കോട്ടയം: പാലാ ബിഷപ്പിന്റെ നാർകോടിക്‌സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്‌നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി വിഎൻ വാസവൻ. കോട്ടയത്ത് പാലാ ബിഷപ്പിനെ നേരിൽക്കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു. തീർത്തും വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത്. നാർകോടിക്‌സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

നാർകോടിക്‌സ് ജിഹാദ് വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് പറഞ്ഞ മന്ത്രി അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here