കോഴിക്കോട് : എക്സൈസ് വകുപ്പിലെ ജീവനക്കാർ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കോ, പ്രസിദ്ധീകരണങ്ങൾക്കോ ബാർ ലൈസൻസികളുടെ സാമ്പത്തിക സഹായം സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ രണ്ടാംവാരം എക്‌സൈസ് കമ്മീഷണറേറ്റില്‍ വകുപ്പിലെ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ഓണ്‍ലൈനില്‍ സംസാരിച്ചിരുന്നു. തുടർന്നാണ് ഉത്തരവിറങ്ങിയത്. ഇതു സംമ്പന്ധിച്ച് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ എഫ്.ബി പോസ്റ്റിലും വ്യക്തമാക്കിയിട്ടുണ്ട്.

വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലൈസന്‍സികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്നത് അബ്കാരി ആക്ടിലെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും സംഘടനകള്‍ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കും ലൈസന്‍സികളില്‍ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് സേന ഉറപ്പുവരുത്തണം.

എക്‌സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ പുറത്തിറക്കുന്ന ഡയറി മറ്റ് പ്രസിദ്ധീകരണങ്ങളില്‍ ലൈസന്‍സികളില്‍ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ഉദ്ധരിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരെന്ന നിലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു വിധത്തിലുള്ള അഴിമതിക്കും കൂട്ടുനില്‍ക്കരുതെന്ന് ഉത്തരവിലൂടെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന അച്ചടക്ക നടപടികള്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലൂടെ എക്‌സൈസ് വകുപ്പിനെ അഴിമതി മുക്തമാക്കാനുള്ള ശക്തമായ ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ലൈസന്‍സികളോട് മൃദു സമീപനവും വിധേയത്വ, പ്രത്യുപകാര മനോഭാവങ്ങളും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന കര്‍ശനമായ നിര്‍ദേശം പാലിക്കപ്പെടുമ്പോള്‍ എക്‌സൈസ് വകുപ്പ് കൂടുതല്‍ സംശുദ്ധമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here