രാജേഷ് തില്ലങ്കേരി

കൊച്ചി: രാജ്യത്തിന് അഭിമാനമായി ഇന്ത്യന്‍ ഹോക്കി ടീം മാറുമ്പോള്‍ അതില്‍ ഏറെ അഭിമാനിക്കുന്നൊരു ഗ്രാമമുണ്ട് കേരളത്തില്‍. എറണാകുളം ജില്ലയിലെ കിഴക്കമ്പലമെന്ന ഗ്രാമമാണ് പി ആര്‍ ശ്രീജേഷ് എന്ന ഹോക്കി ക്യാപ്റ്റനെ രാജ്യത്തിന് സമ്മാനിച്ചത്. അന്താരാഷ്ട്ര ഹോക്കി താരമെന്ന നിലയില്‍ പി ആര്‍ ശ്രീജേഷ് മികച്ച പ്രകടനങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയ ഒട്ടേറെ നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒളിമ്പിക്സ് മെഡലുമായാണ് ഇത്തവണ ശ്രീജേഷ് കിഴക്കമ്പലത്തേക്ക് എത്തുക.

കിഴക്കമ്പലത്തെ പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മെയ് എട്ടിനാണ് പി ആര്‍ ശ്രീജേഷ് ജനിച്ചത്. ഹോക്കിയ്ക്ക് പ്രത്യേകിച്ച് പരിഗണനയൊന്നുമില്ലാത്ത കിഴക്കമ്പലത്തുനിന്നും ശ്രീജേഷ് വളര്‍ന്നു. 2012 ല്‍ ശ്രീജേഷ് ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ അംഗമായിരുന്നു. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ അമരക്കാരനായി. 2015 ല്‍ രാജ്യം പി ആര്‍ ശ്രീജേഷിനെ അര്‍ജുന അവാര്‍ഡ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയ ക്യാപ്റ്റനായിരുന്നു ശ്രീജേഷ്.

മൂന്നാം വട്ടം ഒളിമ്പിക്സില്‍ പങ്കെടുക്കാനായി ടോക്യോയിലേക്ക് പോകുമ്പോള്‍ പി ആര്‍ ശ്രീജേഷ് പറഞ്ഞിരുന്നു. മെഡലുമായിട്ടായിരിക്കും തിരികെയെത്തുകയെന്ന്. ക്യാപ്റ്റന്‍ മാത്രമായിരുന്നില്ല ഇന്ത്യന്‍ ടീമിന്റെ കരുത്തനായ ഗോള്‍ കീപ്പര്‍ കൂടിയായിരുന്നു ശ്രീജേഷ് .

1972 ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ രാജ്യത്തിനായി മാനുവല്‍ ഫ്രെഡറിക് നേടിയ വെങ്കല മെഡലിന് ശേഷം ഹോക്കിയില്‍ വീണ്ടും മെഡലണിയുന്ന താരമായി ശ്രീജേഷ് മാറിയിരിക്കയാണ്. ഇന്ത്യന്‍ ഹോക്കിയുടെ മേല്‍വിലാസമായി ശ്രീജേഷ് മാറിയിരിക്കയാണ്. കഠിനാധ്വാനത്തിന്റെയും നിരനന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ശ്രീജേഷിന്റെ ഈ അഭിമാന നേട്ടം.

രാജ്യത്തിന്റെ സ്വന്തം കായിക വിനോദമായ ഹോക്കിയില്‍ നാല് പതിറ്റാണ്ടിന് ശേഷം വെങ്കലമെഡലില്‍ മുത്തമിടുമ്പോള്‍ അത് ശ്രീജേഷ് എന്ന താരം ഹോക്കിയുടെ ചരിത്രത്തില്‍ എക്കാലത്തെയും സുവര്‍ണ നക്ഷത്രമായിമാറിയിരിക്കയാണ്. ഇന്ത്യന്‍ ടീമിന് കരുത്തരായ ടീമിനെയാണ് നേരിടേണ്ടിയിരുന്നത്. മെഡലില്ലാതെ നാട്ടിലേക്ക് പോകാനാവില്ലെന്ന ബോധമായിരുന്നു ഇന്ത്യന്‍ ടീമില്‍ കണ്ടത്. ഗോളിയായ ശ്രീജേഷിന് ഒരു ചെറിയ അശ്രദ്ധയുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് തലതാഴ്ത്തി നിന്നേനേ. നാലുപതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതിയ ശ്രീജേഷിന് രാജ്യത്തിന്റെ നന്ദി.

അസാധാരണമായ പോരാട്ടവീര്യമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും കണ്ടിരുന്നത്. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീജേഷിന്റെ ഗോള്‍ കീപ്പിംങ് മികവാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. എട്ടോളം സെയിവിംഗുകളാണ് താരം ഈ മല്‍സരങ്ങളില്‍ നടത്തിയത്. ഒളിമ്പിക്സിന് യോഗ്യതപോലും നേടാനാവാതെ പോയ ദയനീയാവസ്ഥയില്‍ നിന്നും ഇന്ത്യന്‍ ദേശീയ കായിക വിനോദത്തെ പിടിച്ചുയര്‍ത്തുന്നതില്‍ വിധിനിര്‍ണായകമായ റോളാണ് ശ്രീജേഷ് വഹിച്ചത്.
ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലിസ്റ്റായത് ശ്രീജേഷ് എന്ന അമരക്കാരന്റെ പിന്‍ബലത്തിലായിരുന്നു.

കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ശ്രീജേഷ് എന്ന കരുത്തനായ ഗോള്‍കീപ്പറെ ഹോക്കി തിരിച്ചറിഞ്ഞു. ജൂണിയര്‍ ഏഷ്യാകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ഗോളിയായി തന്റെ വരവറിയിക്കുകയായിരുന്നു. 2011 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പാക്കിസ്ഥാനെതിരെ രണ്ട് പെനല്‍ട്ടി സ്ട്രോക്കുകള്‍ തടഞ്ഞാണ് ശ്രീജേഷ് എന്ന ഗോളി തന്റെ കരുത്ത് ഉറപ്പിച്ചത്. 2014 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയതോടെ ശ്രീജേഷ് എന്ന ഗോളിയും ക്യാപ്റ്റനും ഇന്ത്യന്‍ ഹോക്കിയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

കരുത്തരായ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ വെങ്കലമെഡലില്‍ മുത്തമിട്ടതോടെ കിഴക്കമ്പലം ഗ്രാം വലിയ ആഘോഷത്തിലാണ്. ടോക്കിയോയില്‍ മുഴങ്ങിക്കേട്ട ആ നായകന്റെ പേര് ഞങ്ങളുടെ സ്വന്തം ശ്രീയാണ്. ഹോക്കിയിലെ മെഡല്‍ നേട്ടത്തില്‍ രാജ്യത്ത് വലിയ ആഘോഷമാണ് നടക്കുന്നത്. ബോളിവുഡ് താരം ഷാറൂക് ഖാന്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹോക്കി ടീമിനും ശ്രീജേഷിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീജേഷിന്റ പേരെടുത്തുകൊണ്ട് അഭിനന്ദിച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here