തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പൊലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം.വീട്ടുജോലിക്കാർ, ദിവസ വേതന തൊഴിലാളികള്‍ തുടങ്ങിയവർക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ ജോലിക്ക് പോകാനായി യാത്രാ പാസ് നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും. അതിനു ശേഷം തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം.

ഇന്നത്തെ യാത്രക്ക് സത്യവാങ്ങ്മൂലം കരുതണമെന്നും പൊലീസ് അറിയിച്ചു.ആവശ്യ വിഭാഗത്തിലുള്ളവർക്ക് തിരിച്ചറയൽ കാർഡുമായി യാത്ര ചെയ്യാം. പച്ചക്കറി ചന്തകളിൽ പകുതി കടകളെ തുറക്കാവൂവെന്നും എ ഡി ജി പി വിജയ് സാഖറെ പറഞ്ഞു. അതിഥിതൊഴിലാളികള്‍ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മാണസ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള സൗകര്യം കരാറുകാരന്‍ ഒരുക്കണം. അതിന് കഴിയില്ലെങ്കില്‍ യാത്രാസൗകര്യം നല്‍കണം.ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായി ചുരുക്കി. ഇടപാടുകള്‍ക്ക് രാവിലെ പത്ത് മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെയാണ് സമയം.

 

LEAVE A REPLY

Please enter your comment!
Please enter your name here