തിരുവനന്തപുരം: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാപനത്തേയ്ക്ക് പാർട്ടി നേതൃത്വം പേര് നിർദേശിച്ചതിനു പിന്നാലെ കൂടിക്കാഴ്ചകൾക്കായി സുരേഷ് ഗോപി ഡൽഹിയ്ക്ക് തിരിക്കുന്നു. നാളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച. സുരേഷ് ഗോപി ബിജെപി അധ്യക്ഷനായേക്കുമെന്നുള്ള വാർത്തകൾ അദ്ദേഹം തന്നെ നിഷേധിച്ചതിനു പിന്നാലെയാണ് ഡൽഹി യാത്രയെപ്പറ്റിയുള്ള 24 ന്യൂസ് റിപ്പോർട്ട്.

ഡൽഹിയിലെത്തുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ ബി ജെ പിയ്ക്ക് പൊതുജനാടിത്തറ മെച്ചപ്പെടുത്താൻ സാഹായിക്കുമെന്നാണ് ബി ജെ പി കരുതുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപേ കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നടക്കം കൂടുതൽ പേരെ പാർട്ടിയ്‌ക്കൊപ്പം നിർത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. പരമ്പരാഗത വോട്ടുബാങ്കുമായി മുന്നോട്ടുപോയാൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രയോജനം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് പാർട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൽ നടത്തുന്ന പൊളിച്ചുപണി. ഞായറാഴ്ചയാണ് സുരേഷ് ഗോപി ഡൽഹിയ്ക്ക് തിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത പരാജയത്തിനു പിന്നാലെയാണ് സംസ്ഥാന ഘടകത്തിൽ വലിയ അഴിച്ചുപണി നടത്താൻ കേന്ദ്രനേതൃത്വം തീരുമാനിച്ചത്. തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് പഠനം നടത്തി കേന്ദ്ര സർക്കാരിനു സ്വതന്ത്ര സമിതി സമർപ്പിച്ച റിപ്പോർട്ടിലും സംസ്ഥാന നേതൃത്വത്തിനായിരുന്നു കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് ആറു മാസത്തിനികം പാർട്ടി പുനഃസംഘടന പൂർത്തിയാക്കാൻ ബിജെപി തീരുമാനിച്ചത്.

സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനെ മാറ്റി പകരം പുതിയ ആളെ കൊണ്ടുവരാനാണ് ബി ജെ പിയുടെ പദ്ധതി. ഇക്കാര്യത്തിൽ പ്രഥമ പരിഗണന സുരേഷ് ഗോപിയ്ക്കാണെന്നാണ് 24 റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ സുരേഷ് ഗോപി തള്ളുകയായിരുന്നു. സാധാരണ പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നും പാർട്ടി ഏൽപ്പിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പാടവമുള്ളവരാണ് നേതൃപദവിയിലേയ്ക്ക് വരേണ്ടതെന്നും അധ്യക്ഷനാകാൻ താൻ തയ്യാറല്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇക്കാര്യത്തിൽ ഈ വർഷം അവസാനത്തോടെ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപായി ബിജെപിയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പുതിയ അധ്യക്ഷനു മുന്നിലുള്ള ഭാരിച്ച ചുമതല. അടുത്തിടെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിനു പിന്നാലെ ബാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് സംസാരിക്കാൻ ബി ജെ പി നേതൃത്വം ചുമതലപ്പെടുത്തിയത് സുരേഷ് ഗോപിയെ ആയിരുന്നു. ഈ നീക്കം ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു മാസങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപി വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here