തൃശൂർ: കൊടകര കുഴൽപണക്കേസിൽ  5.5 ലക്ഷം രൂപ കൂടി പ്രത്യേക അന്വേഷണ സംഘം  പിടികൂടി. കേസിലെ  പ്രധാന പ്രതികളായ അലിയും റഹിമും സുഹൃത്തുക്കളെ ഏൽപിച്ചിരുന്ന കവർച്ചാ മുതൽ  പൊലീസ്  ഇടപെടലിനെത്തുടർന്ന് അവർ തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കണ്ടെടുത്ത മൊത്തം തുക 1.4 കോടി കവിഞ്ഞു. 3.5 കോടി രൂപയാണു കവർച്ച ചെയ്യപ്പെട്ടത്. 

മോഷണം നടന്നു 2 മാസത്തോളമായിട്ടും പണം മുഴുവൻ കണ്ടെടുക്കാനാവാത്തതിന്റെ സമ്മർദ്ദത്തിലാണു പൊലീസ്. കണ്ണൂർ,വയനാട് ജില്ലകളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യലും പരിശോധനയും തുടരുകയാണ്. 

ഇപ്പോൾ ജയിലിൽ ഉള്ള 20 പ്രതികൾ ജാമ്യത്തിലിറങ്ങും മുൻപ് ബാക്കി തുക കണ്ടെത്താനാണു  ശ്രമിക്കുന്നത്. അടുത്തമാസം പകുതിയോടെ കുറ്റപത്രം സമർപ്പിക്കാനും ലക്ഷ്യമിടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനാണു ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ചു കവർന്നെടുത്തത്. 

ഇത് ബിജെപി തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനായി ഇതര സംസ്ഥാനത്തു നിന്നു കടത്തിക്കൊണ്ടു വന്ന തുകയാണെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിലാണിപ്പോൾ ഇത്രയും തുക കണ്ടെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here