മലപ്പുറം: പാര്‍ട്ടിയ്ക്കാണ് പ്രാധാന്യമെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍. വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കിയെന്ന വാദങ്ങള്‍ക്കിടെയാണ് മുഈന്‍ അലിയുടെ പ്രതികരണം. ആരോടും വ്യക്തി വിരോധമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണെന്നും മുഈന്‍ അലി പ്രതികരിച്ചു.

കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനം നടത്തി മുഈന്‍ അലി തങ്ങള്‍ നടത്തിയ പരമാര്‍ശം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ ഇടതുനേതാവ് കെടി ജലീല്‍ നടത്തിയ പ്രതികരണവും ശ്രദ്ധ നേടി. ഈ സാഹചര്യത്തിലാണ് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്ന പ്രതികരണവും മുഈന്‍ അലി തങ്ങള്‍ നടത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ അനുമതി ഇല്ലാതെ വാര്‍ത്താ സമ്മേളനം നടത്തി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചെന്ന ആരോപണത്തില്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ലീഗ് ഉന്നതാധികാര സമിതി അദ്ദേഹത്തിനെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മുഈന്‍ അലി തങ്ങളെ പിന്തുണച്ച് പാണക്കാട് കുടുംബവും വിവിധ നേതാക്കളും രംഗത്തെത്തിയതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ മുഈന്‍ അലിക്ക് പരോക്ഷ പിന്തുണയുമായി വിവിധ നേതാക്കളും രംഗത്തെത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here