ചെന്നൈ ∙ ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവന് ജീവിത വിജയത്തിന് ആവശ്യമായ വാഗ്ദാനങ്ങൾ ദൈവം നൽകുന്നുണ്ട്. ദൈവത്തിന്റെ സംരക്ഷണവും കാവലും അവനെ വിജയകരമായി ജീവിക്കാൻ പ്രാപ്തനാക്കുമെന്ന് പെന്തക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എൻ. സ്റ്റീഫൻ പറഞ്ഞു. താമ്പരം ഇരുമ്പല്ലിയൂരിൽ നടന്ന ദി പെന്തക്കോസ്ത് മിഷൻ സഭാ രാജ്യാന്തര കൺവൻഷൻ സമാപനദിന സംയുക്ത യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ജീവിത സാഹചര്യങ്ങളിൽ ച‍ഞ്ചലപ്പെടേണ്ടവനല്ല വിശ്വാസി എന്നു അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായ് നടന്ന കൺവൻഷനിൽ സ്തോത്രാരാധന, ശുശ്രൂഷകർക്കും വിശ്വാസികൾക്കും പ്രത്യേക ൈബബിൾ ക്ലാസ്, പൊതുയോഗം, ധ്യാനയോഗം, യുവജന സമ്മേളനം, ഗാനശുശ്രൂഷ, സുവിശേഷ യോഗം തുടങ്ങിയവ നടന്നു. സമാപന ദിവസം നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എം. ടി. തോമസ് പ്രസംഗിച്ചു. വിവിധ യോഗങ്ങളിൽ ഡ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ, ജി. ജെയം, പാസ്റ്റർമാരായ മൈക്കിൾ തോമസ്, ജോഷ്വാ ത്യാഗരാജ്, മഹീന്ദ്ര എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ നിന്ന് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുഎസ്, ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിൽ നിന്നും അടക്കം രണ്ട് ലക്ഷത്തിൽ പരം വിശ്വാസികൾ പങ്കെടുത്തു. കൺവൻഷനോടനുബന്ധിച്ച് 72 പേരെ ബ്രദർ, 151 പേരെ സിസ്റ്റർ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.

1923 ൽ മലയാളിയായ പാസ്റ്റർ പോൾ ആരംഭിച്ച ദി പെന്തക്കോസ്ത് മിഷൻ സഭ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായ് 43 സെന്ററുകളും രണ്ടായിരത്തിൽപരം ഫെയ്ത് ഹോം (Faith Home), വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും മൂന്നുറിൽ പരം സഭകളും പതിനായിരത്തിൽ പരം ശുശ്രൂഷകരുമുണ്ട്. സഭയുടെ ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈ ഇരുമ്പല്ലിയൂരിലും കേരളത്തിൽ കൊട്ടാരക്കര, അമേരിക്കയിൽ ന്യൂജഴ്സിയിലും ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ്. 93 വർഷം പിന്നിടുന്ന സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.

വാർത്ത∙ചാക്കോ കെ തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here