രാജേഷ് തില്ലങ്കേരി


കെ ടി ജലീൽ എന്ന സ്വന്ത്ര മന്ത്രി സാമൂഹ്യമാധ്യമത്തിൽ എഴുതിയ ഉള്ളൂരിന്റെ കവിതാ ശകലമാണ് തലക്കെട്ടിൽ സൂചിപ്പിച്ചത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത ദിവസമാണ് ജലീൽ ഉള്ളൂരിന്റെ കവിത ഓർത്തത്.
ജലീൽ അന്ന് ഒരിക്കലും ആലോചിച്ചുകാണില്ല, ഇത്തരമൊരു വിധിയാണ് താൻ ചോദിച്ചുവാങ്ങുന്നതെന്ന്.
ഒരു കാവൽ മന്ത്രിസഭയിലെ മന്ത്രിയായിരിക്കെ രാജിവച്ചൊഴിയേണ്ടിവരുന്നത് വലിയ നാണക്കേടായി മാറിയിട്ടും, ന്യായവാദങ്ങൾ നിരത്തി ജലീൽ വീണ്ടും രംഗത്തെത്തിയതാണ് ഏറ്റവും രസകരം.


ന്യൂനപക്ഷ കോർപ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാൻ നടത്തിയ ശ്രമമാണ് എളാപ്പയെ ഈ ഗതികേടിലാക്കിയതെന്നാണ് കെ ടി ജലീൽ പറയുന്നത്. സമുദായ നേതാക്കൾ മുടിച്ച ഒരു സർക്കാർ സ്ഥാപനത്തെ രക്ഷപ്പെടുത്താൻ എളാപ്പയ്ക്ക് ഏറ്റവും വിശ്വാസമുണ്ടായിരുന്നത് മൂത്താപ്പാന്റെ മകനെയായിപ്പോയത് തീർത്ഥും അപ്രതീക്ഷിതമായിരുന്നുവത്രേ, വിവരമുള്ളവരെ തേടി നടന്നിട്ടും കിട്ടാതെ വന്നപ്പോഴാണ് മോഹൻലാലിന്റെ പരസ്യവാചകം ഓർമ്മ വന്നത്, വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ…. ജനാബ് ജലീലിന്റെ മനസിൽ ലഡുപൊട്ടി, പടച്ചോനേ… ഈ പുത്തിയെന്തേ നേരത്തേ തോന്നിച്ചില്ലെന്നായി. അപ്പോ തന്നെ സൗത്തിന്ത്യൽ ബാങ്കിൽ നിന്നും മൂത്താപ്പാന്റെ മകനെ രാജിവയ്പ്പിച്ചു. അപ്പോ യോഗ്യതയോ എന്നു ചോദിച്ചപ്പോൾ അതൊക്കെ ഞമ്മൾ നോക്കിക്കോളുന്നും പറഞ്ഞ് നേരെ സീറ്റിലിരുത്തി.


എന്നാൽ വിടുമോ ലീഗു നേതാക്കൾ. യൂത്ത് ലീഗുകാർ ജലീലിനെ പൂട്ടാൻ നടത്തിയ ശ്രമങ്ങൾക്ക് പരിസമാപ്തിയായത് കഴിഞ്ഞയാഴ്ചയായിരുന്നുവെന്ന് മാത്രം.
ലോകായുക്ത ഒരു കാര്യം വ്യക്തമായി പറഞ്ഞു. സ്വജനപക്ഷപാതം കാണിച്ച മന്ത്രി കെ ടി ജലീലിനെ ഉടൻ കഴുത്തിന് പിടിച്ചു പുറത്താക്കണമെന്ന്, ഇത് കേട്ട് നിയമം അറിയാത്ത നിയമമന്ത്രി ജലീൽ എന്തിന് രാജിവെക്കണം, അങ്ങിനെയൊരു കീഴ് വഴക്കം ഇവിടെ ഇല്ലെന്ന മുട്ടുന്യായവുമായി എത്തി.
ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് മുന്നോട്ടു പോകാനായിരുന്നു നീക്കം. എന്നാൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ജലീലിനോട് രാജിവച്ചോളീന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കയ്യൊഴിഞ്ഞു.


എന്നാൽ ജലീൽ എന്ന മന്ത്രിക്ക് ഇതുവരെ നൽകിയ പിന്തുണ, മറ്റാർക്കുമില്ലാത്ത പരിഗണന ഒക്കെയാണ് ഇപ്പോൾ സ്വന്തം പാർട്ടിക്കാർ ചർച്ച ചെയ്യുന്നത്. സ്വജനപക്ഷപാതം കാണിച്ചുവെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് പരസ്യമായി പറയുകയും, തെളിയിക്കാൻ വെല്ലുവിളി നടത്തുകയും ചെയ്ത ജലീൽ ഇനിയെന്ത് പറയുമെന്നാണ് മലയാളികൾ ഒന്നടങ്കം ചോദിക്കുന്നത്. സ്വന്തന്ത്രനായ ഒരു കമ്യൂണിസ്റ്റ് മന്ത്രിയായിരുന്നു കെ ടി ജലീൽ. പാർട്ടികാര്യങ്ങൾ എല്ലാം പറയും, തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ. അതിനാൽ രണ്ട് പ്രാവശ്യം തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന നിയമം സ്വതന്ത്രനായതിനാൽ ബാധകമല്ല. പാർട്ടിയുടെ പിടിയിലല്ല, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സഖാവ് ജലീൽ.

ബന്ധുനിയമനം ആളിക്കത്തിയപ്പോഴും, പി എച്ച് ഡി വിവാദം ഉയർന്നപ്പോഴും, പിന്നീട് മാർക്ക് ദാനം, ഖുറാൻ ഇറക്കുമതി തുടങ്ങി നിരവധി കേസുകൾ ജലീലിനെ വിവാദങ്ങളിൽ കൊണ്ടെത്തിച്ചപ്പോഴും പ്രതിരോധ കോട്ടതീർത്ത് സി പി എം രക്ഷിച്ചു. ഒടുവിൽ ഹൈക്കോടതിയിൽ നിന്നും നല്ല തിരിച്ചടിയാണ് കിട്ടിയത്.


മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്ന ബോംബ് ഇതായിരുന്നോ, തെരഞ്ഞെടുപ്പിന് മുൻപായിരുന്നെങ്കിൽ അത് ബോംബായേനേ, തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബോംബ് പടക്കമായി, പടക്കം പൊട്ടി ജലീലിന്റെ വീരവാദം മൊത്തം കരുകയും ചെയ്തു. സി പി എമ്മിന് ന്യായീകരിക്കാൻ ഇനി മാർഗമൊന്നുമില്ലാതായി എന്നു മാത്രം. നിയമന്ത്രി എ കെ ബാലൻ ഇപ്പോൾ എവിടെയാണോ ആവോ….


പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമത്രേ!

ആരാണ് പൊട്ടൻ എന്നോ, ആരാണ് ചട്ടനെന്നോ പറഞ്ഞില്ലെങ്കിലും യു പ്രതിഭ പറയേണ്ടത് ഇതാ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കായംകുളത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് സിറ്റിംഗ് എം എൽ എ പ്രതിഭ.
 

ആലപ്പുഴയിലെ പാർട്ടിയിൽ ആകെ കുഴപ്പങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് പ്രതിഭയുടെ പ്രതിഭാവിളയാട്ടം.
കായംകുളത്ത് അടിയൊഴുക്കുകൾ നടന്നുവെന്നും, തിരിച്ചടി കിട്ടുമെന്നുമുള്ള പ്രചാരണം ശക്തിപ്രാപിക്കെ പ്രതിഭ സാമൂഹ്യമാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റിട്ടത് സി പി എമ്മിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ഒടുവിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും, ആരാണ് പൊട്ടൻ, ഏത് ചട്ടനെയാണ് പൊട്ടൻ ചതിച്ചതെന്നൊക്കെ പ്രതിഭ മറുപടി പറയേണ്ടിവരും. കായംകുളത്ത് ചതിക്കപ്പെടാതെ ദൈവം പ്രതിഭയെ സംരക്ഷിക്കട്ടേ….

സുധാകര കവിയെ പിന്തുണച്ച് ആലപ്പുഴയിലെ സി പി എം നേതൃത്വം


ജി സുധാകരനെ രക്ഷിച്ചെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി കിട്ടിയതോടെ പരാതിക്കാരിയെ തള്ളി ജില്ലാ കമ്മിറ്റി. സി പി എം ജില്ലാ സെക്രട്ടറി  ആർ നാസറാണ് ജി സുധാകരന് പൂർണമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി സി പി എം സഹയാത്രികയും ജി സുധാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുമായ യുവതിയാണ് പരാതിക്കാരി. പരാതി പിൻവലിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിലപ്പോയില്ല. 
 
 
പാർട്ടി പറഞ്ഞാൽ പരാതിയല്ല, എന്തും പിൻവലിക്കുന്നകാലം കഴിഞ്ഞെന്നാണ് യുവിതിയുടെ പ്രതികരണം. പരാതിയിൽ കേസെടുക്കണമെന്ന നിലപാടിൽ യുവതി നിലകൊണ്ടു. പാർട്ടിയിലെ ക്രിമിനൽ സംഘത്തെകുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ മഹാകവിയെ സംഘം പിടികൂടി. സുധാകരന് എല്ലാം അറിയാം, ആരൊക്കെയാണ് പിന്നിലെന്ന്, അവർക്കെതിരെ നീങ്ങാനുള്ള കെൽപ്പ് ഇപ്പോൾ സുധാകരനില്ല. എല്ലാം നിയന്ത്രിച്ചിരുന്ന സുധാകരന് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലായിരുന്നനു. സുധാകരനെ പിണക്കിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ നന്നായി അറിയാവുന്നവരാണ് ജില്ലാ സെക്രട്ടറിയും മറ്റും സംഘാംഗങ്ങളും.

അതിനാൽ സുധാകരൻ
കവിതമാത്രമല്ല എഴുതുകയെന്ന് എല്ലാവർക്കും നന്നായി അറിയാം. ആലപ്പുഴയിൽ വലിയ രാഷ്ട്രീയ ബോംബ് ഉണ്ടാക്കിക്കൊണ്ടിരിക്കയാണ് ഇരുപക്ഷവും. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ പലയിടങ്ങളിൽ ബോംബുകൾ പൊട്ടും. പലരും ബോംബിൽ ഇല്ലാതാവും.

കുതിച്ചുയരുന്ന കോവിഡും, ആശങ്കയിൽ കേരളവും

കേരളം കോവിഡിൽ കുതിക്കുകയാണ്. കോവിഡ് നിയന്ത്രിക്കുന്നതിന് രാജ്യത്ത് മാതൃകയായിരുന്നു കേരളം. കേരള മോഡൽ എന്നൊക്കെ രാജ്യമാകെ പറഞ്ഞു നടന്നിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കോവിഡിൽ കേരളം കുതിക്കുകയാണ്. എവിടെ ചെന്നെത്തും എന്നൊന്നും അറിയാൽ പാടില്ലാത്ത രീതിയിലാണ് ആശങ്ക.

മരണ സംഖ്യ പിടിച്ചു നിർത്താനായി എന്നാണ് സർക്കാർ ഇപ്പോൾ പറയുന്ന ന്യായം. എന്നാൽ സർക്കാർ അറിവോടെ നടന്ന കോവിഡ് വ്യാപനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടിക്കും പങ്കാളിത്തമുണ്ട്.ഇപ്പോൾ വാക്‌സിനില്ല, ആശുപത്രിയില്ല, വെന്റിലേറ്ററില്ല എന്നൊക്കെ കേട്ടു തുടങ്ങിയിരിക്കുന്നു. കോവിഡ് തരംഗം ഉണ്ടാവുമെന്ന് അറിയാമായിരുന്നിട്ടും ആരോഗ്യവകകുപ്പ് അത് തടയാനുള്ള വഴികൊന്നും സ്വീകരിച്ചില്ല. കൊച്ചിയടക്കമുള്ള നഗരങ്ങൾ കോവിഡ് വ്യാപനത്തിന്റെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
 
 
 


ഒരു സമ്പൂർണ ലോക് ഡൗണുണ്ടാവില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കയാണ്. എന്നാൽ രാത്രി കർഫ്യൂ കൊണ്ട് വ്യാപനം തടയാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം.

പൂർണമായും അടച്ചിടാൻ പറ്റാത്ത സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ജനം ചോദിക്കുന്നത്. അതിതീവ്ര സ്വഭാവമുള്ള കോവിഡാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

സിറ്റിയിലെ മാളുകളും ഹോട്ടലുകളും എല്ലാം വൈകിട്ട് ഏഴോടെ അടപ്പിച്ചു. രാത്രി ഒൻപതോടെ പൂർണമായും അടച്ചിടൽ തുടങ്ങിയിരുന്നു.

വാക്‌സിനേഷൻ രണ്ടാം ഘട്ടം എടുക്കാനായി എത്തിയവർ വലഞ്ഞു. വാക്‌സിൻ എടുക്കാനായി എത്തിയവർ പലരും ഇന്ന് തിരികെ പോയവർ ഏറെയാണ്. കോവിഡ് വ്യാപന വാർത്ത എല്ലാവരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ഭയമല്ല വേണ്ടത് കരുതലാണ് എന്നത് മാറിയിരിക്കുന്നു. ഭയമാണ് ഇപ്പോൾ എല്ലാവർക്കും.

LEAVE A REPLY

Please enter your comment!
Please enter your name here