കണ്ണൂർ: ബിജെപിയുടെ പിന്തുണ വേണ്ടെന്ന് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഉണ്ടായില്ല. തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല. പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുന്നതെന്നും സിഒടി നസീർ പറഞ്ഞു. തുടർ നടപടി സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ദിവസം മുൻപാണ് മഞ്ചേശ്വരത്ത് നിന്ന് കെ സുരേന്ദ്രൻ സിഒടി നസീറിനെ പിന്തുണക്കാമെന്ന് പറഞ്ഞത്. അവർ ഒരു പ്രശ്നത്തിലായപ്പോൾ തന്നെ കരുവാക്കി ആ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനാണ് ബിജെപി ശ്രമിക്കുന്നത്. വിഷയത്തിൽ ബിജെപി നേതൃത്വത്തിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കിടെയാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. ബിജെപിയുടെ ഉപാധികളില്ലാത്ത പിന്തുണയാണെങ്കിൽ സ്വീകരിക്കുമെന്നായിരുന്നു നസീർ അന്ന് നിലപാട് വ്യക്തമാക്കിയത്. തലശേരിയിൽ എൻ ഹരിദാസായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here