സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമായി (ആസാദി കാ അമൃത് മഹോത്സവ്) കൊണ്ടാടപ്പെടുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ യുഎന്‍ ആസ്ഥാനമന്ദിരവും ത്രിവര്‍ണമണിയും

ന്യൂഡെല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടവും ജനീവയിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനവുമുള്‍പ്പെടെ 75 ലോകനഗരങ്ങളിലുള്ള ആഗോളപ്രശസ്തമായ വാസ്തുശില്‍പ്പ വിസ്മയങ്ങള്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ത്രിവര്‍ണങ്ങളാല്‍ അലങ്കരിക്കപ്പെടും. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമായി (ആസാദി കാ അമൃത് മഹോത്സവ്) കൊണ്ടാടപ്പെടുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ ഏറെയുള്ള യുഎസ്എ, യുകെ, ദുബായ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള 75 ലോകപ്രസിദ്ധ കെട്ടിടങ്ങളും നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുമാണ് ഓഗസ്റ്റ് 15 വൈകുന്നേരം മുതല്‍ 16 ഓഗസ്റ്റ് പ്രഭാതം വരെ ത്രിവര്‍ണങ്ങളാല്‍
അലങ്കരിക്കപ്പെടുക. ജനീവയിലെ യുഎന്‍ ആസ്ഥാനമന്ദിരത്തിനു പുറമെ ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ്സ് ബില്‍ഡിംഗ്, ദുബൈയിലെ ബുര്‍ജ് ഖലീഫ, റഷ്യയിലെ ഇവല്യൂഷന്‍ ടവര്‍, അബുദാബിയിലെ അഡ്നോക് ഗ്രൂപ്പ് ടവര്‍, യുകെയിലെ ബര്‍മിംഗ്ഹാമിലെ ലൈബ്രറി ബില്‍ഡിംഗ് തുടങ്ങിയ ആഗോളപ്രതീകങ്ങളായിത്തീര്‍ന്നിട്ടുള്ള വാസ്തുശില്‍പ്പ വിസ്മയങ്ങളാണ് ഇന്ത്യയോടും ഇന്ത്യക്കാരോടുമുള്ള ബഹുമാനാര്‍ത്ഥം ഇങ്ങനെ ത്രിവര്‍ണമണിയുക.

അനിശ്ചിതാവസ്ഥയുടെ ഈ സമയത്ത് ആസാദി കാ അമൃത് മഹോത്സവിനെ ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ പങ്കാളിത്തവേദിയാക്കാന്‍ ലക്ഷ്യമിട്ടാണ് വിദേശകാര്യമന്ത്രാലയം ഈ ദൃശ്യവിസ്മയം ആവിഷ്‌കരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ അഭിമാനാര്‍ഹമായ നിമിഷങ്ങളെ ഓര്‍മിപ്പിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിലൂടെ വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന നല്ലൊരു പങ്ക് ഇന്ത്യക്കാര്‍ക്കും എല്ലാ ആവേശത്തോടും കൂടി നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

2021 മാര്‍ച്ച് 12-നാണ് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ക്യാംപെയിനിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്ു. 1930-ല്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച ദിവസമായിരുന്നു മാര്‍ച്ച് 12. 2023 ഓഗസ്റ്റ് 15 വരെ ഈ ക്യാംപെയിന്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here