കണ്ണൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിക്ക് മുന്നിൽ നാളെ മുതൽ നിരാഹര സമരം. പണം നഷ്ടപ്പെട്ട നിക്ഷേപകരാണ് നാളെ മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചത്. ഇത് സൂചനാ പ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

സൊസൈറ്റിയുടെ ആസ്തിവിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും പണം നൽകാമെന്ന് സി പി എം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പേരാവൂർ ഹൗസ് ബിൽഡിംസ് സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സി പി എം ജില്ലാ- പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാ നേതൃത്വം ആവർത്തിക്കുമ്പോൾ അക്കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം.

സൊസൈറ്റിയുടെ ആസ്തി വിറ്റും കുറ്റക്കാരായവരിൽ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം മുഴുവൻ തിരിച്ചുകൊടുക്കുമെന്ന് സി പി എം പറയുമ്പോഴാണ് പരസ്പര വിരുദ്ധമായ പ്രതികരണങ്ങളുണ്ടാകുന്നത്. എന്നാൽ പാർട്ടിയുടെ അനുമതി ഉണ്ടോ ഇല്ലയോ എന്ന ചർച്ചയല്ല വേണ്ടതെന്നും പണം എന്ന് തരാനാകുമെന്ന് വ്യക്തമാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. ചിട്ടിപ്പണം വകമാറ്റി ശമ്പളത്തിന് ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തും.

സി പി എം നിയന്ത്രണത്തിലുള്ള  പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരിൽ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തിയത്. കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here