കോഴിക്കോട്: ഭാരതത്തിൽ ഋഷിത്വത്തിന് ലിംഗഭേദമുണ്ടായിരുന്നില്ലെന്ന് ഹരികൃഷ്ണൻ ഹരിദാസ്. കേസരി സർഗോത്സവത്തിൽ ‘ഉപനിഷദ് സംവാദങ്ങളിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വേദകാലം മുതൽ തന്നെ ഭാരതത്തിൽ സ്ത്രീകൾക്ക് ഉന്നതസ്ഥാനം കല്പിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ ശ്രുതിമാതാവ് എന്നാണ്. ബ്രഹ്മജ്ഞാനം നേടിയ അനേകം സ്ത്രീകൾ അക്കാലത്ത് തന്നെ ഭാരതത്തിൽ ഉണ്ടായിരുന്നു. ശങ്കരാചാര്യരും മണ്ഡനമിശ്രനും തമ്മിലുള്ള സംവാദത്തിന് വിധികർത്താവായിഇരുന്നത് ഉഭയഭാരതിയെന്ന സ്ത്രീയായിരുന്നു. ജനകസഭയിൽ പണ്ഡിതനായ യാജ്ഞവൽക്യനോട് സംവാദം നടത്തിയത് ഗാർഗ്ഗിയെന്ന ബ്രഹ്മവാദിനിയാണ്. സംവാദിവിദ്യ എന്നറിയപ്പെടുന്ന ഉപനിഷത്തുകളിലും ശക്തമായ സ്ത്രീ സാന്നിധ്യം കാണാൻ കഴിയും. ഐതരേയം പോലെ സ്ത്രീകളുടെ പേരിൽ അറിയപ്പെടുന്ന ഉപനിഷത്തുകൾ പോലുമുണ്ട്. ഇതെല്ലാം ഭാരതം സ്ത്രീത്വത്തിന് നൽകിയ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സുപ്രിയ എ.കെ. അദ്ധ്യക്ഷത വഹിച്ചു. പ്രിയ പി.ജി സ്വാഗതവും വനജ എസ്.നായർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡോ. എൻ.ആർ. മധു രചിച്ച ചെറുകഥാ സമാഹാരമായ ‘ബുദ്ധൻ ചിരിക്കാത്ത കാലം’ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ചലച്ചിത്ര താരം വിധുബാലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ. ഷാബുപ്രസാദ്. ഡോ. എൻ.ആർ മധു എന്നിവർ സംസാരിച്ചു.
അഡ്വ. വി. പത്മനാഭൻ രചിച്ച ‘വേമ്പനാട്’ എന്ന നോവൽ വിധുബാല ഹരികൃഷ്ണൻ ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. ഡോ. ഇടനാട് രാജൻ നമ്പ്യാർ അവതരിപ്പിച്ച ചാക്യാർകൂത്തും യജ്ഞേശ്വർ ശാസ്ത്രിയും സംഘവും ചേർന്ന് അവതരിപ്പിച്ച ഭജനയും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here