കണ്ണൂർ: ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചതാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരൻ എം.പി. സ്​ഥാനാർഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും പ്രതിസന്ധികളിൽ സന്ദർഭോചിത നിലപാടെടുക്കാൻ നേതൃത്വത്തിന്​ സാധിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക്​ പകരം സംസ്​ഥാന നേതൃത്വം ഗ്രൂപ്പ്​ താൽപ്പര്യം കാണിച്ചു. പ്രശ്നങ്ങളുടെ പൂർണ ഉത്തരവാദിത്വം സംസ്​ഥാന നേതൃത്വത്തിനാണ്​. നേതാക്കന്മാർക്ക്​ തുടർച്ചയായി തെറ്റുപറ്റുകയാണ്​. ഗ്രൂപ്പ്​ നേതാക്കൾ പാർട്ടി സ്​പിരി​റ്റിലേക്ക്​ മടങ്ങിവരണം. സ്​ഥാനാർഥി നിർണ്ണയം വൈകിയതിന്‍റെ ഉത്തരവാദിത്വം സംസ്​ഥാന നേതൃത്വത്തിനാണ്​.

നേമം ബി.ജെ.പിയുടെ കോട്ടയല്ല. ശക്​തനായ നേതാവ്​ ​വേണമെന്ന ആവശ്യ​ത്തെ തുടർന്നാണ്​ കെ. മുരളീധരൻ നേമത്ത്​ മത്സരിക്കാൻ തയാറായത്​. അതിന്​ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്​ വേണ്ടത്​. പ്രതിസന്ധി തീർക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അത്​ വിജയ സാധ്യതയെ ബാധിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here