രാജേഷ് തില്ലങ്കേരി

ബി ജെ പി ക്ക് ഇതിലും വലിയ എന്തോ വരാനിരുന്നതാണെന്നും, തലശ്ശേരിയും, ഗുരുവായൂരും കൊണ്ട് പ്രശ്‌നപരിഹാരമായെന്നുമാണ് ദോഷൈകതൃക്കുകൾ പ്രരിപ്പിക്കുന്നത്. അത്രയേറെ ദോഷമായിരുന്നുവത്രേ ബി ജെ പിക്ക്.

ദോഷത്തിന് പ്രധാനകാരണം സി പി എമ്മുമായി ബി ജെ പി എന്തോ അവിഹിത ബന്ധമുണ്ടാക്കിയതാണത്രേ, ബന്ധശത്രുവിനെ രക്ഷിച്ചെടുക്കാൻ രഹസ്യയ ധാരണയുണ്ടാക്കിയത്രെ…ഈശ്വാരാ അതൊന്നും സത്യമാവരുതേ…
എന്നാൽ പ്രാർത്ഥനകളൊന്നും ഫലിക്കാതെ വരികയാണ്.


സി പി എമ്മുമായി രഹസ്യധാരണകൾ ഉണ്ടാക്കിയതായും,  കോന്നിയിലും മഞ്ചേശ്വരത്തും പരസ്പര സഹകരണങ്ങൾ നടക്കുമെന്നും പറഞ്ഞത് മറ്റാരുമല്ല, ആർ എസ് എസ് നേതാവായ ബാലശങ്കറായിരുന്നു. ബാലശങ്കറെ അറിയില്ലെന്നും, നമ്മുടെ ആർ എസ് എസ് നേതാവ് ഇങ്ങനെയല്ലെന്നും ഗോപാലൻകുട്ടി മാസ്റ്റർവരെ പറഞ്ഞുകളഞ്ഞു.
ആർ എസ് എസ് വാരികയുടെ പത്രാധിപരായിരുന്ന ബാലശങ്കറെ അറിയില്ലെന്നുപറയാൻ തോന്നിയ ആ ചങ്കൂറ്റമുണ്ടല്ലോ അതാണ് ചങ്കൂറ്റം.

എന്തായാലും ബാലശങ്കർ തൊടുത്തുവിട്ട ആരോപണത്തിന്റെ അലയൊലികൾ വലിയ തിരമാലകളായി, ആ തിരമാലകൾ തലശ്ശേരിയിലും ഗുരുവായൂരിലും ആഞ്ഞടിക്കുകയാണ്.

ബാലശങ്കർ അപ്പോഴേ പറഞ്ഞല്ലോ എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ സി പി എം പറയുന്നത് ഇത് പഴയ കോ-ലീ-ബി സഖ്യത്തിന്റെ ഭാഗമെന്നാണ്. തലശ്ശേരിയിൽ ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ലാതായാൽ അതിന്റെ ക്ഷീണം യഥാർത്ഥത്തിൽ ബി ജെ പിക്കല്ല, അത് എ എൻ ഷംസീറിനാണ്. കെ പി അരവിന്ദാക്ഷൻ എന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ബി ജെ പി വോട്ട് ചെയ്താൽ യു ഡി എഫ് സ്ഥാനാർത്ഥി ജയിക്കും. ഈ സാധ്യതയാലോചിച്ചാണ്
ഷംസീർ സഖാവിന്റെ വേവലാതികൾ.
 
തലശേരി സി പി എമ്മിന്റെ മാത്രം തട്ടകമല്ല. ബി ജെ പിക്ക് നല്ല വേരോട്ടമുള്ള മണ്ണാണ്. നിരവധി കൊലപാതങ്ങൾ അരങ്ങേറിയ തലശ്ശേരിയിൽ സി പി എമ്മിനെതിരെ ശക്തമായ പോരാട്ടമാണ് ബി ജെ പിയിൽ നിന്നും അണികൾ പ്രതീക്ഷിച്ചിരുന്നത്. ആ അണികളെയാണ് നേതൃത്വം നിരാശരാക്കിയത്. വോട്ട് കച്ചവടമാണോ, അതോ വച്ചുമാറലാണോ എന്നൊക്കെ ഇനിയുള്ള ദിവസങ്ങളിൽ കാണാനിരിക്കുന്നതേയുള്ളൂ.
എന്തായാലും ബി ജെ പി വല്ലാത്തൊരു പെടലാണ് പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തലശ്ശേരിയിൽ നിന്നും തുടങ്ങാനായിരുന്നു കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയിട്ടിരുന്നത്. തുടക്കം തന്നെ പാളിയതോടെ ബി ജെ പി ആകെ നടുക്കത്തിലാണ്. തുടക്കം പിഴച്ചാൽ എല്ലാം പിഴക്കുമല്ലോ. വലിയ വിശ്വാസികളാണേ, ഉന്നതന്റെ കാൽകഴുകി ഭയഭക്തിയോടെ സ്വീകരിച്ചാനയിക്കുന്ന നാട്ടിൽ അധിവസിക്കുന്ന ബി ജെ പിക്കാർ….

പാവമീ കൃഷ്ണമൃഗത്തെ ……

പി ജെ കുര്യൻ ആരാണെന്നാണ് ധരിച്ചിരിക്കുന്നത്… കോൺഗ്രസിന് തുടർഭരണം ഉണ്ടായിരുന്നുവെങ്കിൽ ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ പോസ്റ്റുകളിൽ ജീവിക്കേണ്ട ഒരു ഉന്നതനായ മനുഷ്യൻ…. ഇതാ ഇവിടെ ചുമ്മാതിരിക്കുന്നു, എന്താണ് കാരണം. നോ കോംപ്രമൈസ്….
എന്നു പറഞ്ഞാൽ….?

പി ജെ കുര്യനെ ഉപരാഷ്ട്രപതിയാക്കാമന്ന് പറഞ്ഞുവത്രേ…. ആരത് എന്നല്ലേ, കേന്ദ്രമന്ത്രി സാക്ഷാൽ മുംതാസ്  അബ്ബാസ് നഖ്‌വി, രണ്ട് തവണ വന്നുവെന്നു പറയുന്നു….പ്രധാനമന്ത്രി മോദിജിയുടെ പ്രത്യേക ദൂതനായാണ് നഖ്‌വി ജി എത്തിയതത്രേ….
തൃജിക്കുകയെന്ന ഗാന്ധിജിയുടെ സന്ദേശം അപ്പാടെ ജീവിതത്തിൽ ഉൾക്കൊണ്ട തികഞ്ഞ സോഷ്യലിസ്റ്റാണ് പി ജെ കുര്യൻ സാർ…അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ പൗരനാവാനുള്ള ക്ഷണം വളരെ കൂളായങ്ങ് നിരസിച്ചു.

ഞെട്ടിയോ, ങേ, ഞെട്ടിയില്ലേ, അതെന്താ…
ഇത്രയും വലിയൊരു ത്യാഗം അനുഷ്ഠിച്ച് വളരെ കൂളായി നിൽക്കുന്ന പി ജെ കുര്യൻ സാറിന്റെ ആ വലിയമനസ് ആരും കാണാതെ പോവുന്നത്. അദ്ദേഹം ബി ജെ പിയിൽ ചേരുമെന്ന് ഇനി പറയരുത് ഇതാണ്  ഉപദേശം….
വെറുതെ പറയുകയല്ലാ…
ഇതൊന്നും കണ്ട് വെറുതെ മനസ് ചഞ്ചലിതരാവരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് വലിയൊരു ഉപദേശവുണ്ട്….


മാധ്യമങ്ങൾ കുഴലൂത്ത് നടത്തുന്നൂവെന്ന് ചെന്നിത്തല


ചെന്നിത്തലയുടെ മനോവിഷമം ആർക്കും അറിയില്ല. ഒരു വർഷത്തിനിടയിൽ എൽ ഡി എഫ് സർക്കാരിന്റെ എന്തെല്ലാം കൊള്ളരുതായ്മകളാണ് ചെന്നിത്തല സാർ പുറത്തു കൊണ്ടുവന്നത്. പ്രിഗ്‌ളർ, പ്രൈസ് വാട്ടർകൂപ്പർ, ലൈഫ് ഭവന പദ്ധതി, എന്തിനേറെ അവസാനമായി ആഴക്കടൽ മത്സ്യബന്ധന കരാർ…. ഇടതു സർക്കാരിന്റെ പലവിധ അഴിമതികൾ അക്കമിട്ട് നിരത്തിയില്ലേ…

എന്നിട്ടും പത്രങ്ങളും ചാനലുകളും എല്ലാം ചേർന്ന് രമേശ് ജിയെ ചവിട്ടിതേയ്ക്കുകയാണ്. പിണറായി വിജയൻ സർക്കാരിന് തുടർഭരണം എന്നാണ് എല്ലാംവരും പ്രവചിക്കുന്നത്. മാത്രവുമല്ല, രമേശ് ജിയെ ആരും മുഖ്യമന്ത്രിയായി കാണുന്നില്ലത്രേ. ചിത്രത്തിലില്ലാത്ത ശശി തരൂരിനെ പോലും ആളുകൾ മുഖ്യമന്ത്രിയായി കാണുമ്പോൾ വെള്ളംകോരുകയും വിറകുവെട്ടുകയും ചെയ്യുന്ന രമേശ് ജിയെ ആരും കണ്ടില്ലെന്ന്…
ഇതെന്തായാലും നല്ലരീതിയല്ലെന്ന് രമേശ് ജിക്ക് മാത്രമല്ല, നാട്ടുകാർക്കെല്ലാമറിയാം.
 ഈ മാധ്യമങ്ങളൊക്കെ ഇടത് ഭരണം വരുമെന്ന് വെറുതെ പറയുന്നതാണ്. കോടികളുടെ പരസ്യം കിട്ടിയാൽ എന്തും പറയുന്ന സംഘമായി മാധ്യമ പ്രവർത്തകർ മാറിയെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
മാധ്യമങ്ങൾ കുഴലൂത്ത് നടത്തുകയാണ് എന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം, മാധ്യമങ്ങൾ എല്ലാവരും പ്രവചിക്കുന്നത് ഇടതുപക്ഷത്തിന് തുടർഭരണം… ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറയുന്നു.

മാധ്യമങ്ങൾ വിചാരിച്ചാലൊന്നും തന്നെ ഇല്ലാതാക്കാനാവില്ലെന്നും, ജനങ്ങളാണ് തന്റെ കരുത്തെന്നും പ്രഖ്യാപിച്ചിരിക്കയാണ് രമേശ് ജി…. ജനകീയ കോടതിയിൽ കാണാമെന്നും പത്രക്കാരെ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചിരിക്കയാണ്.

 ഗുജറാത്തിലടക്കം പരസ്യം കൊടുത്ത കേരള സർക്കാർ 200 കോടി രൂപയാണ് പരസ്യത്തിനായി പൊടിച്ചതെന്നാണ് ആരോപണം.
കോവിഡ് കാലത്ത് കേരളജനതയ്ക്ക് കിറ്റു കൊടുത്തതുപോലെയാണ് മാധ്യമങ്ങൾക്ക് പരസ്യം കൊടുത്തതും. ഉണ്ട ചോറിന് നന്ദി കാണിക്കുകയാണ് പത്രങ്ങൾ ….


എലത്തൂരിൽ മാറ്റമില്ല, രാഘവാ…. മയൂരിതന്നെ മത്സരിക്കും


യു ഡി എഫ് നമുക്ക് നല്കിയ സീറ്റാണ് എലത്തൂരെന്നാണ് മാണി സി കാപ്പന്റെ അഭിപ്രായം. എം കെ രാഘവൻ എം പി പറയുന്നു കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാർത്ഥി നിർണയമെന്ന്. എന്നാൽ യു ഡി എഫ് കൺവീനർ ഹസ്സൻ ജി പറയുന്നു, എല്ലാ എം പി മാരോടും ചോദിച്ച് സ്ഥാനാർത്ഥി നിർണയം പതിവില്ല. പാർട്ടി തീരുമാനിക്കും, അത് എം പിമാർ അംഗീകരിക്കുകയാണ് രീതിയെന്ന്.

എന്തായാലും പരസ്യമായി എതിർത്ത് രംഗത്തെത്തിയ എം കെ രാഘവനോടുള്ള നീരസവും ഹസ്സൻജി പ്രകടിപ്പിച്ചിരിക്കയാണ്. എലത്തൂരിലെ പാർട്ടിക്കാരെ കൂടെ നിർത്തേണ്ട ചുമതല രാഘവനുണ്ട്. അത് അദ്ദേഹം കൃത്യമായി നിർവ്വഹിച്ചു. ബാക്കിയെല്ലാം പിന്നീടല്ലേ…
എന്തായാലും എലത്തൂരിൽ സ്ഥാനാർത്ഥി മാറില്ലെന്നാണ് ഹസ്സൻ ജി പറയുന്നത്. എൻ സി കെ സ്ഥാനാർത്ഥിയായ സുൽഫിക്കർ മയൂരി ചോദിക്കുന്നു എന്നോടെന്തിനീ പിണക്കം… ഞാൻ വരത്തനായതോ…അങ്ങിനെയെങ്കിൽ വർഷങ്ങൾക് മുൻപ് എം കെ രാഘവനും വരത്തനായിരുന്നല്ലോ…. എന്ന്… മയൂരീ സന്ദേശം ആരെങ്കിലും മുഖവിലയ്‌ക്കെടുക്കുമോ….
മഞ്ഞുരുകുമോ, അതോ കൂടുതൽ സങ്കീർണമാവുമോ എന്ന് ഉടൻ അറിയാം.


അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്ന് ഗണേഷ് കുമാർ

അഴിമതിക്കാരെ സംരക്ഷിക്കുന്നയാളാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെ ബി ഗണേഷ്‌കുമാർ ആരോപിച്ചിരിക്കുന്നു. ശരിയാണ് അത് കൃത്യമായി പറയാൻ യോഗ്യതയുള്ളത് ഗണേഷ് കുമാറിന് തന്നെയാണ്.

ഇടമലയാർ അഴിമതികേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വേളയിൽ ആർ ബാലകൃഷ്ണ പിള്ളയെ ജയിൽ നിന്നും പുറത്തിറക്കാൻ പുതിയ നിയമമുണ്ടാക്കിയ മുഖ്യനായിരുന്നു ഉമ്മൻ ചാണ്ടി. അജ്ഞാത രോഗം ബാധിച്ചെന്ന് റിപ്പോർട്ടുണ്ടാക്കി ബാലകൃഷ്ണ പിള്ളയെ 170 ദിവസം ജയിലിൽ നിന്നും മാറ്റി ആശുപത്രിയിൽ പാർപ്പിച്ചതും കേരളീയർ ഓർക്കുന്നുണ്ട്. ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ സത്യമാണ്. അഴിമതിക്കാരെ ഉമ്മൻ ചാണ്ടി സംരക്ഷിക്കും, സംരക്ഷിച്ചിട്ടുണ്ട്.


ആരാണീ കടകംപള്ളി, അദ്ദേഹം എന്താ പറഞ്ഞത്….

കടകംപള്ളി പണ്ടേ ഒരു ഈശ്വര ഭക്തനാണ്. പാർട്ടിക്കും അതറിയാം, അതുകൊണ്ടാണല്ലോ കടകംപള്ളിയെ ദേവസ്വം വകുപ്പ് ഏൽപ്പിച്ചത്. ഗുരുവായൂരിൽ ഭക്തിപരവശനായി തൊഴുതു നിൽക്കുന്ന മന്ത്രി കടകംപള്ളിയുടെ ഫോട്ടോയും പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജാഗ്രതകുറവായാണ് കടകംപള്ളി ഗുരുവായൂരിൽ തൊഴുതു നിന്നതെന്നാണ് പാർട്ടി കണ്ടെത്തിയത്.

ശബരിമല വിവാദത്തിൽ തെറ്റു പറ്റിയെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം കടകംപള്ളി പറഞ്ഞത്. പാർട്ടിയുടെ നിലപാട് സീതാറാം യെച്ചൂരി പ്രഖ്യാപിച്ചപ്പോഴും സർക്കാർ സ്വീകരിച്ച നയം ശരിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായും കടകംപള്ളിയെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് മന്ത്രി ഇത് പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. പാർട്ടിയുടെ അഭിപ്രായമല്ല കടകംപള്ളി പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഭക്തനായ കടകംപള്ളി മണ്ഡലത്തിലെ വിശ്വാസികളെ കൂടെ നിർത്താൻ നടത്തുന്ന ശ്രമങ്ങളാണെന്നാണ് എതിരാളികളുടെ ആരോപണം.


അപരന്മാരെ കൊണ്ട് വഴിനടക്കാൻ പറ്റാതായി

തെരഞ്ഞെടുപ്പിൽ എതിരാളികളെ വീഴ്ത്താൻ ഏറ്റവും എളുപ്പമാർഗം അപരന്മാരെ ഇറക്കുകയെന്നതാണ്. പലപ്രമുഖരും അപരന്മാരുടെ മുന്നിൽ മുട്ടുകുത്തിയ ചരിത്രവുമുണ്ട്. 2016 ൽ മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സുന്ദര നേടിയത് 467 വോട്ടുകൾ, സുരേന്ദ്രൻ തോറ്റത് 89 വോട്ടിനുമായിരുന്നു. അതേ സുന്ദര ഇത്തവണയും മത്സരിക്കാനെത്തിയതോടെ സുരേന്ദ്രൻ ആശങ്കയിലാണ്.

വടകരയിലെ ആർ എം പി സ്ഥാനാർത്ഥിയായ കെ കെ രമയെ തറപറ്റിക്കാൻ കെ. കെ. രമയെന്ന അപരയെയാണ് രംഗത്തിറക്കിയിരിക്കുന്നത്, രമമാർ വേറെയുമുണ്ട്. മലബാറിലെ മിക്കവാറും മണ്ഡലങ്ങളിൽ അപരവിളയാട്ടമുണ്ടെന്നാണ് വാർത്തകൾ.
പേരും സമാനമായ ചിഹ്നങ്ങളും ഒക്കെ കൊണ്ട് എതിരാളിയെ പരാജയപ്പെടുത്തുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതി കാലം ഏറെ മാറിയിട്ടും മാറുന്നില്ല.


വാൽകഷണം:

പാലാരിവട്ടം പാലം കേസിൽ തന്നെ കുടുക്കിയതാണെന്ന് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ്. സി പി എം നേതാവും കളമശേരി സ്ഥാനാർത്ഥിയുമായ പി രാജീവാണ് അതിനു പിന്നിലെന്ന വെളിപ്പെടുത്തലാണ് കുഞ്ഞ് നടത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മകൻ കുഞ്ഞാണ് രാജീവിന്റെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here