തിരുവനന്തപുരം: വിശപ്പുരഹിത കേരളം യാഥാര്‍ത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി കുടുംബശ്രീയേയും ജനകീയ ഹോട്ടലുകളെയും തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചത്.

ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ പുലരുന്നുണ്ടെന്നും മായം ചേര്‍ക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാര്‍ക്ക് കുറഞ്ഞ ചിലവില്‍ കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനും ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റാനും കൈകള്‍ കോര്‍ക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയര്‍ത്താനും കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഗുണപ്പെടുന്നുണ്ട്. കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകര്‍ത്താന്‍ മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവിടേക്ക് വരാറുമുണ്ട്. മികവുകളുടെ സ്ത്രീപര്‍വ്വം എന്നുതന്നെയാണ് കുടുംബശ്രീയെ വിശേഷിപ്പിക്കേണ്ടതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വാര്‍ത്തയില്‍ പ്രതിപാദിക്കുന്ന കോഴിക്കോടുള്ള ജനകീയ ഹോട്ടല്‍ 2018 മുതല്‍ ജില്ലാ വെറ്ററിനറി ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുകയാണ്. നാല് സംരംഭകര്‍ ഉള്‍പ്പെടെ പന്ത്രണ്ട് വനിതകളുടെ ജീവിത മാര്‍ഗം കൂടിയാണ് ഹോട്ടല്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ സെന്‍ട്രല്‍ സി ഡി എസില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമാണത്. 2020 മുതലാണ് ജനകീയ ഹോട്ടലായത്.

തെരുവില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുടെ താല്‍ക്കാലിക ഷെല്‍ട്ടറിലും കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ സി എഫ് എല്‍ ടി സികളിലും ഇവിടെ നിന്ന് മുടങ്ങാതെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 104 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍ 75 എണ്ണവും നഗരപ്രദേശത്ത് 29 എണ്ണവും. കോര്‍പ്പറേഷന്‍ പ്രദേശത്ത് 14 ജനകീയ ഹോട്ടലുകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

പ്രതിദിനം 25000 മുതല്‍ 27000 വരെ ഊണുകളാണ് ഇവിടങ്ങളിലൂടെ നല്‍കുന്നത്. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ക്ക് വൃത്തിയുടെയും പ്രവര്‍ത്തന മികവിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് സ്റ്റാറ്റസ് നല്‍കി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമം കുടുംബശ്രീ നടത്തുന്നുണ്ട്. മറ്റൊരു ഹോട്ടല്‍ ശൃംഖലയും ഈ വിധത്തില്‍ സ്വയംവിമര്‍ശനാത്മകമായി പരിശോധിക്കുകയോ, കൂടുതല്‍ മെച്ചപ്പെടാന്‍ പരിശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here