സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്ആർഓ ചാരക്കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ ഹൈക്കോടതിയിൽ. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിലെ അന്താരാഷ്ട്ര ഗൂഢാലോചന അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.

വിജയൻ, തമ്പി സ് ദുർഗാദാസ്, ജയപ്രകാശ് എന്നിവർ നൽകിയ ജാമ്യാപേക്ഷയെ എതിർത്തായിരുന്നു സിബിഐയുടെ നിലപാട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ തങ്ങൾ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ സിബിഐ ഈ വാദങ്ങൾ തള്ളി. കള്ളക്കേസുണ്ടാക്കാനുള്ള ഗൂഢാലോചനയിൽ ഈ ഉദ്യോഗസ്ഥർക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി.

വേണ്ടത്ര തെളിവുകളില്ലാതെയായിരുന്നു നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. മുതിർന്ന ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തതോടെ ഇന്ത്യയിൽ ക്രയോജനിക് സാങ്കേതിവിദ്യ വൈകാൻ ഇടയാകുകയും രാജ്യം ഇക്കാര്യത്തിൽ പിന്നോട്ടു പോകുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേസിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

അതേസമയം, കേസിലെ പ്രതിയായ മുൻ ഡിജിപി സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് മാലിദ്വീപ് സ്വദേശികളായ ഫൗസിയ ഹസനും മറിയം റഷീദയും രംഗത്തെത്തി. ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ സിബി മാത്യൂസിന്റെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന് ഇരുവരും ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കേസിലെ പരാതിക്കാരനായ നമ്പി നാരായണനും ഹർജി നൽകിയിരുന്നു. തിങ്കളാഴ്ചയാണ് ഹർജികൾ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here