രാജേഷ് തില്ലെങ്കേരി
 
 
  • ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ കെ സുരേന്ദ്രൻ ബി ജെ പി സ്ഥാനാർത്ഥി
  • ആറന്മുളയിൽ ശക്തമായ മത്സരം.
  • കോന്നിയിൽ കടുത്ത ത്രികോണ മത്സരം; റോബിൻ പീറ്ററിന്‌ മേൽക്കോയ്‌മ 
  • അടൂരിൽ ബലാബലം, ചിറ്റയം ഗോപകുമാറിന് മുൻതൂക്കം 
  • അട്ടിമറി വിജയവും ഉണ്ടാവാൻ സാധ്യതയുള്ള മണ്ഡലമാണ് അടൂർ.
  • റാന്നിയിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടും 
  • റാന്നിയിൽ സിറ്റിംഗ് എം എൽ എ രാജു ഏബ്രഹാമിന്റെ അസാന്നിധ്യം എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കും 
  • ആറന്മുളയിൽ ഇക്കുറി വീണ ജോർജ് കീഴടങ്ങിയേക്കും 
  • തിരുവല്ലയിൽ ശക്തമായ പോരാട്ടം  മാത്യു ടി.തോമസിനെ കീഴടക്കാൻ കുഞ്ഞു കോശി പോൾ 


സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട. പത്തനംതിട്ട എന്ന പേര് ‘പത്തനം’ എന്നും ‘തിട്ട’ എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്. 1982 നവംബർ  ഒന്നിനാണ്  കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്.
 
 
 
 പന്തളം രാജഭരണവുമായി ബന്ധമുള്ള പ്രദേശമാണ് പത്തനംതിട്ട. പകുതിയിൽ അധികവും വനഭൂമി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാനന ക്ഷേത്രമായ ശബരിമല സ്ഥിതി ചെയ്യുന്നത് പത്തനംതിട്ടയിലാണ്. 2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.

സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽ പെട്ട ഇന്നത്തെ പത്തനംതിട്ട. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ സ്വദേശാഭിമാനി പത്രം പുനരുദ്ധരിച്ചു തിരുവന്തപുരത്തുനിന്നും പ്രസാധനം ചെയ്തു സ്വാതന്ത്ര്യത്തിന്റെ തീജ്വാല ആളിക്കത്തിച്ച ഇലന്തൂർ കുമാർജി, സമരഗാനങ്ങൾ രചിച്ചു ജനങ്ങളെ ഉത്സാഹഭരിതരാക്കിയിരുന്ന പന്തളം കെ.പി, പിൽക്കാലത്തു സാമാജികനായിരുന്ന എൻ ജി ചാക്കോ, ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയും കേരളത്തിലെ ആദ്യകാല ബിരുദധാരിയും ആയിരുന്ന കെ എ ടൈറ്റ്സ്, പുളിന്തിട്ട പിസി ജോർജ് തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം സ്മരണീയങ്ങളാണ്.
 
 


1920 മുതൽ പഴയ തിരുവിതാംകൂർ സംസ്ഥാനത്തും, പിന്നീട് കേരളത്തിലുടനീളവും ഗന്ധിസം പ്രചരിപ്പിച്ച ആദ്യകാല കോൺഗ്രസ് നേതാവുകൂടെയായിരുന്ന കെ കുമാറെന്ന കുമാർജി ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങളുടെ മുഖ്യ പരിഭാഷകനും, സുപ്രസിദ്ധ വാഗ്മിയും ഹരിജനോദ്ധാരകനും ആയിരുന്നു.

പത്തനംതിട്ട, പന്തളം, റാന്നി, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം ക്രിസ്തുവിൻറെ ശിഷ്യനായ സെന്റ് തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി, നിലക്കൽ പളളി ഭാരതത്തിലെ വൈഷ്ണവരുടെ തീർത്ഥാടന കേന്ദ്രമായ തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. വർഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്രമെന്ന ഖ്യാതി ഈ ക്ഷേത്രത്തിനുള്ളതാണ്, വായ്പൂര് മുസ്ലിം പഴയ പള്ളി ആയിത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ്, ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് പമ്പനദിയുടെ തീരത്താണ് പ്രസിദ്ധമായ പരുമല പള്ളി. കണ്ണശ്ശ കവികൾ താമസിച്ചിരുന്ന നിരണവും മാലിക് ദിനാർ സ്ഥാപിച്ച നിരണം മാലിക് ദിനാറും പത്തനംതിട്ട ജില്ലയിലാണ്.

 ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളംകളിയാലും, ആറന്മുള കോട്ടാരത്താലും പ്രസിദ്ധമായ ആറന്മുള, ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, വലിയകോയിക്കൽ ക്ഷേത്രം നിലകൊള്ളുന്ന പന്തളം, മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം, ഇലന്തൂർ, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി,ക്രിസ്തു വർഷം 325-ൽ കടമ്പനാട് സ്ഥാപിതമായ സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രൽ, മണ്ണടി വേലുത്തമ്പി ദളവാ സ്മാരക മന്ദിരം  എന്നിവ പത്തനംതിട്ടയിലാണ്.
പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല.

പമ്പ നദിയും മണിമലയാർ,അച്ഛൻകൊവിലാർ എന്നിവ ജില്ലയെ ജലസമൃദ്മാക്കുന്നു കക്കി, അഴുത,കക്കട്ടാർ,കല്ലാർ എന്നീ നദികൾ ചേർന്നാണ് പമ്പാനദി രൂപം കൊള്ളുന്നത്. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി.  പടയണി പത്തനംതിട്ടയുടെ സ്വന്തം കലയായാണ്.

ആറന്മുള വിമാനത്താവളത്തിനെതിയുള്ള സമരമായിരുന്നു 2016 ൽ തെരഞ്ഞെടുപ്പ് കാലത്തെ ചർച്ചാവിഷയം.  
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളും, പോരാട്ടങ്ങളും ഏറെയുംകണ്ട ജില്ലയാണ് പത്തനംതിട്ട. പന്തളത്തുംമറ്റും സ്ത്രീകൾ സർക്കാരിനെതിരെ തെരുവിലറങ്ങിയതും പത്തനംതിട്ടയിലെ പന്തളത്തായിരുന്നു. മറ്റു ജില്ലകളിൽ വ്യത്യസ്തമായ രാഷ്ട്രീയ ചരിത്രമാണ് പത്തനംതിട്ടയിലുള്ളത്.


1967 മുതൽ സി പി ഐയെയും കോൺഗ്രസിനെയും ഓരോ ഇടവേളകളിൽ വിജയിപ്പിച്ച മണ്ഡലംമാണ് അടൂർ. സി പി ഐയിലെ രാമലിംഗമാണ് അടൂരിന്റെ ആദ്യ എം എൽ എ. സി പി ഐ നേതാവ് തെങ്ങമം ബാലകൃഷ്ണ പിള്ള നിയമ സഭയിലെത്തിയതും അടൂരിൽ നിന്നായിരുന്നു.
തെങ്ങമത്തിൽ നിന്നും അടൂർ പിടിച്ചത് കോൺഗ്രസിലെ തെന്നല ബാലകൃഷ്ണ പിള്ളയായിരുന്നു. 1982 ലും തെന്നല അടൂരിൽ നിന്നും വിജയിച്ചു. സി പി എമ്മിലെ സി പി കരുണാകരനും ആർ ഉണ്ണികൃഷ്ണ പിള്ളയുമാണ് അടൂരിൽ നിന്നും ജയിച്ച സി പി എം അംഗങ്ങൾ.

1991 മുതൽ 2016 വരെ 20 വർഷം തുടർച്ചയായി എം എൽ എ ആയിരുന്നത് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. അടൂരിൽ നിന്നും തിരുവഞ്ചൂർ കോട്ടയത്തേക്ക് മാറിയതോടെ അടൂർ ഇടത്തോട്ട് ചാഞ്ഞു. സി പി ഐയിലെ ചിറ്റയം ഗോപകുമാറാണ് അടൂരിൽ നിന്നും രണ്ടുതവണ ജയിച്ചത്. സിറ്റിംഗ് എം എൽ എയായി ചിറ്റയം ഗോപകുമാറാണ് ഇത്തവണയും അടൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി.
കോൺഗ്രസിലെ എം ജി കണ്ണനാണ് യുഡിഫ് സ്ഥാനാർത്ഥി. 
 
2016 ൽ ചിറ്റയം ഗോപകുമാർ 25460 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ കെ കെ ഷാജുവിനെ പരാജയപ്പെടുത്തിയത്. ഇത്തവണ അടൂരിൽ ശക്തമായ പോരാട്ടമാണ് അരങ്ങേറിയത്. കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയ പന്തളം പ്രതാപൻ എൻ ഡി എ സ്ഥാനാർത്ഥിയായി അടൂരിൽ രംഗത്തുണ്ടായിരുന്നു.

അടിയൊഴുക്കുകൾ ഏറെയുണ്ടായ മണ്ഡലമാണ് അടൂർ. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കമാണ് കോൺഗ്രസ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ആരോപണങ്ങളുമായി ചിറ്റയം ഗോപകുമാർ രംഗത്തെത്തിയതും തിരിച്ചടി ഭയന്നാണെന്നാണ് ആരോപണം. ഭൂരിപക്ഷം കുറഞ്ഞാലും ചിറ്റയം അടൂരിൽ നിന്നും വിജയിക്കുമെന്ന പ്രതീക്ഷയാണ് മണ്ഡലത്തിലുള്ളത്.


ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കോന്നി. ബി ജെ പി ഏറെ വിജയപ്രതീക്ഷ വെക്കുന്ന മണ്ഡലമാണിത്. ശബരിമല വിശ്വാസ സംരക്ഷവുമായി നടന്ന പ്രതിഷേധ സമരത്തിൽ ബി ജെ പിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച സ്ഥലമാണ് കോന്നി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയതോതിൽ വോട്ടുകൾ ബി ജെ പി ക്ക് അനുകൂലമായവോട്ടിംഗ് നടന്ന മണ്ഡലമാണ് കോന്നി.

സി പി ഐയിലെ പി പി ആർ  എം പിള്ളയായിരുന്നു കോന്നിയുടെ ആദ്യ ജനപ്രതിനിധി. പിന്നീട് കോൺഗ്രസിലെ പി ജെ തോമസ് വിജയിച്ചു. സി പി എമ്മിലെ വി എസ് ചന്ദ്രശേഖർ , എ പത്മകുമാർ എന്നിവർ വിജയിച്ച മണ്ഡലമായിരുന്നു കോന്നി. എന്നാൽ 1996 ൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കാനെത്തിയതോടെ രാഷ്ട്രീയ ചിത്രം മാറി. 20 വർഷം തുടർച്ചയായി അടൂർ സ്വന്തം തട്ടകമായി കൊണ്ടുനടന്നു അടൂർ പ്രകാശ്. എന്നാൽ അടൂർ പ്രകാശ് പാർലമെന്റ് അംഗമായതോടെ 2019 ൽ കോന്നിയൽ ഉപതെരഞ്ഞെടുപ്പ് നടന്നു. സി പി എമ്മിലെ യുവ നേതാവ് കോന്നി പിടിച്ചു.

അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററിന് പകരം പി മോഹൻ രാജിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജില്ലയിലെ ഏക സീറ്റ് നഷ്ടമായി.  റോബിൻ പീറ്ററെയാണ് ഇത്തവണ കോന്നി തിരിച്ചുപിടിക്കാൻ യു ഡി എഫ് നിയോഗിച്ചിരിക്കുന്നത്. ഏറെ തർക്കങ്ങൾക്ക് വഴിയൊരുക്കിയ സ്ഥാനാർത്ഥി നിർണയമായിരുന്നു കോന്നിയിലേക്. എന്നാൽ അടൂർ പ്രകാശിന്റെ അടുത്ത അനുയായിയായി അറിപ്പെടുന്ന നേതാവാണ് റോബിൻ പീറ്റർ. റോബിൻ പീറ്ററെ വിജയിപ്പിക്കാനുള്ള പ്രധാന ചുമതല മുൻ എം എൽ എ അടൂർ പ്രകാശിന്റേതുകൂടിയായി. ശക്തമായ പോരാട്ടമാണ് കോന്നിയിൽ അരങ്ങേറിയത്.

കെ യു ജിനേഷ് കുമാറാണ് കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി.ത്രികോണ മത്സരത്തിൽ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ മഞ്ചേശ്വരത്തിന് പുറമെ മത്സരിക്കുന്ന മണ്ഡലമാണ് കോന്നി. കോന്നി തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജിനേഷ് കുമാർ മണ്ഡലം നിലനിർത്തുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

കോൺഗ്രസിനും, കേരളാ കോൺഗ്രസിനും മാറി മാറി വിജയം നൽകിയ മണ്ഡലമായിരുന്നു റാന്നി. കോൺഗ്രസിലെ വയലാ ഇടിക്കുളയായിരുന്നു ആദ്യ ജനപ്രതിനിധി. സി പി ഐയിലെ എം കെ ദിവാകരനനും കേരളാ കോൺഗ്രസിലെ കെ എ മാത്യു, എം സി ചെറിയാൻ, ഈപ്പൻ വർഗീസ് തുടങ്ങിയ നേതാക്കളും വിജയിച്ച റാന്നിയിൽ 1996 ലാണ് സി പി എമ്മിലെ രാജു അബ്രഹാം മത്സരിക്കാനെത്തുന്നത്. 2016 വരെ രാജു അബ്രഹാം റാന്നിയിൽ തുടർച്ചയായി 25 വർഷം രാജു അബ്രഹാമായിരുന്നു ജനപ്രതിനിധി.

ഇത്തവണ സിറ്റിംഗ് എം എൽ എ രാജു ഏബ്രഹാം മത്സര രംഗത്തില്ല. ഇടതുമുന്നിയിലേക്കെത്തിയ കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്ത സീറ്റാണ് റാന്നി. റാന്നിയിൽ കേരളാ കോൺഗ്രസിലെ പ്രമോദ് നാരായണനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ റിങ്കൂ ചെറിയാനാണ് എതിരാളി. രാജു അബ്രഹാം 2016 ൽ 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ മറിയാമ്മ ചെറിയാനെ പരാജയപ്പെടുത്തിയത്. ഇത്തവണ റാന്നി കേരളാ കോൺഗ്രസിന് വിട്ടുകൊടുത്തതിൽ ഇടതുപക്ഷത്തിലെ മറ്റ് ഘടകകക്ഷികൾ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പ്രമോദ് നാരായണൻ സ്ഥാനാർത്ഥിയായപ്പോൾ പ്രതിഷേധം കേരളാ കോൺഗ്രസിൽ നിന്നും ഉണ്ടായി. റാന്നിയിൽ കോൺഗ്രസ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ബി ഡി ജെ എസ് ടിക്കറ്റിൽ പത്മകുമാർ റാന്നിയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.

1957 മുതൽ ഏറതവണയും കോൺഗ്രസിനെ വിജയിപ്പിച്ച ചരിത്രമാണ് ആറൻമുള മണ്ഡലത്തിനുള്ളത്. കോൺഗ്രസ് നേതാവായിരുന്ന കെ ഗോപിനാഥൻ പിള്ളയായിരുന്നു ആദ്യ ജനപ്രതിനിധി. എം കെ ഹേമചന്ദ്രനും, കെ കെ ശ്രീനിവാസനും ആർ രാമചന്ദ്രൻ നായരും വിജയിച്ച മണ്ഡലം. 1996 ൽ സി പി എം സ്വതന്ത്രനായി കവി കടമ്മനിട്ട രാമകൃഷ്ണനും ആറൻമുളയിൽ നിന്നും  ജയിച്ചു. കെ ശിവദാസൻ നായരിൽ നിന്നും മണ്ഡലം പിടിക്കുന്നത് സി പി എമ്മിലെ വീണാ ജോർജ്ജാണ്. ഇത്തവണയും ആറന്മുളയിൽ പോരാട്ടം നടന്നത് വീണാ ജോർജ്ജും, കെ ശിവദാസൻ നായരും തമ്മിലായിരുന്നു. 2016 ൽ വീണാ ജോർജ്ജ് വിജയിച്ചത് 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഇത്തവണ ആറന്മുള കോൺഗ്രസ്  തിരിച്ചു പിടിക്കും.

സി പി ഐയിലെ ജി പത്മനാഭൻ തമ്പി യായിരുന്നു തിരുവല്ലയിലെ ആദ്യ എം എൽ എ. കോൺഗ്രസിലെ പി ചാക്കോയായിരുന്നു പിന്നീട് തിരുവല്ലയിൽ നിന്നും വിജയിച്ചത്. 1991 മുതൽ 2001 വരെ കേരളാ കോൺഗ്രസ് എം നേതാവായിരുന്ന മാമ്മൻ മത്തായി തിരുവല്ലയിൽ നിന്നും മൂന്ന് തവണ വിജയിച്ചു.

ഉപതരെഞ്ഞെടുപ്പിൽ എലിസബത്ത് മാമ്മൻ മത്തായി വിജയിച്ചെങ്കിലും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജനതാദളിലെ മാത്യു ടി തോമസ് തിരുവല്ല പിടിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി മാത്യു ടി തോമസാണ് തിരുവല്ലയുടെ എം എൽ എ. രണ്ട് തവണ മന്ത്രിയായിരുന്നു മാത്യു ടി തോമസ്.
2016 കേരളാ കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയെ 8262 വോട്ടുകൾക്കാണ് മാത്യു ടി തോമസ് പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ കേരളാ കോൺഗ്രസ് ജെ യിലെ കുഞ്ഞു കോശി പോളാണ് മാത്യു ടി തോമസിന്റെ എതിരാളി. ബി ജെ പിയിലെ അശോകൻ കുളനട എൻ ഡി എ സ്ഥാനാർത്ഥിയായി രംഗത്തുണ്ടായിരുന്നു.ത്രിരുവല്ലയിൽ ശക്തമായ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ നിലവിൽ യു ഡി എഫിന് സീറ്റുകളില്ല. കോന്നിയും, റാന്നിയും, ആറൻമുളയും തിരിച്ചു പിടിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അഞ്ചിൽ രണ്ട് സീറ്റുകൾ യു ഡി എഫ് പിടിക്കും

LEAVE A REPLY

Please enter your comment!
Please enter your name here