പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4. 51ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു.

ആറ് മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ നടന്നു. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി.
പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക.

കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ പമ്പ സ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ‍ഡോസ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്.

തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്. സംസ്ഥാന തലത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേകം യോഗം വിളിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ ജീവനക്കാരെ വിന്യസിച്ച് വരികയാണ്. പമ്പയിലും സന്നിധാനത്തും മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും.

കൊവിഡിനോടൊപ്പം മഴക്കാലം കൂടിയായതിനാല്‍ തീര്‍ത്ഥാടകരും ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ അഞ്ച് സ്ഥലങ്ങളിലായി എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജമാക്കിവരുന്നു. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്.

ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here