ന്യൂഡൽഹി: ഇറ്റലിയിൽ നടക്കുന്ന ലോക സമാധാന സമ്മേളത്തിൽ പങ്കെടുക്കുന്നതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുമതി നൽകാതെ കേന്ദ്രം. വത്തിക്കാനിൽ വെച്ച് ഒക്ടോബറിലാണ് സമ്മേളനം നടക്കുന്നത്. ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ല ഇതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നത്.

മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ്പ് , ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവരും പങ്കെടുക്കുന്നുണ്ട്. മറ്റ് പ്രതിനിധികൾ ഇല്ലാതെ എത്തണമെന്നാണ് ഇറ്റാലിയൻ സർക്കാർ മമതയോട് അഭ്യർത്ഥിച്ചത്. തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.

കേന്ദ്രത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് തൃണമൂൽ വക്താവ് ദേബാൻഷു ഭട്ടാചാര്യ ഉന്നയിച്ചിരിക്കുന്നത്. ‘കേന്ദ്രസർക്കാർ റോമിൽ പോകുന്നതിന് ദീദിക്ക് അനുമതി നിഷേധിച്ചു. നേരത്തെ ചൈനാ യാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നു. അന്താരാഷ്ട്ര ബന്ധങ്ങളും ദേശ താൽപര്യവും മാനിച്ച് ഞങ്ങൾ അത് അംഗീകരിച്ചു. ഇപ്പോൾ ഇറ്റലി എന്തുകൊണ്ട് മോദി ജീ? താങ്കൾക്ക് ബംഗാളിനോടുള്ള പ്രശ്‌നമെന്താണ്?’ ദേബാൻഷു ട്വീറ്റ് ചെയ്തു.

ഇറ്റലി യാത്രക്ക് അനുമതി നൽകാത്തതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് തൃണമൂലിന്റെ ആരോപണം. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. അതേസമയം മമത ഗോവ സന്ദർശിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മമത ഗോവ സന്ദർശിക്കുന്നത്. ബി ജെ പിയെ നേരിടാനാണ് തൃണമൂൽ കോൺഗ്രസിന്റെ പദ്ധതി. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും മമതയ്‌ക്കൊപ്പം ഗോവയിലെത്തും. പ്രശാന്തിന്റെ ഐ പാക്കിൽ നിന്നുള്ള 200 അംഗ സംഘം തൃണമൂൽ കോൺഗ്രസിനു വേണ്ടി ഗോവയിൽ പ്രവർത്തിക്കും. ബംഗാളിൽ തൃണമൂലിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത് ഐ പാക്ക് സംഘമായിരുന്നു. 2022 ഫെബ്രുവരിയിൽ ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here