ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുബാലിക മരിച്ചു. തൊടുപുഴ മുതലിയാർമഠം പറമ്പുകാട്ടിൽ അജികുമാറിന്റെ മകൾ അതുല്യ (അമ്മു – ആറ്) ആണു മരിച്ചത്. പരുക്കേറ്റ അജികുമാർ (42), മകൾ ആദിത്യ (ഒൻപത്) എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രണ്ടരയോടെ തൊടുപുഴ റോഡിൽ കളത്തൂക്കടവ് കരികിലക്കാനത്തിനു സമീപമായിരുന്നു അപകടം. തൊടുപുഴയിൽനിന്നു പൂഞ്ഞാറിലെ ഭാര്യവീട്ടിലേക്കു വരികയായിരുന്നു അജികുമാറും മക്കളും.

ഇവരുടെ കാർ പാലായിൽനിന്നു മങ്കൊമ്പിലേക്കു പോയ സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്. അജികുമാറിനെയും ആദിത്യയെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്ക്കു സാരമായി പരുക്കേറ്റ അതുല്യയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂഞ്ഞാർ പനച്ചിപ്പാറ മഞ്ചുനിവാസിൽ മഞ്ജുവാണ് അജികുമാറിന്റെ ഭാര്യ.

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പറമ്പുകാട്ട് ട്രേഡേഴ്സ് എന്ന പേരിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് അജികുമാർ. ഭാര്യയെ കടയിലാക്കിയ ശേഷമാണു പൂഞ്ഞാറിലേക്ക് യാത്രതിരിച്ചത്. അതുല്യയുടെ കണ്ണുകൾ ദാനം ചെയ്തു. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ യുകെ.ജി വിദ്യാർഥിനിയായിരുന്നു. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here