അനിഷ് ഡി ചിറയ്ക്കൽ 
 
അങ്കമാലി: നാല് പതിറ്റാണ്ട് മുമ്പ് ഗൾഫ് പ്രവാസജീവിതം ആരംഭിച്ച പ്രവാസി വ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ പ്രവാസജീവിതത്തിന്റെ നാല്പതാം വാർഷികം ജീവകാരുണ്യത്തിൻ്റെ മേഖലയിൽ ആഘോഷിക്കുന്നു.
 
 ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000-ത്തിലധികം കുടുംബങ്ങൾക്ക് വിതരണം ചെയ്താണ് ആഘോഷിക്കുന്നത്.
 
വർഗീസ് മൂലൻസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് ചെയർമാൻ റജി മാത്യുവിന് നൽകി നിർവ്വഹിച്ചു. അങ്കമാലി എം.എൽ.എ റോജി.എം. ജോൺ അധ്യക്ഷനായിരുന്നു.
 
അതിനൊപ്പം വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ, 10 വർഷം തികച്ചവർക്ക് 25,000/ രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
കൂപ്പണുകൾ പഞ്ചായത്തുകൾ വഴിയും, കോഴിയും മസാലകളും പച്ചക്കറിയും ധാന്യങ്ങളും ചുക്കുകാപ്പിയും മാസ്കും കൺസ്യൂമർ കാർഡും ഉൾപ്പെടുന്ന കിറ്റുകൾ അങ്കമാലി ടിബി ജംഗ്ഷനിലെ മൂലൻസ് ഹൈപ്പർമാർട്ട് വഴിയുമാണ് വിതരണം ചെയ്യുന്നത്.
 
201 നിർധന കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ, വീടുകൾ, വിവാഹ സഹായങ്ങൾ, സ്കോളർഷിപ്പുകൾ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി ഏഴര കോടിയിലധികം രൂപയുടെ ചാരിറ്റി പദ്ധതികൾ വർഗീസ് മൂലൻ ഫൗണ്ടേഷൻ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
 
സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യോൽപ്പാദനം, കയറ്റുമതി, ഇറക്കുമതി, വിദേശ രാജ്യങ്ങളിലെ ഫാക്ടറി-വിതരണശൃംഖലകൾ, ഓർഗാനിക് തോട്ടങ്ങൾ, റീറ്റെയിൽ ചെയിൻ മാർക്കറ്റുകൾ, ഇകൊമേഴ്സ്, ടെക്സ്റ്റയിൽസ്, മെൻസ് ഗ്രൂമിംഗ് ഇൻഡസ്ട്രി, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വർഗീസ് മൂലൻസ് ഗ്രൂപ്പിന് ഇന്ത്യയിലും ഗൾഫിലും അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളിൽ 350-ലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here