തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃപദവികളിൽ നിന്ന് തത്ക്കാലത്തേക്ക് മാറില്ലെന്ന് സൂചന. പാർട്ടിയുടെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന നേതൃമാറ്റ മുറവിളി ഇതോടെ പാഴാകുമെന്ന് ഉറപ്പായി. കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിയാണ് വേണ്ടെതെന്ന വാദം ഉയര്‍ത്തുന്നതില്‍ വിജയിച്ച നേതൃത്വം, രാജിക്കാര്യം രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയാകുന്നത് തടഞ്ഞു.രാഷ്‌‌ട്രീയകാര്യസമിതിയിൽ മുല്ലപ്പളളിയും ചെന്നിത്തലയും രാജിസന്നദ്ധത അറിയിക്കുമെന്ന് കരുതിയ നേതാക്കൾക്ക് കണക്കുക്കൂട്ടലകൾ പിഴയ്‌ക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി.സി.സി നേതൃത്വം ഒഴിയുന്നത് പതിവാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയും ഈ മാതൃകയാണ് സ്വീകരിച്ചത്.കേരളത്തിലെ കോൺഗ്രസിൽ താഴെത്തട്ടിൽ നിന്ന് മുല്ലപ്പളളി രാജിവയ്‌ക്കണമെന്ന ആവശ്യം ഉയർന്നതിനുപിന്നാലെ ഹൈക്കമാന്‍ഡ് പ്രതിനിധികളും രാജിവയ്ക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തനിക്കെതിരായ ഗ്രൂപ്പ് നീക്കങ്ങളാണെന്ന് വരുത്താനായിരുന്നു മുല്ലപ്പള്ളിക്ക് താത്പര്യം.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തത് മുല്ലപ്പളളിക്ക് ധൈര്യമായി. ഒരു ഘട്ടത്തിൽ രാജിയ്‌ക്ക് ശ്രമിച്ച മുല്ലപ്പളളിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചതും ചെന്നിത്തലയാണ്. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ അംഗങ്ങളായ രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശനം ഉയരുമ്പോഴെങ്കിലും ഇരുവരും രാജിക്ക് സന്നദ്ധരാകുമെന്നായിരുന്നു സാധാരണ പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം തുടക്കത്തിലേ ഏറ്റുപറഞ്ഞ മുല്ലപ്പള്ളിയും രമേശും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ആ വഴിക്ക് പോകുന്നത് തടയുന്നതില്‍ പൂര്‍ണമായും വിജയിച്ചു.സമഗ്ര അഴിച്ചുപണിയെന്ന നിര്‍ദേശം ഉയര്‍ത്തിയതോടെ കെ.സുധാകരനും കെ.മുരളീധരനും ഉള്‍പ്പടെ പ്രധാന നേതാക്കളെല്ലാം അതിനെ പിന്തുണയ്‌ക്കുകയായിരുന്നു.

പി ജെ കുര്യന്‍ മാത്രമാണ് ഇരുവരും മാറണമെന്ന ആവശ്യപ്പെട്ടത്. അതിനാകട്ടെ വേണ്ടത്ര പിന്തുണയുമുണ്ടായില്ല.ലോക്ക്‌ഡൗണിന് ശേഷം രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി താഴെത്തട്ട് മുതല്‍ പുനസംഘടിപ്പിക്കുമ്പോഴേക്കും സമയമെടുക്കും. കോൺഗ്രസിനെ സംബന്ധിച്ച് പുനസംഘടന തുടങ്ങാനും അവസാനിക്കാനും കാലതാമസം പതിവാണ്. അതുവരെ മുല്ലപ്പള്ളി തന്നെ തുടരു‌ം. ഇരുപതിന് മന്ത്രിസഭ രൂപീകരിച്ചാല്‍ പ്രതിപക്ഷനേതാവിനെ കണ്ടെത്തണം. കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ ആ സ്ഥാനത്ത് ചെന്നിത്തലയ്ക്കും തുടരാം.നിലവിൽ 12 എം.എൽ.എമാരുളള ഐ ഗ്രൂപ്പിനാണ് പാർലമെന്‍ററി പാർട്ടിയിൽ കൂടുതൽ അംഗസംഖ്യയുളളത്. വി..ഡി സതീശന്‍റെ പേരാണ് ഐ ഗ്രൂപ്പിൽ നിന്ന് പ്രധാനമായും ഉയർന്നുകേൾക്കുന്നതെങ്കിലും ചെന്നിത്തല തുടരാൻ താത്പര്യം അറിയിച്ചാൽ അതിനെ ആരും എതിർക്കില്ല. എത്ത് എം.എൽ.എമാരുളള എ ഗ്രൂപ്പ് ചെന്നിത്തലയുടെ നീക്കത്തെ എതിർക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇതിനുപുറമെ ചെന്നിത്തല തുടരണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here