കായംകുളം: മന്ത്രിക്കെതിരേ വിമര്‍ശനവുമായി ഭരണകക്ഷി എം.എല്‍.എ: യു. പ്രതിഭ. പലതവണ വിളിച്ചാലും തനിക്ക്‌ അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നു പ്രതിഭ ആരോപിച്ചു. ഗവ. ടൗണ്‍ യു.പി. സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്‌ സര്‍വശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുമ്പോഴായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ എം.എല്‍.എയുടെ വിമര്‍ശനം.
വ്യക്‌തിപരമായ കാര്യങ്ങള്‍ക്കല്ല വിളിക്കുന്നതെന്ന്‌ ആ മന്ത്രി മനസിലാക്കണമെന്നും പ്രതിഭ പറഞ്ഞു. തിരക്കുണ്ടാകുമെന്ന്‌ കരുതി നൂറുവട്ടം ആലോചിച്ചിട്ടാണു മന്ത്രിയെ വിളിക്കുന്നത്‌.
ഞങ്ങളെയൊക്കെ വ്യക്‌തിപരമായ കാര്യം പറയാന്‍ നിരവധിപ്പേര്‍ വിളിക്കാറുണ്ട്‌. ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട്‌ തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്‌. അപൂര്‍വമായാണു മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. ഫോണ്‍ എടുക്കാത്ത മന്ത്രിയാരാണെന്നു പ്രതിഭ പറഞ്ഞില്ലെങ്കിലും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയാണ്‌ ഒളിയമ്പെന്നാണു സൂചന. എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണു ശിവന്‍കുട്ടിയെന്നും പ്രതിഭ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here