സ്വന്തം ലേഖകൻ

കണ്ണൂർ : സി പി എമ്മിന് ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഘടകമാണ് കണ്ണൂർ. കണ്ണൂരിലാണ് ഇത്തവണത്തെ സി പി എം പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ പ്രധാന നേതാക്കൾ ഏറെയും കണ്ണൂരിൽ നിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഈ ജില്ലക്കാരാണ്. സി പി എമ്മിന്റെ ശക്തരായ നേതാക്കളെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് ജയരാജന്മാർ, മന്ത്രി എം വി ഗോവിന്ദൻ, മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചർ തുടങ്ങി വൻ താര നിരതന്നെ സി പി എമ്മിന് കണ്ണൂരിൽ നിന്നുണ്ട്. പാർട്ടിയിൽ വലിയതോതിൽ വിഭാഗീതയുയർന്നപ്പോഴും കണ്ണൂർ പാർട്ടി ഒറ്റക്കെട്ടായിരുന്നു. ഒരു പക്ഷേ കണ്ണൂർ പാർട്ടി അന്ന് പിണറായി വിജയന്റെ പിന്നിൽ ഒറ്റക്കെട്ടായി നിന്നില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ ചിലപ്പോൾ ഇന്നു കാണുന്ന രീതിയിൽ ആയിരിക്കില്ല.


എന്നാൽ കണ്ണൂരിൽ പാർട്ടിയുടെ സ്ഥിതിയിപ്പോൾ അത്രശുഭകരമല്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാർട്ടിയിലെ ഇരുചേരികൾ തമ്മിലുള്ള വലിയ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യമൊക്കെ ചേരിപ്പോരിനെ സംസ്ഥാന നേതൃത്വം കാര്യമായി കണ്ടിരുന്നില്ല, എന്നാൽ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മനസിലായതോടെയാണ് ഉന്നത ഇടപെടലുകൾ. കോടിയേരി ബാലകൃഷ്ണനെയാണ് പാർട്ടി നേതൃത്വം പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കോടിയേരിക്ക് ജില്ലയിലെ നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് ഈ ദൗത്യത്തിന് തെരഞ്ഞെടുക്കാൻ കാരണം.
പാർട്ടിയിലെ പ്രമുഖരായ രണ്ട് ജയരാജന്മാർ പാർട്ടി റൂട്ടിലല്ല ഇപ്പോൾ. മുൻമന്ത്രി ഇ പി ജയരാജൻ എല്ലാം അവസാനിപ്പിച്ച മട്ടാണ്. ഒരു സമയത്ത് മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാവുമെന്നുവരെ കരുതിയിരുന്നവരുണ്ട്. എന്നാൽ ഇ പി ജയരാജൻ പാർട്ടിയിൽ തഴയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്.


പി ജയരാജന് രണ്ട് വർഷമായി പ്രത്യേക ചുമതലകളൊന്നും പാർട്ടി നൽകിയിട്ടില്ല. പി ജെ ആർമിയെന്ന സോഷ്യൽമീഡിയ ഗ്രൂപ്പിന്റെ ഇടപെടലാണ് ജയരാജന് വിനയായത്. യുവാക്കളുടെ ഗ്രൂപ്പുമായി വളരെ അടുത്ത ബന്ധമാണ് പി ജയരാജനുള്ളത്. നിരവധി വിവാദങ്ങൾക്ക് കാരണമായ അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ ഗ്രൂപ്പുകളെല്ലാം തഴച്ചുവളർന്നത് പി ജെ ആർമ്മിയുടെ പിൻബലത്തിലാണ്. പി ജയരാജനെതിരെ ശക്തമായ നിലപാടാണ് മറ്റു നേതാക്കൾ ആവശ്യപ്പെടുന്നത്.


പാർട്ടിയിൽ തഴയപ്പെട്ടതിന്റെ നീരസത്തിൽ കഴിയുന്ന മറ്റൊരു നേതാവാണ്
എം സുരേന്ദ്രൻ. ദേശാഭിമാനി മാനേജർ ഒക്കെയായിരുന്ന എം സുരേന്ദ്രനും പാർട്ടിയിൽ ഇപ്പോൾ സജീവമല്ല. പാർട്ടിയിൽ അവധിക്ക് അപേക്ഷിച്ചിരിക്കയാണ് എം സുരേന്ദ്രൻ. മുൻ അഴീക്കോട് എം എൽ എയും ജില്ലയിലെ പ്രമുഖ നേതാവുമായ എം പ്രകാശൻ മാസ്റ്ററും കടുത്ത പ്രതിഷേധത്തിലാണ്. പാർട്ടിയിൽ പരിഗണനകൾ ലഭിക്കുന്നില്ല എന്നാണ് പ്രധാന ആരോപണം. മറ്റു ജില്ലകളിലെ നേതാക്കൾക്ക് ലഭിക്കുന്ന പരിഗണനകളൊന്നും കണ്ണൂരിലെ നേതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ചില നേതാക്കൾ ഉന്നത പദവിയിൽ എത്തിയതോടെ മറ്റു നേതാക്കൾക്ക് വിനയായി എന്നാണ് പാർട്ടിയിൽ ഉയരുന്ന പ്രധാന ആരോപണം.

കണ്ണൂരിലെ പാർട്ടിയിൽ പുകയുന്ന പ്രതിസന്ധികൾ താഴേക്കിടയിലേക്ക് വളരാൻ തുടങ്ങിയതോടെയാണ് കോടിയേരി നേരിട്ട് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നടന്ന യോഗത്തിൽ കെ പി സഹദേവൻ-പി ജയരാജൻ തർക്കം നൽകുന്നത് അത്ര ശുഭകരമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പി ജയരാജനും സി ഐ ടി യു നേതാവായ കെ പി സഹദേവനും തമ്മിലുണ്ടായ വാക് തർക്കം താക്കീതിൽ ഒതുങ്ങിയിരുന്നു. പാർട്ടി സമ്മേളനങ്ങൾ ആരഭിക്കാനിക്കാനിരിക്കെ ഈ വിഷയങ്ങൾ  അണികളിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. വിഭാഗീയത അണികളിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണ് പാർട്ടി സ്വീകരിക്കുന്നത്. രണ്ടുവർഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കോടിയേരി  ഇത്തരം യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നിട്ടും കോടിയേരിയെ ഇറക്കിയത് വിഷയം പെട്ടെന്ന് പരിഹരിക്കാനായാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here