കോഴിക്കോട്: സഹകരണ മേഖലയെ തര്‍ക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും പ്രക്ഷോഭത്തിനൊരുങ്ങുന്നു.
 
 ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആറിന് കോഴിക്കോട് ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും എല്ലാ പഞ്ചായത്തുകളിലേയും കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കു മുന്നിലും സഹകാരികളും ജീവനക്കാരും ചേര്‍ന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 9.00 മുതല്‍ 9.30 വരെ സഹകരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും 10.00 മുതല്‍ 11.00 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലുമായിരിക്കും പ്രതിഷേധ കൂട്ടായ്മ നടക്കുക.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധം. 
 
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സഹകരണ വിരുദ്ധ ശക്തികളുടെയും നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കോഴിക്കോട് ജില്ലയിലെ പ്രമുഖ സഹകാരികള്‍ ഒത്തു ചേര്‍ന്ന് രൂപീകരിച്ചതാണ് സഹകരണ സംരക്ഷണ സമിതി. 
 
സഹകരണ മേഖലയെ കഴുത്തറുത്ത് ഇല്ലാതാക്കി ഈ മേഖല കൂടി കോര്‍പ്പറേറ്റുകള്‍ക്ക് കാഴ്ച വയ്ക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് സഹകരണ സംരക്ഷണ സമിതി കണ്‍വീനറും  കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ എം. മെഹബൂബ് പറഞ്ഞു. സഹകരണ മന്ത്രാലയം രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തിരിച്ചറിഞ്ഞ്  സുപ്രീം കോടതിയുടെ ഇടപെടലുകളുണ്ടായി. ഇതിനെ മറികടക്കാന്‍ സഹകരണ മേഖലയെ സംസ്ഥാന പട്ടികയില്‍ നിന്നൊഴിവാക്കി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 
 
സഹകരണ മേഖലയെ സ്‌നേഹിക്കുന്ന മുഴുവന്‍ സഹകാരികളും ജനാധിപത്യ വിശ്വാസികളും ഈ പ്രതിഷേധ കൂട്ടായ്മയില്‍ അണിനിരക്കണമെന്ന് സഹകരണ സംരക്ഷണ സമിതി ഭാരവാഹികളായ എന്‍. സുബ്രഹ്മണ്യന്‍, എന്‍.കെ. അബ്ദുറഹിമാന്‍, അഡ്വ. ജി.സി. പ്രശാന്ത്, സി.എന്‍. വിജയകൃഷ്ണന്‍, ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍, ടി.പി. ദാസന്‍,  ഇ. രമേശ് ബാബു,  മനയത്ത് ചന്ദ്രന്‍, എം, നാരായണന്‍ മാസ്റ്റര്‍, എന്‍.കെ. രാമചന്ദ്രന്‍, സി.വി. അജയന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. 
 
 അമിത് ഷായുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളേയും അവയുടെ അനുബന്ധ സ്ഥാപനങ്ങളേയും മുന്‍പന്തിയിലേക്ക് കൊണ്ടുവന്ന്  സംസ്ഥാനങ്ങളിലെ സഹകരണ മേഖലയില്‍ ഇടപെടാനുള്ള  നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍  നടത്തുന്നതെന്ന് സഹകരണ സംരക്ഷ സമിതി ഭാരവാഹികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here