കലാപം ഉരുൾപൊട്ടുന്ന കേരള കോൺഗ്രസിൽ അനുനയത്തിന് അവസാനവഴി തേടി കെ.എം.മാണി. പാർട്ടിക്കുള്ളിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താന്‍‍ തയാറാണെന്ന് മാണി മനോരമന്യൂസിനോട് പറഞ്ഞു. എന്നാൽ പ്രശ്നങ്ങളെന്താണെന്ന് ഇതുവരെ ആരും തന്നെ ധരിപ്പിച്ചിട്ടില്ല. ഏതുവിഷയത്തിലും തുറന്ന മനസോടെ ചർച്ചയ്ക്കൊരുക്കമാണ്. പാർട്ടിയെ ദുർബലപ്പെടുത്താൻ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും മാണി പാലായിൽ പറഞ്ഞു.

സീറ്റ് മാത്രമല്ല പ്രശ്നമെന്ന് പാർട്ടിയിലെ വിമത വിഭാഗം നിലപാടെടുത്തതോടെയാണ് തെറ്റുണ്ടെങ്കിൽ തിരുത്താനും മനസ്സുതുറന്നുള്ള ചർച്ചയ്ക്കും തയ്യാറെന്ന് നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ പുറത്ത് പരാതി പറയുന്നവർ തന്നോട് കാര്യങ്ങൾ പറയുന്നില്ലെന്ന് കെ.എം.മാണി പറഞ്ഞു. പ്രശ്നങ്ങൾ എന്തായാലും പാർട്ടിയെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കില്ല.

തിരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയാകാൻ ധാരാളം പേർ വരും. ഇതിൽ നിന്നുതന്നെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതും. അർഹത പ്രധാന ഘടകമാണെങ്കിലും പാർട്ടിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണവും കണക്കിലെടുക്കണമന്ന് മാണി വ്യക്തമാക്കി. പാർട്ടിയിലെ പ്രശ്നങ്ങൾ പിളർപ്പിലേക്കും ഒരു വിഭാഗത്തിന്റെ മുന്നണി മാറ്റത്തിലേക്കൂം നീങ്ങുന്ന ഘട്ടത്തിലാണ് വിട്ടുവീഴ്ചയുടെ സ്വരവുമായി പാർട്ടി ചെയർമാൻ നേരിട്ട് രംഗത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here