കൊച്ചി: കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേന്ദ്ര മന്ത്രിമാർ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന അംബാസിഡർമാരാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

കിറ്റക്‌സിന്റേത് സെൽഫ് ഗോളാണ്. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. നാടിനെ അപമാനിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ നടപടി കണ്ട് മറ്റ് വ്യവസായികൾ വിളിച്ചിരുന്നു. അവർ സർക്കാർ നടപടിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റക്‌സിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വിടും. ഹൈക്കോടതി നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം ഹൈക്കോടതിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം അവർക്കും നൽകും. കടമ്പ്രയാറിലെ വെള്ളംകൂടി പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അവിടെ മലിനീകരണമില്ലെന്ന് സർക്കാർ പറയുന്നതല്ലേ നല്ലത്- മന്ത്രി പറഞ്ഞു.

നിയമപരമായ പരിശോധനയിൽ നിന്നും പിന്നോട്ടില്ല. തൊഴിൽ വകുപ്പിന്റെ നോട്ടീസ് പിൻവലിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിച്ചത്. പിവി ശ്രീനിജൻ എംഎൽഎയോ പാർട്ടി നേതാക്കളോ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസിന്റെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here