സ്വാതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് 1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട പോരാളികളുടെ പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ചിനെ (ഐസിഎച്ച്ആര്‍) ഉപയോഗിച്ച് സ്വാതന്ത്ര്യസമര ചരിത്രം വളച്ചൊടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കംചെയ്യാനുള്ള ശുപാര്‍ശ ചരിത്രത്തോടുള്ള അനീതിയാണ്. ബ്രിട്ടീഷ് ആധിപത്യവും ജാതി-ജന്മിത്ത ചൂഷണവും ഇല്ലാതാക്കി സ്വതന്ത്രജീവിതം സാധ്യമാക്കുകയായിരുന്നു 1921ലെ മലബാര്‍ സമരത്തിന്റെ ലക്ഷ്യം. അതിന് നേതൃത്വം നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന ഐസിഎച്ച്ആര്‍ മൂന്നംഗസമിതിയുടെ നിരീക്ഷണവും മതപരിവര്‍ത്തനമായിരുന്നു ലക്ഷ്യമെന്നും ദേശീയത ഉള്ളടക്കമല്ലായിരുന്നുവെന്ന റിപ്പോർട്ടിലെ പ്രഖ്യാപനവും ചരിത്രത്തെ ഒറ്റുകൊടുക്കലാണ്. ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് ഹാജി. സമരകാലത്ത് അറസ്റ്റിലായവരുടെ മേല്‍ ചുമത്തിയ കുറ്റം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നതാണ്. ഇതിന് ബ്രിട്ടീഷ് അധികാരികളുടെതന്നെ രേഖകള്‍ തെളിവാണ്. പ്രത്യേക കോടതികള്‍ സ്ഥാപിച്ച് വിചാരണയ്ക്കുശേഷമാണ് സമര നേതാക്കളെ അറസ്റ്റ് ചെയ്തതും വധശിക്ഷ നടപ്പാക്കിയതും. അത് മാനിക്കാതെ സാമുദായിക കലാപം മാത്രമാക്കി മലബാര്‍ സമരത്തെ ചിത്രീകരിക്കുന്നത് ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. മോദി സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here