പത്തനംതിട്ട : ആരോഗ്യരംഗത്തെ പ്രവർത്തകർക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയിൽ വിതരണം ചെയ്ത 14 ആബുലൻസുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം.പി വികസന ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലൻസുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആതുര മേഖലയ്ക്ക് ആദരവോടെ നൽകുന്ന കൈത്താങ്ങാണ് നൽകുന്ന ആംബുലസുകൾ. കോവിഡ് മഹാമാരി നാട്ടിൽ പടർന്നു പിടിച്ചപ്പോൾ പരിമിതികളിൽ നിന്ന് വീറോടെ പോരാടിയവരാണ് ആരോഗ്യ പ്രവർത്തകർ. 20 ആംബുലൻസുകളാണ് പാർലമെന്റ് മണ്ഡലത്തിൽ നൽകുന്നത്. ഗ്രാമീണ മേഖലയിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ ആരോഗ്യരംഗത്തെ വലിയ ചുവടുവയ്പ്പായി ഇത് മാറുമെന്നും എം.പി പറഞ്ഞു. ആംബുലൻസ് വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ച ജില്ലാ ഭരണകേന്ദ്രത്തെയും  ഡി.എം.ഒ ഓഫീസിനേയും അദ്ദേഹം അഭിനന്ദിച്ചു.

എം.പി യുടെ 2019-20 പ്രാദേശിക വികസന പദ്ധതി ഉപയോഗിച്ചാണ് 14 ആംബുലൻസുകൾ ജില്ലയ്ക്ക് ലഭ്യമാക്കിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ഓമല്ലൂർ കുടുംബാരോഗ്യകേന്ദ്രം, നിരണം കുടുംബാരോഗ്യകേന്ദ്രം, തുമ്പമൺ സാമൂഹികാരോഗ്യകേന്ദ്രം, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി-പഴവങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം, കോന്നി താലൂക്ക് ആശുപത്രി, വല്ലന സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം കുടുംബാരോഗ്യ കേന്ദ്രം, കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രം, പത്തനംതിട്ട

ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആംബുലൻസുകൾ ലഭ്യമായത്. പത്തനംതിട്ട ജില്ല ജനറൽ ആശുപത്രിക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറിയാണ് എം.പി ഉദ്ഘാടനം നിർവഹിച്ചത്. എം.പിയും ജില്ലാ കളക്ടറും ചേർന്ന് വാഹനങ്ങളുടെ ഫ്ളാഗ് ഓഫും ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭാ ചെയർമാൻ ബിന്ദു ജയകുമാർ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശ്രീകുമാർ,  വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here