കൊച്ചി:  മുതിർന്ന നേതാവ് വി എം സുധീരന്റെ  രാജിയുമായി ബന്ധപ്പെട്ട്  കെ പി സി സി പ്രസിഡന്റുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി അംഗം താരിഖ് അൻവർ.  അതിന് ശേഷം ആവശ്യമെങ്കിൽ സുധീരനെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് ദിവസം തിരുവനന്തപുരത്ത് മുതിർന്ന നേതാക്കളുമായെല്ലാം ചർച്ച നടത്തുമെന്നും താരിഖ് അൻവർ അറിയിച്ചു.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കെ പി സി സി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി എം സുധീരൻ  കെ പി സി സി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം  സുധീരൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരൻറെ രാജി.

വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ  കെ സുധാകരൻ പ്രതികരിച്ചത്. രാജി വച്ചുകൊണ്ടുള്ള കത്ത് കെപിസിസിക്ക് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം, കത്തിലെ ഉള്ളടക്കം അറിയില്ലെന്നും നാളെ പരിശോധിക്കുമെന്നും കണ്ണൂരിൽ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരൻ പറയുന്നു. ‘അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്‌നം’. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

സുധീരൻ രാജിവച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. രാജി നിർഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്ട്രീയ കാര്യ സമിതിയിൽ വേണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here