തിരുവനന്തപുരം: ചെറിയാൻ ഫിലിപ് സിപിഎം   അംഗമല്ലെന്ന് പാർട്ടി സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. അദ്ദേഹം സംഘടനാ ചുമതലയൊന്നും നിർവഹിക്കുന്നില്ല. പാർട്ടിയുടെ സഹയാത്രികൻ മാത്രമായിരുന്നു എന്നും വിജയരാഘവൻ പ്രതികരിച്ചു.

ചെറിയാൻ ഫിലിപ് നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് എ വിജയരാഘവൻ പറയുന്നത്.  ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സുതാര്യമാണ്. അഡി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയാനില്ല.  ചെറിയാൻ ഫിലിപ് ഇപ്പോൾ സഹയാത്രികനല്ല. അതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ മറുപടിയുമില്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. സഹയാത്രികർ നൽകുന്ന പിന്തുണയ്ക്ക് സിപിഎമ്മിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ വിജയരാഘവൻ തയ്യാറായില്ല.

അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ സൂപ്പർ സി എം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ് ചെറിയാൻ ഫിലിപ്പ്  ആരോപിച്ചിരുന്നു.  എസ്എസ്എൽസി വിദ്യാഭ്യാസം മാത്രമുള്ളയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരി. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സി എം രവീന്ദ്രനാണെന്നാണ് ചെറിയാന്റെ ആരോപണം. പിണറായി വിജയൻ ഇപ്പോഴും തന്റെ സുഹൃത്താണെന്നും താൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും ചെറിയാൻ ഫിലിപ്പ് ആവർത്തിച്ചു. പിണറായി ശുദ്ധനാണ്, അതുകൊണ്ടാണ് അപകടത്തിലേയ്ക്ക് പോകരുതെന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here