കൊച്ചി: കുഴൽപണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമം അനുസരിക്കാൻ സുരേന്ദ്രന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തിനു പിന്നിലെ ക്രിമിനലുകളെ സർക്കാരും സിപിഎമ്മും ഭയക്കുന്നുണ്ട്. ശക്തമായ നടപടിയെടുത്താൽ സിപിഎമ്മിനെ ഇവർ പ്രതിരോധത്തിലാക്കുമെന്നും സതീശൻ ആരോപിച്ചു.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് നൽകിയത് സ്വർണ്ണക്കടത്ത് അന്വേഷണം സിപിഎമ്മിൽ എത്തി നിൽക്കുന്നതിനാലാണെന്നാണ് സുരേന്ദ്രന്റെ വാദം. അർജുൻ ആയങ്കി കൊടി സുനിയുടെ പേര് പറഞ്ഞതോടെ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് സിപിഎമ്മിന് ഉറപ്പായി. ശ്രദ്ധ തിരിക്കാൻ സുരേന്ദ്രന് ഒരു നോട്ടീസ് അയക്കാം എന്നാണ് നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേസ് കണ്ട് നെഞ്ച് വേദന അഭിനയിക്കില്ല. കൊവിഡ് അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സാക്ഷി മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പറഞ്ഞ ദിവസം ഹാജരാകാൻ തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ചൊവ്വാഴ്ചയാണ്. അന്നാണ് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. യോഗം തീരുമാനിച്ച ശേഷമാണ് നോട്ടീസ് തന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here