ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന്  ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത  കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തി. ദില്ലിയിൽ തുടരുന്ന ബിജെപി നേതൃയോഗത്തിന് ശേഷം പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന

ബിജെപിയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരുന്നു പശ്ചിമബംഗാളിലെ പരാജയം. അഞ്ചു സീറ്റു വരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിൽ  നല്ല പ്രകടനം ഉണ്ടായില്ല. പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരള നേതാക്കൾ താല്പര്യം കാട്ടുന്നില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ദില്ലിയിൽ തുടരുന്ന ബിജെപി ജന.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ ഉയര്‍ന്നത്. 

കൊവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകൾ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള ജനങ്ങളുടെ വിശ്വാസം ഇടിയാൻ കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലുമൊക്കെ അഴിമതിച്ചുപണി വേണമെന്ന അഭിപ്രായവും ഉയരുന്നു. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിൽ അഞ്ച് അംഗങ്ങളുടെ ഒഴിവ് നികത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ കൂടുതൽ കാര്യപ്രാപ്തിയുള്ള നേതാക്കളെ കൊണ്ടുവന്നേക്കും. 

പരാജയം നേരിട്ട സംസ്ഥാനങ്ങളിൽ നേതൃത്വത്തിലും സംഘടന ചുമതലയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കേരളത്തിന്‍റെ സംഘടന ചുമതലയുള്ള ബി.എൽ.സന്തോഷ് മാറുമെന്നാണ് സൂചന. ബംഗാളിന്‍റെ ചുമതലയുള്ള നേതാക്കളിലും മാറ്റങ്ങൾ വരും. കേന്ദ്ര മന്ത്രിസഭയിൽ പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി ചിലരെ ഒഴിവാക്കാനും സാധ്യതയുണ്ട്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here