കോഴിക്കോട് : പാലുത്പ്പാദനത്തിൽ രണ്ട്  വർഷത്തിനകം കേരളം സ്വയംപര്യാപ്തമാകുമെന്ന്  ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പെരിങ്ങളം എംആർഡിഎഫ് ഓഡിറ്റോറിയത്തിൽ മലബാർ മിൽമയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാംസ-മുട്ട ഉത്പാദനത്തിലും സമീപ ഭാവിയിൽ തന്നെ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരോത്പ്പാദന  മേഖലയിലേക്ക് യുവാക്കൾ  കൂടുതലായി കടന്നു വരുന്നത് ആശാവഹമാണ്. ക്ഷീര കർഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകി അവരെ സഹായിക്കുന്ന നിലപാടാണ് മിൽമയും സർക്കാരും കൈക്കൊള്ളുന്നത്. ക്ഷീര കർഷരുടെ ജീവിത നിലവാരം ഉയർത്താൻ മിൽമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ നിലപാടുകളെടുത്ത് മിൽമയെ വളർത്തിക്കൊണ്ടു വരുവാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഗുണനിലവാരം കുറഞ്ഞ പാലുകൾ മിൽമയെ അനുകരിക്കുന്ന രീതിയിൽ കേരളത്തിൽ വിൽപ്പനക്കെത്തുന്നുണ്ട്. ഇതിനെ എങ്ങിനെ നിയന്ത്രിക്കാം എന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഗുണമേന്മയുള്ള കലർപ്പില്ലാത്ത പാലാണ് മിൽമ നൽകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ തനതായ മിൽമ ഉത്പ്പന്നങ്ങളെ സ്വീകരിച്ച്  ഗുണമേന്മ കുറഞ്ഞ പാലും പാലുത്പ്പന്നങ്ങളും വെടിയാൻ എല്ലാവരും തയ്യാറാവണം. പനീർ വ്യാപകമായി ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിൽമ. ഇതിനായി 10 കോടി രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലപ്പുറത്ത് മൂർക്കനാട് മിൽമ സ്ഥാപിക്കുന്ന  പാൽപ്പൊടി നിർമാണ കേന്ദ്രത്തിന്റെ ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും ഒരു വർഷത്തിനകം പ്ലാന്റ് പ്രവർത്തനമാരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കർഷകർക്കും ഉപഭോക്താക്കൾക്കും മലബാർ യൂണിയനെ അടുത്തറിയാനും വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് ടോൾ ഫ്രീ കസ്റ്റമർ കെയർ സർവീസ് ആരംഭിച്ചത്. 1800 88 9020 ആണ് ടോൾ ഫ്രീ കസ്റ്റമർ കെയർ സർവീസ് നമ്പർ. ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ കസ്റ്റമർ കെയർ സേവനം ലഭ്യമാണ്.

ചടങ്ങിൽ മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. ക്ഷീര കർഷകർക്കുള്ള മലബാർ റൂറൽ ഡവലപ്പ്‌മെന്റ് ഫെഡറേഷന്റെ (എംആർഡിഎഫ്) ധനസഹായ വിതരണം മുഖ്യാതിഥിയായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംആർഡിഎഫ് സിഇഒ ജോർജ്ജ് കുട്ടി,  ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ രശ്മി, മിൽമ സീനിയർ മാർക്കറ്റിംഗ് മാനെജർ ഡി.എസ്. കോണ്ട, ടി.വി. ബാലൻ, അനിൽ ഗോപിനാഥ്, മലബാർ യൂണിയൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  മിൽമ മലബാർ മേഖല യൂണിയൻ മാനേജിംഗ് ഡയറക്ടർ ഡോ.പി.മുരളി സ്വാഗതവും ഭരണ സമിതിയംഗം പി.അനിത നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here