സ്വന്തം ലേഖകൻ

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അർജ്ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായത് തെളിവുകൾ ഒളിപ്പിച്ച ശേഷമെന്ന് റിപ്പോർട്ട്. മൊബൈൽഫോണുകളും പാസ്‌പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളും കാണാനില്ലെന്നാണ് അർജ്ജുൻ ആയങ്കി മൊഴി നൽകിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്നാണ് അർജ്ജുൻ മൊഴിനൽകിയതെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് പിന്നാലെ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജ്ജുനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ 10 ദിവസം കസ്റ്റഡിയിൽ വിട്ട് നൽകാൻ അന്വേഷണ സംഘം അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്.

കസ്റ്റംസിൻറെ കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. നാളെ രാവിലെ 11ന് കസ്റ്റംസിൻറെ കൊച്ചി യൂണിറ്റിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെതെന്ന പേരിലുള്ള നിർണ്ണായക വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി നടക്കുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഓഡിയോയിലുള്ളത്. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അത് ഒതുക്കി തീർക്കുമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഓഡിയോയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here