തിരുവനന്തപുരം: സംസ്ഥാനത്തെ ഡ‍ിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ക്ലാസിൽ ഹാജരുണ്ടോ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ ചർച്ചയാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിദ്യാർത്ഥികൾക്ക് ടിവിയും മൊബൈലും നൽകാൻ എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കണണെന്ന നിർദ്ദേശം പ്രതിപക്ഷനേതാവ് വിഡി സതീശൻ മുന്നോട്ട് വെച്ചു. ഇ ക്ലാസിൽ ഹാജരുണ്ടോ പരമ്പരുടെ സമാപനമായി സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സർക്കാരിന്‍റെ ഇടപെടലും പ്രതിപക്ഷ നേതാവിൻ്റെ നിർദ്ദേശം ഉയർന്നത്. 

ഒരാഴ്ച നീണ്ട് നിന്ന അന്വേഷണ പരമ്പരയിലൂടെ സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തിലെ വെല്ലുവിളികളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പൊതുജനത്തിന് മുമ്പിലെത്തിച്ചത്. കുട്ടികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, രക്ഷിതാക്കളും അധ്യാപകരും നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളും എല്ലാം ഈ ദിവസങ്ങളിൽ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.

അന്വേഷണ റിപ്പോർട്ടുകളുടെ അവസാനം നടത്തിയ 2 മണിക്കൂർ തത്സമയ ചർച്ചയിൽ പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് പ്രതിപക്ഷനേതാവും വിദഗ്ധരും ഒപ്പം ചേർന്നു. കുട്ടികളെ വിവിധ ബാച്ചുകളായി സ്കൂളുകളിലേക്കെത്തിക്കുന്നത് ആലോചിക്കുമെന്ന് അൻവർ സാദത്ത് ഉറപ്പ് നൽകി. ഫോണടക്കമുള്ള ഉപകരണങ്ങളില്ലാത്തതിന് പുറമേ നെറ്റ്വർക്ക് അപര്യാപ്തതതയും പ്രശ്നമാണെന്ന് കൈറ്റ് സിഇഒ അനവർ സാദത്ത് ചർച്ചയിൽ പറഞ്ഞു. 

എല്ലാവർക്കും ഡിജിറ്റിൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടേ സ്കൂൾ തല ഓൺലൈൻ ക്ലാസ് തുടങ്ങൂ എന്നും അൻവർ സാദത്ത് വ്യക്തമാക്കി. മികച്ച ചില നിർദ്ദേശങ്ങളും വിദ്യാർത്ഥികൾ നേരിടുന്ന പല പ്രശ്നങ്ങളും ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും തത്സമയം പ്രശ്നങ്ങൾ ഉന്നയിച്ചു.

വിദ്യാഭ്യാസ വിദഗ്ധൻ അച്യുത് ശങ്കർ, മനശാസ്ത്രജ്ഞ വാണി ദേവി, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി വിനോദ്, റോജി എം ജോൺ എംഎൽഎ, മുൻ എംഎൽഎ ജെയിംസ് മാത്യു. ഐടി വിദഗ്ധൻ സുനിൽ തോമസ്, അധ്യാപിക ഡെയ്സി ജേക്കബ്ബ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.  പരമ്പരയിലും ചർച്ചയിലും ഉയർന്ന നിർദ്ദേശങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് സർക്കാറിന് മുന്നിൽ സമർപ്പിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here