രാജേഷ് തില്ലങ്കേരി

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പാലായിലുണ്ടായ സി പി എം -കേരളാ കോൺഗ്രസ് കയ്യാങ്കളിയും അക്രമവും വലിയ രാഷ്ട്രീയ തിരിച്ചടിക്ക് വഴിയൊരുക്കും.

പാലാ നഗരസഭയിൽ ഭരണകക്ഷിയായ കേരളാ കോൺഗ്രസും, സി പി എമ്മും തമ്മിലുണ്ടായ കയ്യാങ്കളി ജോസ് കെ മാണിയെ വെട്ടിലാക്കിയിരിക്കയാണ്. കേരളാ കോൺഗ്രസ് കൗൺസിലറായ ബൈജുകൊല്ലപറമ്പിലിനും സി പി എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിനുമാണ് മർദ്ദമേറ്റത്. നഗരസഭാ യോഗത്തിൽ ഭരണകക്ഷി അംഗങ്ങളായ സി പി എമ്മും, കേരളാ കോൺഗ്രസും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സംഘർഷത്തിലേക്ക് വഴിതിരിച്ചുവിട്ടത്.
 


കേരളാ കോൺഗ്രസും സി പി എമ്മും ചേർന്നു ഭരിക്കുന്ന നഗരസഭയാണ് പാലാ നഗരസഭ.  
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരളാ കോൺഗ്രസും
സി പി എമ്മും തമ്മിൽ രണ്ടര വർഷം ഭരണം പങ്കിടാനായിരുന്നു ധാരണ. ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് വന്നുവെങ്കിലും പ്രാദേശികമായി വലിയ എതിർപ്പുകൾ ഇരു പാർട്ടിയിലും ഉണ്ടായിരുന്നു.  


സംസ്ഥാന തലത്തിലുണ്ടാക്കിയ രാഷ്ട്രീയ ബന്ധം പ്രാദേശിക തലത്തിൽ അംഗീകരിക്കാതെ വന്നതോടെ പാലായിലെ സി പി എം ജോസ് കെ മാണിക്ക് വേണ്ടി രംഗത്തിറങ്ങുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ടാണ് സി പി എം നേതാക്കളെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നിർത്തിയിരുന്നത്.

ജോസ് കെ മാണിയുടെ മണ്ഡലമായ പാലായിൽ സി പി എം-കേരളാ കോൺഗ്രസ് ഏറ്റുമുട്ടലുണ്ടായത് വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ്  യു ഡി എഫും കരുതുന്നത്. നിലവിൽ എം എൽ എയായ മാണി സി കാപ്പൻ മണ്ഡലത്തിൽ മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത് ജോസ് കെ മാണിക്ക് തിരിച്ചടിയാവുമോ എന്ന ഭയം നിനിൽക്കവെയാണ് ഇടതുമുന്നണിയിൽ തമ്മിലടിയുണ്ടായത്.

മധ്യകേരളത്തിൽ മികച്ച് നേട്ടം കൊയ്യാനായി ഉണ്ടാക്കിയ കേരളാ കോൺഗ്രസ് ബന്ധം സി പി എമ്മിന് വലിയ ബാധ്യതയായി മാറുകയാണെന്നാണ് പാലായിൽ നിന്നുള്ള വാർത്തകൾ.


തെരഞ്ഞെടുപ്പ് രംഗം കൊഴുത്തു; ദേശീയ നേതാക്കളെകൊണ്ട് വഴിനടക്കാൻ പറ്റാതായി….


കേരളത്തിലെ തെരഞ്ഞെടുപ്പ് അവസാന ലാപ്പിൽ എത്തിയതോടെ ദേശീയ നേതാക്കളും, സംസ്ഥാനത്തെ മുതിർന്ന നേതാക്കളും കളത്തിലിറങ്ങിയിരിക്കയാണ്. ഇനി അഞ്ചുദിവസമാണ് മുന്നിലുള്ളത്,  ബി ജെ പിയുടെ സ്ഥാനാർത്ഥികളെ ജയിപ്പിക്കാനായി പ്രധാനമന്ത്രി
നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ  അതിത് ഷാ, രാജ്‌നാഥ് സിംഗ് , പിയൂഷ് ഗോയൽ തുടങ്ങിയവർ കേരളത്തിൽ ഒരു റൗണ്ട് പൂർത്തിയാക്കി. പ്രധാനമന്ത്രി രണ്ടിന് വീണ്ടും എത്തുമെന്നും അറിയിച്ചിട്ടുണ്ട്.


കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കളും കേരളത്തിലെത്തിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയും, പ്രിയങ്കാഗാന്ധിയും, സുർജേവാലയും ഒക്കെ കേരളത്തിൽ പ്രചരണം കൊഴുപ്പിച്ചുകൊണ്ടിരിക്കയാണ്. സി പി എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, വൃന്ദകാരാട്ട് എന്നിവരൊക്കെ കേരളത്തിലുണ്ട്. സിപി ഐയുടെ ആനി രാജയും, എ രാജയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലുണ്ട്.
റോഡ് ഷോയാണ് എല്ലാവർക്കും താല്പര്യം. വലിയ റാലികളിൽ നിന്നും റോഡ് ഷോയിലേക്ക് മാറിയതോടെ റോഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കയാണ്.

 കേരളാ കോൺഗ്രസിനും, മുസ്ലിംലീഗിനും മാത്രമാണ് ദേശീയനേതാക്കളില്ലാത്ത പ്രചാരണം.
കേരളാ കോൺഗ്രസിന്റെ ദേശീയ നോതാവും, സംസ്ഥാനനേതാവും, ഒക്കെ  കോട്ടയത്തും, പാലായിലും, തൊടുപുഴയിലുമൊക്കെ ആയതിനാൽ സമാധാനം.

കേരളത്തിൽ നല്ല ചൂടും, വൈകിട്ട് കാറ്റോടുകൂടിയ മഴയുമാണിപ്പോൾ. ഈ ചൂടിൽ ആരൊക്കെ വാഴും,വീഴും എന്നും, രാഷ്ട്രീയ കാറ്റ് മാറി വീശുമോ എന്നൊക്കെയാണ് ഇനി കാണാനിരിക്കുന്നത്.

ജയരാജൻ സഖാവേ, ഇതു സത്യമാണോ;
പാർട്ടി സെക്രട്ടറിയാവാനുള്ള ചിറ്റപ്പന്റെ തന്ത്രങ്ങളോ…?



മന്ത്രി ഇ പി ജയരാജൻ മഹത്തായ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു, ‘ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന്. ഇത് സത്യമാണോ ….? സത്യമാണ്, സീറ്റ് കിട്ടാത്തതിന്റെ വേദനയുണ്ടോ ആ വാക്കിൽ….ഹേയ്… ഇല്ലേയില്ല…
അനാരോഗ്യമാണ് ഇ പി യെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതത്രേ.
മട്ടന്നൂരിൽ രണ്ടുതവണയും അഴീക്കോട് ഒരു തവണയും മത്സരിച്ച് വിജയിച്ച നേതാവാണ് ഇ പി ജയരാജൻ. രാഷ്ട്രീയഗുരുവായിരുന്ന എം വി രാഘവനെതിരെ അഴീക്കോട് മത്സരിച്ച് തോറ്റ നേതാവാണ് ജയരാജൻ. പാർലമെന്റി വ്യാമോഹം തീരെയില്ലാത്ത ജയരാജന് ഇനി പാർട്ടിയിൽ സജീവമാകണമെന്നാണ് ആഗ്രഹം. എം എൽ എയും മന്ത്രിയുമൊക്കെ ആയകാലത്ത് പാർട്ടിയെ ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.


കോടിയേരി കഴിഞ്ഞാൽ കണ്ണൂർ പാർട്ടിയിലെ സീനിയർ നേതാവാണ് ജയരാജൻ സഖാവ്.

ഇ പി ജയരാജൻ ഒരു ചില്ലറ സഖാവല്ല, പിണറായി വിജയൻ കഴിഞ്ഞാൽ പിന്നെ സി പി എമ്മിന്റെ നേതാവ് ആരാണെന്ന ചോദ്യത്തിന് ഇപ്പോൾ ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അത് അത് ഇ പിയാണ്. എല്ലാം വേണ്ടെന്ന് വച്ച് പാർട്ടിക്കായി ജീവിക്കാൻ തീരുമാനിച്ച ജയരാജന് നൂറുചുവപ്പൻ അഭിവാന്ദ്യങ്ങൾ അർപ്പിക്കേണ്ടതാണ്.

സഖാവ് ഇ പി ജയരാജൻ ആരെന്നറിയാമോ, ഡി വൈ എഫ് ഐയുടെ ആദ്യ ദേശീയ സെക്രട്ടറിയാണ്. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കുറേക്കാലം പ്രവർത്തിച്ചു.
എം വി രാഘവന്റെ ശിഷ്യൻ എന്നായിരുന്നു ജയരാജൻ അറിയപ്പെട്ടിരുന്നത്.
കണ്ണൂരിൽ ഏറെ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ കാലത്ത് ജയരാജനായിരുന്നു പാർട്ടി സെക്രട്ടറി.
മട്ടന്നൂരിൽ നിന്നും ജയരാജൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യഘട്ടത്തിൽ സഖാവ് എന്തൊക്കെ ചെയ്തു എന്നൊന്നും ആരും ചോദിക്കരുത്. സ്പീക്കറുടെ ഇരിപ്പിടം തള്ളിമറിച്ചിടാനേ പറ്റിയുമായിരുന്നുള്ളൂ. … അതിലെന്തെങ്കിലും കൊഴപ്പമുള്ളതായി തോന്നിയില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ….
ഹേയ്… ഒരിക്കലുമില്ല….അതില്ലാത്തോണ്ടല്ലേ, ചിറ്റപ്പാ…താങ്കളെ മന്ത്രിയാക്കിയത്… മന്ത്രിയായിരിക്കെ ഒരു തെറ്റു പറ്റി, കുറച്ചുകാലം ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നെ മന്ത്രിയായി പുനരവതിരിച്ചുവെന്നതും താങ്കളുടെ മഹത്വമല്ലേ. രണ്ടാം റൗണ്ട് കഴിഞ്ഞവരെ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ ഇല്ലാതായി ജയരാജന്റെ ജനാധിപത്യജീവിതം. വീണ്ടും പാർട്ടി അധികാരത്തിൽ വരുമ്പോൾ അത് ആസ്വദിക്കാൻ ഇ പി ക്ക് അവസരമില്ലത്രേ… ആരെയും വേദനിപ്പിക്കുന്നതാണ് ഇതൊക്കെ.  ഇനിയൊരു മത്സരത്തിനില്ലെന്ന് കഠിന ശപഥമെടുത്തിരിക്കയാണ് ഇ പി ജയരാജൻ.

പാർട്ടി സംസ്ഥാന സെക്രട്ടറിയാവാൻ നേരത്തെ കസേര തയ്യാറാക്കിയിരിക്കയാണ് ജയരാജൻ. അവധി റദ്ദാക്കി കോടിയേരി വീണ്ടും വന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം ഇ പിക്ക് സെക്രട്ടറിയാവാം. നിലവിൽ വിജയരാഘവൻ ഇരട്ടപ്പദവിയിലാണല്ലോ. കണ്ണൂരിന് പുറത്തുള്ള ഒരാളെ എന്തായാലും സെക്രട്ടറിയാക്കാൻ പറ്റില്ലല്ലോ….
പിണറായി മഹാനാണെന്നും അതുല്യ പ്രതിഭയാണെന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് പിണറായിയാണെന്ന് അറിയാവുന്ന ജയരാജൻ കാര്യങ്ങൾ എല്ലാം ഓക്കേയാക്കിയിരിക്കയാണ്.

 
ജോയ്‌സ് പിടിച്ചൊരു പുലിവാല്

ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുണ്ടായ മലയോര കൂട്ടായ്മയുടെ പ്രക്ഷോഭസമരത്തിലൂടെ  ഇടത് പാളയത്തിലെത്തിയ നേതാവാണ് ജോയ്‌സ് ജോർജ്. ഒരു ഓളത്തിൽ പെട്ട് ഇടത് സ്ഥാനാർത്ഥിയായി ജയിച്ചുകയറി എം പിയുമായി. പിന്നീട് എം എം മണിയുടെ ഉത്തമ ശിഷ്യനായി ജോയ്‌സ് മാറുന്നതാണ് ഇടുക്കിക്കാർ പിന്നീട് കണ്ടത്.
നിലവിൽ എം പിയൊന്നുമല്ലെങ്കിലും ജോയ്‌സ് ജോർജ് ശക്തമായി എം എം മണിക്കൊപ്പമുണ്ട്.



രാഹുൽ ഗാന്ധിക്കെതിരെ അശ്ലീലം പറഞ്ഞാണ് ജോയ്‌സ് എം എം മണിയെ തോൽപ്പിക്കാൻ ശ്രമിച്ചത്.
രാഹുൽ ഗാന്ധിയെ ശ്രദ്ധിക്കണമെന്നായിരുന്നു ജോയ്‌സ് ജോർജിന്റെ കമന്റ്, വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ആൾ കുഴപ്പക്കാരനാണെന്നും, പെൺകുട്ടികൾ പഠിക്കുന്ന കോളജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ വെന്നായിരുന്നു ജോയ്‌സിന്റെ കമന്റ്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തേരേസാസിൽ പ്രഭാഷണത്തിനായി എത്തിയ രാഹുൽ പെൺകുട്ടികളെ മാർഷൽ ആർട്‌സിനെകുറിച്ചുള്ള ചില സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഇതാണ് ജോയ്‌സിനെ ചൊടിപ്പിച്ചത്. നമുക്കൊന്നും കിട്ടാത്ത സ്വീകാര്യതയാണല്ലോ രാഹുലിന് കിട്ടുന്നതെന്ന മനോവിഷമം ജോയ്‌സ് പറഞ്ഞു.
വിടുവായത്തം പറയാൻ സി പി എം എം  എം മണിയെയും, വിജയരാഘവനെയും ഏൽപ്പിച്ചിട്ടുണ്ടെന്ന കാര്യം ജോയ്‌സ് ജോർജ് മറന്നുപോയി.
പ്രസംഗം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ പിണറായി വിജയൻ ജോയ്‌സിനെ തള്ളിപ്പറഞ്ഞു. പിറകെ തിരുത്തലുമായി ജോയിസും എത്തി. വൃന്ദാ കാരാട്ട് ഇതേ ദിവസം ഇടുക്കിയിൽ എത്തിയതും യാദൃശ്ചികം. സി പി എം പുലിവാല് പിടിച്ചു, സെന്റ് തേരാസാസിലെ പെൺകുട്ടികളും ജോയ്‌സിനെതിരെ പ്രതിഷേധവുമായി എത്തിയതും ഇടതുപക്ഷത്തിന് വലിയ ക്ഷീണമുണ്ടാക്കിയിരിക്കയാണ്. വിവാദ പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തിയെങ്കിലും ജോയ്‌സ് ഉണ്ടാക്കിയ മാലിന്യപുക കേരളത്തിൽ കുറച്ചു ദിവസം തങ്ങിനിൽക്കുകതന്നെ ചെയ്യും.

ആഴക്കടൽ, ആദ്യം കണ്ടുപിടിച്ചത് സി പി ഐയെന്ന് കാനം

ആഴക്കടൽ മത്സ്യബന്ധനകരാർ ആദ്യം കണ്ടെത്തിയത് സി പി ഐയുടെ സർവ്വീസ് സംഘടനയാണെന്നാണ് കാനത്തിന്റെ വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ പുറത്തുകൊണ്ടുവന്നതെന്നായിരുന്നു കേരളീയർ ഇതുവരെ കരുതിയിരുന്നത്. ചെന്നിത്തല- എൻ പ്രശാന്ത് ഐ എ എസുമായി നടത്തിയ ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ പുറത്തുകൊണ്ടുവന്നതെന്നായിരുന്നു സി പി എമ്മിന്റെ ആരോപണം.

 

രമേശ് ചെന്നിത്തല വാർത്താസമ്മേളനം നടത്തി ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പ്രതികരിച്ചു. എന്നാൽ കാനം പറയുന്നു ചെന്നിത്തല പത്രസമ്മേളനം നടത്തുന്നിതിനും ദിവസങ്ങൾക്ക് മുൻപ് ഈ വിഷയം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്ന കാനത്തിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ട് അന്തംവിട്ടിരിക്കയാണ് കോൺഗ്രസുകാർ. ചെന്നിത്തല തന്റെ കേരള രക്ഷായാത്രയ്ക്കിടയിലാണ് ആഴക്കടലിൽ നിന്നും മത്സ്യതൊഴിലാളികളെ രക്ഷിച്ചെടുത്തതെന്നാണ് വാദം. കാനത്തിന്റെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ചെന്നിത്തല ആകെ കൺഫ്യൂഷനിലായി, ങേ, ഈ കാനത്തിന്റെയൊരു കാര്യം.

ഇ ഡി -സർക്കാർ പോരാട്ടം


എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ പുലിവാല് പിടിച്ചിരിക്കയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചുവെന്ന ആരോപണമാണ് ഇഡിയെ വെട്ടിലാക്കിയത്.

വിജിൻസിനെകൊണ്ട് കേസെടുപ്പിക്കാനും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ  ദ്രുതനീക്കങ്ങളാണ് നടത്തിയത്.  ഇഡിയെ ഭയപ്പെടുത്തുക, തെരഞ്ഞെടുപ്പ് വരെ കേസന്വേഷണം ഒന്നും നടക്കരുതെന്നായിരുന്നു സർക്കാരിന്റെ ലക്ഷ്യം. കേസെടുത്ത് ഇഡിയെ തടയുകയെന്ന തന്ത്രമാണ് സർക്കാർ നടത്തിയത്. എന്നാൽ ഈ പോരാട്ടത്തിൽ സർക്കാർ നീക്കം അവസാന ഘട്ടത്തിൽ പാളുമെന്ന് വ്യക്തമായിരിക്കയാണ്.

കോൺഗ്രസിന് മുഖ്യമന്ത്രിയില്ല, ആകെയുള്ളത് ആരോഗ്യവകുപ്പ് മന്ത്രിമാത്രം


മുഖ്യമന്ത്രിയെയും മന്ത്രി മാരെയും മുൻകൂട്ടി പ്രഖ്യാപിച്ചുള്ള തെരഞ്ഞെടുപ്പ് രീതി കോൺഗ്രസിന് ഇല്ലെന്നാണ് ഹൈക്കമാന്റിന്റെ നേരത്തെയുള്ള പ്രതികരണം. എന്നാൽ അതൊക്കെ തിരുവനന്തരപുരം കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് മറന്നു. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഡോ എസ് എസ് ലാൽ ആരോഗ്യമന്ത്രിയായിരിക്കുമെന്നാണ് കെ പി സി സി അധ്യക്ഷൻ പറയുന്നത്. പ്രശസ്ത ആരോഗ്യപ്രവർത്തകനായ ഡോ എസ് എസ് ലാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രഗൽഭനും എസ് എസ് ലാലാണ്. ആരോഗ്യരംഗത്തെ എസ് എസ് ലാലിന്റെ പ്രാഗൽഭ്യം സംസ്ഥാനത്തിന് വലിയ മുതൽ കൂട്ടായി മാറുമെന്നാണ് കോൺഗ്രസ് പറയുന്നത്. എസ് എസ് ലാലിന്റെ സ്ഥാനാർത്ഥിത്വം ഏറെ ഗുണം ചെയ്യുമെന്നതിനാലാവണം, കേരളത്തിൽ അധികാരത്തിൽ വന്നാൽ ആരോഗ്യവകുപ്പ് ഡോ എസ് എസ് ലാലിലെ ഏൽപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

പാർട്ടി ഒന്നാവണമെന്ന് ശശി തരൂർ…..

കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് വിശ്വപൗരൻ. പ്രതിപക്ഷനേതാവ് ചെന്നിത്തലയും, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുമാണ് ഗ്രൂപ്പിന്റെ നേതാക്കൾ എന്നതിനാൽ ഗ്രൂപ്പിസം നിർത്തി കോൺഗ്രസായി ഒരുമിച്ചു നിൽക്കണമെന്നായിരുന്നു ശശി തരൂരിന്റെ ആവശ്യം.
കോൺഗ്രസിലെ ഗ്രൂപ്പിസം കേരളത്തിൽ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് തരൂർ പറയുന്നത്.


ഗ്രൂപ്പടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ പാർട്ടിക്ക് പിന്നെന്തു പ്രസക്തിയെന്നാണ് തരൂർ ചോദിക്കുന്നത്.
രമേശിനും എനിക്കും ഒരേ പ്രായമാണ്, ഉമ്മൻ ചാണ്ടി മൂത്ത സഹോദരന്റെ സ്ഥാനത്തുമാണ്. എന്നാൽ രണ്ടുപേരും രണ്ട് ഗ്രൂപ്പിന്റെ വക്താക്കളാണ്. ഗ്രൂപ്പിന്റെ പേരിലുള്ള പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാണ് രണ്ടുപേരെയും കാത്തിരിക്കുന്നതെന്നായിരുന്നു ശശീ തരൂർ നേതാക്കളോട് പറഞ്ഞുവയ്ക്കുന്നത്.
കോൺഗ്രസിന് അനുകൂലമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. അത് ഗ്രൂപ്പിലത്തിലൂടെ ഇല്ലാതാക്കരുതെന്നാണ് തരൂരിന്റെ അഭ്യർത്ഥന.
ഗ്രൂപ്പിന്റെ പേരിൽ വീതം വച്ച് വീതം വച്ച് ഇല്ലാതാവുന്ന പാർട്ടിയെ രക്ഷിക്കാൻ ഒരു നേതാവിന്റെ ശ്രമമാണിതെന്നു വേണം തരൂരിന്റെ അഭിപ്രായത്തെ കാണേണ്ടത്. കേരള രാഷ്ട്രീയത്തിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തരൂരിന്റെ നീക്കങ്ങളുടെ ആദ്യപടിയാണ് ഗ്രൂപ്പിനെതിരെയുള്ള പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here