കൊച്ചി: കിറ്റക്‌സ് കേരളം വിട്ടുപോകുന്നതല്ല, ആട്ടിയോടിക്കുന്നതാണെന്ന് ചെയര്‍മാന്‍ സാബു എം.ജേക്കബ്. കിറ്റ്ക്‌സ് 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞിട്ട് ആരും തിരിഞ്ഞുനോക്കുന്നില്ല. ആരും വിളിക്കുന്നില്ല. എന്നാല്‍ മറ്റ് ഒമ്പത് സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും സാബു പറഞ്ഞു. തെലങ്കാന സര്‍ക്കാരിനെ ക്ഷണപ്രകാരം അവിടേക്ക് പുറപ്പെടാനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു സാബു ജേക്കബ്. തെലങ്കാന ചാര്‍റ്റേര്‍ഡ് വിമാനം അയച്ചാണ് കിറ്റക്‌സിനെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.

ഇത് ആരോടുമുള്ള പ്രതിഷേധമല്ല. എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത് ചവിട്ടി പുറത്താക്കുമ്പോള്‍ നിവൃത്തികേട് കൊണ്ട് പോകുകയാണ്. തെലങ്കാന ഇന്ന് വ്യവസായ സൗഹൃദ പട്ടികയില്‍ ഒന്നാമതാണ്. കേരളത്തെ ഞാന്‍ ഉപേക്ഷിച്ച് പോകുന്നതല്ല. തന്നെ ചവിട്ടി പുറത്താക്കുന്നതാണ്. തനിക്ക് ഏത് രാജ്യത്ത് പോയാലും വ്യവസായം നടത്താനാകും. എന്നാല്‍ ചെറുകിട വ്യവസായികള്‍ക്ക് അതിനു കഴിഞ്ഞെന്ന് വരില്ല. മറ്റൊരു വ്യവസായിക്കും ഈ ഗതി വരരുത്.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം ഉണ്ടായിട്ടും എന്തുകൊണ്ട് നേരിട്ട് പരാതിപ്പെട്ടില്ല എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയില്‍ താന്‍ ആരോടാണ് പരാതി പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാസത്തോളം ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ കയറിയിറങ്ങി തന്നെ ഒരു മൃഗത്തെപോലെ വേട്ടയാടിപ്പോള്‍ വ്യവസായമന്ത്രി അവരെ ന്യായീകരിച്ചു.

സംസ്ഥാന സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ല. അതിനുള്ള സമയം കഴിഞ്ഞു. എല്ലാത്തിനുമൊരു പരിധിയുണ്ട്. ചര്‍ച്ചകള്‍ അല്ല ആവശ്യം. റിസള്‍ട്ടാണ് വേണ്ടത്. മുഖ്യമന്ത്രിയോ വ്യവസായമന്ത്രിയോ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കുന്ന കാര്യമല്ല. താഴെതട്ടിലുള്ളവര്‍ കൂടി തീരുമാനിക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here