ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതിയായ മുൻവൈദികനെ വിവാഹം ചെയ്യാൻ സമ്മതിക്കണമെന്നു കാട്ടി ഇരയായ പെൺകുട്ടി ആവശ്യം ഉന്നയിച്ചതിനു പുറകെ ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും.

ഇരയുടെ കുട്ടിക്ക് നാല് വയസായി. മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയില്‍ ഈ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here