കോഴിക്കോട്: കൊവിഡ് കേസുകൾ കുറയാതെ നിൽക്കുന്നതിനൊപ്പം നിപയും സ്ഥിരീകരിച്ചതിനെ തുടർന്ന് കരുതലോടെ സംസ്ഥാനത്തെ ആരോഗ്യരംഗം. കോഴിക്കോട് മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവിഭാഗം കൃത്യമായ മുന്നൊരുക്കം നടത്തി സജ്ജമായിട്ടുണ്ട്. മുമ്പ് 2018 മെയിലാണ് കേരളത്തെ ആശങ്കയിലാക്കി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചത്. അന്ന് 18പേരാണ് മരിച്ചത്. കൃത്യമായ മുന്നൊരുക്കത്തിലൂടെയും കർശന നിയന്ത്രണത്തിലൂടെയും നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. 2019 ജൂണിലും ഒരാൾക്ക് നിപ സ്ഥിരീകരിച്ചു. നിലവിൽ കൊവിഡ് വ്യാപനം മൂലം സംസ്ഥാനം വലയുമ്പോഴാണ് നിപയും സ്ഥിരീകരിച്ചത് എന്നതാണ് ആശങ്ക.

ശനിയാഴ്ച രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്. മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലർച്ചെ മരിച്ചു. നിപ വ്യാപനം നേരിടാൻ അടിയന്തര കർമപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്ടെ മന്ത്രിമാരായ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കി. പ്രഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. നാല്. ദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശ വാസികൾക്കോ രോഗ ലക്ഷണങ്ങൾ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോർജ്  കൂട്ടിച്ചേർത്തു.

ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങൾ ഉള്ളതിനാൽ അത് തുടർന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ വേണ്ട നിർദേശങ്ങൾ നൽകി.

വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 )  അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ഛർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ 17 പേർ നിരീക്ഷണത്തിലാണ്. കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ച് പേരാണ് ഉള്ളത്. രോഗം ബാധിച്ച് മരിച്ച 12 വയസുകാരൻറെ സംസ്‌ക്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ 9 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ യോഗം ചേരും. ആരോഗ്യമന്ത്രിക്ക് നൽകേണ്ട പ്ലാൻ തയ്യാറാക്കും. ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തും. സ്ഥിതി വിലയിരുത്താൻ 12 മണിക്ക് ഉന്നതതലയോഗവും ചേരും.

അതേസമയം, കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ മൃതദേഹം സംസ്‌കരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റർ ചുറ്റളവിൽ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ൽ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്‌കരിച്ചിരുന്നത്. അതിനിടെ, കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here