന്നതിന് പകരം വീഡിയോ ഷൂട്ടിനാണ് പ്രധാന്യം നൽകിയെന്നുമായിരുന്നു ആരോപണം. 
 
കോളേജിൽ പഠിച്ചിരുന്ന കാലത്ത് താൻ ഡൈവിംഗ് ഇൻസ്ട്രക്ടർ അറിയുന്നുവെന്നും 17 അടി വരെ ഡൈവ് ചെയ്യുമെന്നും രാഹുൽ പറഞ്ഞെങ്കിലും മൽസ്യത്തൊഴിലാളികൾക്ക് വിശ്വാസമായില്ല.  അവർ രാഹുൽജിക്ക് ചുറ്റും വട്ടമിട്ട് നീന്തി വലയം തീർത്തു. എസ്.പി.ജിക്കാരില്ലാതെ ആദ്യമായിട്ടായിരിക്കും രാഹുൽ ഗാന്ധി കടലിൽ ചാടി രസിക്കുന്നത്. 
 
കടലിൽ തങ്ങൾക്കൊപ്പം വിഡിയോ എടുക്കാൻ ചിലർ ഉണ്ടാകുമെന്നല്ലാതെ അതിൽ ഒരു വി.ഐ. പി യുണ്ടാകുമെന്ന് മീൻ പിടുത്തക്കാർ സ്വപ്നേപി വിചാരിച്ചുകാണില്ല. ടി.എൻ. പ്രതാപൻ എംപിക്കൊപ്പം ഹാർബറിൽ വന്നിട്ടിറങ്ങിയപ്പോൾ മാത്രമാണ് ബോട്ടുടമകളും വിവരം അറിയുന്നത്. വ്യത്യസ്തമായ ഫിഷിംഗ് വീഡിയോകൾ ചെയ്തു യുട്യൂബ് ചാനലിൽ അപ്പ് ലോഡ് ചെയ്യുന്ന ഒരു പ്രമുഖ യുട്യുബറുമൊപ്പമാണ് രാഹുൽ ഫിഷിംഗ് ബോട്ടിൽ യാത്രചെയ്തത്.എന്തായാലും ആ യൂട്യൂബർക്ക് ഒരൊറ്റ വീഡിയോയിലൂടെ വലിയ ഹിറ്റാണ് ലഭിച്ചിരിക്കുന്നത്.
 
എന്താലായും നാട്ടിലിറങ്ങിയാൽ നാടൻ ചായക്കടയിൽ ചാടിക്കയറുന്നതുപോലെയല്ലേ നമ്മുടെ രാഹുൽ അണ്ണൻ കടലിൽ ചാടുന്നതും മീൻ പിടിക്കുന്നതുമെന്നൊക്കെ നടത്തിയത്. ഈ തെരെഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു പണി രാഹുൽജി കാട്ടിക്കൂട്ടുമെന്ന് എതിരാളികൾ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. കഴിഞ്ഞ ദിവസം തമിഴ്‌ നാട്ടിലെ ചില നാടൻ പാചക വിദഗ്ദ്ധർ പുറത്ത് അടുപ്പകൂട്ടി പാചകം ചെയ്യുന്ന  യുട്യൂബ് ഷോയിൽ അപ്രതീക്ഷിതമായി എത്തി അവർക്കൊപ്പം നിലത്തിരുന്ന് വെജിറ്റബിളിൽ ബിരിയാണി കഴിച്ചതും ദോഷൈകദൃക്കുകളെ ചൊടിപ്പിച്ചിരുന്നു.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ കർമ്മവും, കെ.എം മാണിയെന്ന സ്മരണയും

സ്പീക്കർ നിഷ്പക്ഷനായിരിക്കണം, ഒപ്പം എല്ലാവരോടും സമഭാവനയോടെ പെരുമാറുകയും വേണം.
മുൻ നിയമസഭാ അംഗവും, ഏറ്റവും കൂടുതൽ കാലം നിയമസഭാ അംഗവും, മന്ത്രിയുമൊക്കെയായിരുന്ന കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിക്ക് ഒരു പ്രതിമ പണിയാൻ പിണറായി മന്ത്രി സഭ പണം അനുവദിച്ചിരുന്നു. മറ്റ് സർക്കാർ പദ്ധതിപോലെയൊന്നും ആയിരുന്നില്ല ബഹുമാനപ്പെട്ട മാണിസാറിന്റെ പ്രതിമാ നിർമ്മാണം. വളെ വേഗതയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രതിമ അനാച്ഛാദനം ചെയ്യാൻ എന്തുകൊണ്ടും പ്രാപ്തൻ സ്പീക്കർ ശ്രീരാമ കൃഷ്ണൻ തന്നെയായിരുന്നു.


മാണി സാറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ അപ്പനെ സാറെന്നു വിളിച്ച ജോസ് കെ മാണിയെ വേദിയിലിരുത്തിയാണ് സ്പീക്കർ ഇതെല്ലാം പറഞ്ഞത്. പാലാക്കാരുടെ ഞരമ്പുകളിലൂടെ ഓടുന്നത് രക്തം മാത്രമല്ലെന്നും, മാണിസാറും ഉണ്ടെന്നാണ് കുഞ്ഞുമാണിയുടെ കണ്ടെത്തെൽ.  പാലായിൽ സർ വംശം സ്ഥാപിച്ചാണ് കെ എം മാണി ഞരമ്പുകളിലേക്ക് കയറിക്കൂടിയത്. അതുകൊണ്ടാണ് അപ്പനെ കുഞ്ഞുമാണി മാണിസാറെന്നു വിളിക്കുന്നതത്രെ…

പാലാക്കാരുടെ വികാരമാണ് കെ എം മാണി. പാലായിൽ മാണിയുടെ പ്രതിമ ഉയരുന്നതിൽ പാലാക്കാരെപോലെ തന്നെ അഭിമാനിക്കുന്ന വ്യക്തിയാണ് ശ്രീരാമകൃഷ്ണൻ. കാരണം സ്പീക്കറായി ചുമതലയേറ്റ് അന്നുമുതൽ ശ്രീരാമകൃഷ്ണന്റെ ആത്മീയ ഗുരു കെ എം മാണിയായിരുന്നു. ഇത് മറ്റാരും പറഞ്ഞതല്ല, സ്പീക്കർ തന്നെ വെളിപ്പെടുത്തിയതാണ്.

സ്പീക്കറായി ചുമതലയേറ്റ അന്ന് എല്ലാ നിയമസഭയിൽ നിലവിലുള്ളവരും, പരലോകവാസം വെടിഞ്ഞതുമായ എല്ലാ കളരിപര ദൈവങ്ങളേയും മനസിൽ ധ്യാനിച്ചപ്പോൾ അവരിൽ എല്ലാവരെയും  ഏറ്റവും വ്യക്തമായി ഓർത്തപ്പോൾ, അവരിൽ ഞാൻ എന്നും ഓർമ്മിച്ചിരുന്നത് കെ എം മാണിയുടെ മുഖമായിരുന്നു വെന്നാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞത്. മാണിസാറിനോട് എന്നും എന്തെന്നില്ലാത്ത സ്‌നേഹവും ഉണ്ടായിരുന്നു. സാന്നിധ്യവും സാധനയായിരുന്നു എന്ന് എനിക്ക് തോന്നിയത്. കെ എം മാണിയിൽ നിന്നും എന്താണ് പഠിച്ചതെന്ന് ചോദിച്ചാൽ ശ്രീരാമകൃഷ്ണന് വ്യക്തമായ ഉത്തരവുമുണ്ട്.  വിനയമാണ് ഞാൻ കെ എം മാണിയിൽ നിന്നും ഒന്നാമതായി പഠിച്ചത്. മറ്റൊന്ന് സഹിഷ്ണുതയാണ്. രാഷ്ട്രീയനേതാക്കൾ വിമർശനങ്ങൾക്ക് വിധേയരാവും, ഇത്തരം സാഹചര്യത്തിൽ മാണി സാർ കാണിച്ച സഹിഷ്ണുത എന്നെ ഏറെ ആകർഷിച്ചു. വിമർശിക്കുന്നവരെ ഒരിക്കലും കെ എം മാണി വെറുത്തിരുന്നില്ലെന്നും ശ്രീരാമകൃഷ്ണൻ ഓർക്കുന്നു.

എന്നാൽ അഞ്ചുവർഷം മുൻപ്  മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും, സ്പീക്കറുടെ ഡയസിൽ കയറി അക്രമം നടത്തിയതും, താൻ പിന്നീട് ഇരിക്കേണ്ടിവന്ന കസേര എടുത്ത് എറിഞ്ഞുടച്ചകാര്യവുമൊക്കെ എന്തുകൊണ്ടോ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഓർത്തില്ല.  മാണിയുടെ പ്രതിമ അനാച്ഛാദന സമയത്തും ഓർത്തില്ല… ഓർമ്മക്കുറവാണേ…യ്….ഓർമ്മക്കുറവും ഒരു ഗുണമാണെന്ന് പിന്നീട് നമുക്ക് ഓർക്കാം.

അങ്കത്തിന് എല്ലാവരും തയ്യാർ, വെയിറ്റ് ആന്റ് സീ… ഭരണം പിടിക്കുമെന്ന് മുല്ലപ്പള്ളി….

 തെരഞ്ഞെടുപ്പിന് പാർട്ടി സഞ്ജമാണെന്ന് യാതൊരു അർത്ഥശങ്കയ്ക്കും ഇടയില്ലാതെ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചിരിക്കയാണ്. സീറ്റുവിഭജനചർച്ചകൾ ഏതാണ്ട് തീരാറായി, എന്നും സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഉടൻ പൂർത്തിയാക്കുമെന്നും മുല്ലപ്പള്ളി പറയുന്നു.  അപ്പോ ഭരണം പിടിക്കുമോ എന്ന ചോദ്യത്തിന് ‘ വെയിറ്റ് ആന്റ് സീ…’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഭരണം പിടിക്കുമെന്നു മാത്രമല്ല, വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം.


കടൽവിൽപ്പന്ന കയ്യോടെ പിടിക്കപ്പെട്ടതോടെയുള്ള വെപ്രാളമാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നതെന്നും, എല്ലാം ഓൺലൈനിലൂടെ നിർവ്വഹിക്കുന്ന മുഖ്യമന്ത്രിക്ക് രാഹുൽജി കടലിൽ മൽത്സ്യതൊഴിലാളികളുടെ പ്രശ്‌നം പഠിക്കാനായി പോയതിനെ അവഹേളിക്കുന്നത് കുറ്റബോധം കൊണ്ടായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികളെ പിന്നീട് ചതിക്കുകയായിരുന്നു സർക്കാരെന്നും മുല്ലപ്പള്ളി ആരോപിക്കുകയാണ്.
എന്നാൽ ഭരണ തുടർച്ചയെന്ന ലക്ഷ്യത്തിലേക്ക് ഏറെ അടുത്തിരിക്കയാണെന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ നേരത്തെ എൽ ഡി എഫ് സജ്ജമാണെന്ന് സി പി എം നേതാവ് എം വി ഗോവിന്ദനും പ്രഖ്യാപിച്ചിരിക്കയാണ്.

ഇലക്ഷൻ തീയതി പ്രഖ്യാപനവും, ഇടതുമുന്നണിയുടെ ജാഥകളുടെ സമാപനവും ഒരേ ദിവസമാണ് നടക്കുന്നത്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളും, സ്ഥാനാർത്ഥി ചർച്ചയും എവിടെയും എത്തിയിട്ടില്ല. നാളെ മുതൽ എല്ലാ മുന്നണികളും കൂടുതൽ സജീവമാവുന്നതോടെ കേരളത്തിൽ രാഷ്ട്രീയ ചൂട് കൂടുതൽ രൂക്ഷമാവും.
എന്നാൽ ജാഥ പകുതിയിലായിരിക്കെയാണ് തെരഞ്ഞെടുപ്പ് തീയതി വരുന്നത്. ഇതാണ് ബി ജെ പി യെ ഏറെ കുഴയ്ക്കുന്നത്.

സർക്കാർ ഒളിച്ചുകളിച്ചു, മരടിലെ മുൻപഞ്ചായത്ത്  പ്രസിഡന്റിനേ ചോദ്യം ചെയ്യാനായി ഇഡി എത്തി

അനധികൃത നിർമ്മാണത്തിന്റെ പേരിൽ എറണാകുളം മരടിൽ പൊളിച്ചുമാറ്റിയത് അഞ്ച് ഫ്‌ളാറ്റ് സമുച്ഛയങ്ങളായിരുന്നു. 450 പേരാണ് അന്ന് പെരുവഴിയിലായത്. പണം കൊടുത്ത് വാങ്ങിയ പാർപ്പിടം തകർന്നുവീഴുന്നത് ഹൃദയവേദനയോടെയാണ് അവർ കണ്ടുനിന്നത്.
ലോകം മുഴുവൻ ശ്വാസമടക്കിക്കൊണ്ടാണ് ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകർന്നു വീഴുന്ന കാഴ്ച കണ്ടുനിന്നത്. ഫ്‌ളാറ്റ് പൊളിക്കേണ്ടിവരില്ലെന്നായിരുന്നു ഭരണ പാർട്ടിയായ സി പി എമ്മിന്റെ  അവസാനഘട്ടം വരെയുള്ള പ്രതികരണം.


എന്നാൽ സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടിവന്നു. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റി. നഷ്ടപരിഹാരം ഭാഗികമായി ലഭിച്ചു. എന്നാൽ ഇതിനെല്ലാം കാരണക്കാരനായത് ആരാണെന്ന ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി പറഞ്ഞില്ല. അതിന് കാരണവുമുണ്ടായിരുന്നു. സി ആർ സെഡ് നിയമവ്യവസ്ഥ പാലിക്കാതെ, അന്ന് ഫ്‌ളാറ്റ് നിർമ്മിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകിയത് സി പി എം നേതാവും അന്നത്തെ മടര് പഞ്ചായത്ത് പ്രസിഡന്റുമായ ദേവസിയായിരുന്നു. ദേവസി ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് അനുമതി പത്രം നൽകിയതെന്ന് അന്നത്തെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മൊഴി നൽകിയിരുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന്റെ അനുമതി വേണം. ഒരു വർഷമായി അനുമതി നൽകാതെ സർക്കാർ ഒളിച്ചു കളിക്കുകയായിരുന്നു. അഴിമതിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഇടതു സർക്കാർ മരടിൽ നടന്ന അഴിമതിയിൽ മൗനം പാലിച്ചു. കെട്ടിട നിർമ്മാതാക്കളും പഞ്ചായത്ത്  ജീവനക്കാരും അറസ്റ്റിലായി, ജയിലിലും കിടന്നു. എന്നാൽ ഇതിനെല്ലാം കാരണഭൂതനായ സി പി എം നേതാവിനെ ആരും തൊട്ടില്ല. ഈ അവസരത്തിലാണ് എൻഫോഴ്‌സ് മെന്റിന്റെ നീക്കം. ദേവസിയെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനുള്ള ഒരുക്കത്തിലുമാണ് ഇ ഡി. സി പി എം നേതാക്കളാരും ഈ ചോദ്യം ചെയ്യൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.


കെ ടി ജലീൽ ശുദ്ധനെന്ന്, കെ ടി ജലീൽ

സ്വർണകേസിൽ ഞാൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതായി മന്ത്രി കെ ടി ജലീൽ.
ഒരു തരി പൊന്നുപോലുമില്ലാത്ത എന്റെ വീടിൽ പൊന്നുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അരിച്ചു നോക്കിയില്ലേ, അനധികൃതമായി ഒരു രൂപ പോലുമില്ലാത്ത എന്റെ ബേങ്ക് അക്കൗണ്ടുകൾ എല്ലാം പരിശോധിച്ചില്ലേ, എന്തെങ്കിലും കണ്ടെത്തിയോ. എന്റെ ഭാര്യയും മകളും ഒക്കെയയായി സ്ത്രീകളുള്ള ഒരു വീട്ടിൽ സ്വർണം ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

എന്നാൽ അതാണ് സത്യം. ഭാര്യയുടെ കാതിൽ കിടക്കുന്ന ആഭരണം ചെമ്പാണ് എന്ന സത്യം ഞാനിതാ വെളിപ്പെടുത്തുകയാണ്…. ഒരു രൂപയുടെ അനധികൃത ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും മന്ത്രി ജലീൽ ആണയിടുകയാണ്. സ്വർണവും, പണവും അലർജിയായ  ഈ പാവം ജലീലിനെയാണല്ലോ പടച്ചോടനേ, യൂത്തു ലീഗുകാരും കോൺഗ്രസുകാരും സ്വർണക്കടത്തുകാരനായി മുദ്രകുത്തിയത്. ഖുറാനിലൂടെ സ്വർണം കടത്തിയെന്നൊക്കെ അധിക്ഷേപിച്ചത്….
അധികാരവും രാഷ്ട്രീയവും ഉപേക്ഷിച്ച് വീണ്ടും കോളജ് അധ്യാപകന്റെ റോളിലേക്ക് മാറാനുള്ള താല്പര്യം നേരത്തെ പ്രഖ്യാപിച്ച കെ ടി ജലീൽ വീണ്ടും തെരഞ്ഞെടുപ്പിൽ മൽസരിക്കുമോ എന്നാണ് ഇനി നാട്ടുകാർക്ക് അറിയേണ്ടത്.

വാൽക്കഷണം:
 
ഖുറാന്റെയും, ഈത്തപ്പഴത്തിന്റെയും പേരിൽ കെ ടി ജലീലിനെ ഇത്രയേറെ ക്രൂശിച്ച ഈ ഈഡിയും, കസ്റ്റംസും, എൻ ഐ യും ഒക്കെ നശിച്ചു പോവുകയേ ഉള്ളൂ…..പടച്ചോനാണേ സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here