സ്വന്തം ലേഖകൻ

ആലപ്പുഴ : അരൂർ-ചേർത്തല ദേശീയപാതയുടെ നിർമ്മാണത്തിലുണ്ടായ അപാകതകൾ വിജിലൻസ് അന്വേഷിക്കണമെന്ന എ എം ആരിഫിന്റെ ആവശ്യം തള്ളി മന്ത്രി സജി ചെറിയാൻ രംഗത്ത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് ആരിഫ്  പരാതിനൽകിയതെന്നാണ് മന്ത്രി സജി ചെറിയാൻ പറയുന്നത്.
ജില്ലാ സെക്രട്ടറിയോട് പരാതിക്കാര്യം പറഞ്ഞിരുന്നുവെന്നും വീഴ്ചയുണ്ടെങ്കിൽ പാർട്ടിക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാമെന്നുമാണ് ആരിഫിന്റെ പ്രതികരണം.

ജി സുധാകരനെ കൂടുതൽ വെട്ടിലാക്കുന്നതിനായുള്ള നീക്കമാണ് ആരിഫ് എം പി നടത്തിയതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. അമ്പലപ്പുഴ വിവാദത്തിലും ഒരു കക്ഷി ആരിഫാണ്. എച്ച് സലാമും ആരിഫും ചേർന്നാണ് ജി സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന പോസ്റ്റർ വിവാദത്തിലും ആരിഫ് എതിർപക്ഷത്തുണ്ടായിരുന്നു. ആരിഫും അമ്പലപ്പുഴ സ്ഥാനാർത്ഥി എച്ച് സലാമും ഒരുമിച്ചുള്ള പോസ്റ്റർ പതിച്ച സംഭവം ജി സുധാകരനെ പ്രകോപിപ്പിച്ചിരുന്നു.  ആലപ്പുഴ എം പി മാത്രമായ ആരിഫിന്റെ ഫോട്ടോ എന്തിനാണ് അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയുടെ കൂടെ ചേർത്തുവച്ച് പോസ്റ്റർ അടിച്ചതെന്നായിരുന്നു സുധാകരന്റെ ചോദ്യം. മുൻ എം എൽ എ എന്ന നിലയിൽ ജി സുധാകരനെ മാറ്റി നിർത്തി ആരിഫ് നടത്തിയ ഇടപെടലുകളാണ് സുധാകരനെ ചൊടിപ്പിച്ചത്.
ജി സുധാകരനെതിരെ വിജിലൻസ് അന്വേഷണം നടത്തി, കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടാനുള്ള നീക്കമാണ് ആരിഫ് നടത്തുന്നത്. എന്നാൽ ഈ നീക്കം ആരിഫിനെ തിരിച്ചു കുത്തുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. സജി ചെറിയാൻ സുധാകരവിരുദ്ധനാണ്. എന്നാൽ ആരിഫിന്റെ നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് സജി ചെറിയാനിപ്പോൾ.
കൂടുതൽ പ്രതികരണങ്ങൾ ആരിഫിനെതിരെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. മുൻമന്ത്രി ഡോ തോമസ് ഐസക് സുധാകരൻ വിഷയത്തിൽ മൗനത്തിലാണ്.  ചിത്തരഞ്ചൻ എം എൽ എയും ആരിഫിനൊപ്പം നിൽക്കുന്നയാളാണെങ്കിലും റോഡ് വിവാദത്തിൽ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ജി സുധാകരനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയതോടെ ആരിഫ് ഒറ്റപ്പെടുകയാണ്. 
 

LEAVE A REPLY

Please enter your comment!
Please enter your name here