രാജേഷ് തില്ലങ്കേരി 

കോടിയേരി ബാലകൃഷ്ണൻ ഒരു വർഷത്തെ അവധി റദ്ദാക്കി സെക്രട്ടറി കസേരയിൽ തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലെ സഖാക്കൾ.  ഒരു വർഷത്തെ വനവാസത്തിന് ശേഷം സി പി എമ്മിനെ നയിക്കാൻ കോടിയേരി എത്തുകയാണ്. ആരോഗ്യകാരണങ്ങളാൽ ഒരു വർഷമായി കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ഗ്യാലറിയിലായിരുന്നു. ഇടയ്‌ക്കൊക്കെ ഇറങ്ങിക്കളിച്ചെങ്കിലും ഗ്യാലറിയിൽ ഇരിക്കുകയാണെന്ന തോന്നലുണ്ടാക്കിയെടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പും വന്നപ്പോൾ കോടിയേരി വിഷയം തിരിച്ചടിക്കുമോയെന്ന് ഭയന്നിരുന്ന പാർട്ടി നേതൃത്വം കോടിയേരിയെ സാങ്കേതികമായി മാറ്റി നിർത്തിയെന്നായിരുന്നു പിന്നാമ്പുറ സംസാരം.

ബാംഗ്ലൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ കോടിയേരിയെ പൊലീസ് കൊണ്ടു പോയതോടെ തുടങ്ങിയതാണ് കോടിയേരി സഖാവിന്റെ കഷ്ടകാലം. കേരളത്തിന്റെ മുഖ്യമന്ത്രിയെപോലും നിയന്ത്രിക്കാൻ അധികാരമുള്ള കസേരയാണ് പാർട്ടി സെക്രട്ടറിയുടേത്. എന്നാൽ എന്തു ചെയ്യും, മകൻ പോയി ഊരാക്കുടുക്കിൽ പെട്ടതോടെ അച്ഛൻ കോടിയേരി ആകെ പ്രതിരോധത്തിലായി. ആദ്യം കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു വാദം. സി പി എം ഭക്തസമിതി അത് ഏറ്റു പാടി. എന്നാൽ അതിനൊന്നും വലിയ സ്വീകാര്യത കിട്ടിയില്ല.

മകൻ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്ന ചോദ്യവുമായി അടുത്ത സംഘം രംഗത്തെത്തി. അതിന് വ്യക്തമായ ഉത്തരം നൽകിയിട്ടും മകൻ കോടിയേരിയുടെ ജയിൽവാസം അച്ഛന്റെ ജോലിക്ക് പ്രതിസന്ധി സൃഷ്ടിച്ചു, പാർട്ടിയിൽ പലകോണുകളിൽ ഇത് ചർച്ച ചെയ്തു തുടങ്ങിയതോടെയാണ് കോടിയേരി സഖാവ് തൽക്കാലം സെക്രട്ടറി പദമൊഴിഞ്ഞത്. പാർട്ടിയുടെ പരമോന്നത നീതിപീഠമായ പൊളിറ്റ് ബ്യൂറോയിൽ അംഗമാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. രോഗബാധിതനായി അമേരിക്കയിൽ ചികില്‌സയ്ക്ക് പോയപ്പോൾ പോലും ഒഴിഞ്ഞു കൊടുക്കാത്ത സെക്രട്ടറി കസേര ഒരു വർഷം സഖാവിന് ഒഴിഞ്ഞു കൊടുക്കേണ്ടിവന്നതും മകന്റെ ജയിൽവാസമായിരുന്നു.

മകൻ ജയിലിൽ നിന്നും മോചിതനാവുന്ന വാർത്ത പുറത്തുവന്ന അന്നു തന്നെ സി പി എം യോഗം ചേർന്നു കോടിയേരിയെ വീണ്ടും സെക്രട്ടറിയായി വാഴിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. കോടിയേരിയെ വീണ്ടും സെക്രട്ടറിയാക്കി അരിയിട്ട് വാഴിക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയെ അറിയിച്ചു. അതൊക്കെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന നേതൃത്വത്തിനാണെന്ന് പറഞ്ഞ് സഖാവ് യച്ചൂരി കൈകഴുകി. സംസ്ഥാനത്തെ മന്ത്രിമാരെ തീരുമാനിക്കാൻ പോലും അവസരം നൽകാത്ത സംസ്ഥാന കമ്മിറ്റി പിന്നെ ഈ കോടിയേരി വിഷയത്തിൽ മാത്രം അഭിപ്രായം ആരായേണ്ടതുണ്ടോ എന്നായിരുന്നു ദേശീയ നേതാക്കളുടെ മനോഗതം. പാവം യച്ചൂരി. പാവങ്ങളുടെ പാർട്ടിയെന്ന് സി പി എ്മ്മിനെയും സി പി ഐയെയും കുറിച്ച് പറയുന്നത് എത്ര ശരിയാണ്. ദേശീയ നേതാക്കൾക്ക് സംസ്ഥാന നേതാക്കൾക്കുള്ളത്രയും വിലയില്ലല്ലോ… പാവങ്ങൾ ജനറൽ സെക്രട്ടറിമാർ. വിപ്ലവം ജയിക്കട്ടെ, കമ്യൂണിസം ജയിക്കട്ടെ…  


കേരളം വീണ്ടും മഴക്കെടുതിയിലാണ്


കാലാവസ്ഥാ വ്യതിയാനവും തുടരെ തുടരെയുള്ള ന്യൂന മർദ്ധവും കേരളത്തെ ദുരിതത്തിലാക്കിയിരിക്കയാണ്. ഒരു മാസത്തിനുള്ളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ടത് ഏഴ് ന്യൂനമർദ്ധമാണ്. ഇവയുണ്ടാക്കിയ അതിതീവ്രമഴയുടെ ദുരിതങ്ങളിലൂടെയാണ് കേരളം കടന്നുപോവുന്നത്. തമിഴ് നാട്ടിലും ഒപ്പം മഴയുണ്ടായി. ചെന്നൈ നഗരത്തിൽ ഉണ്ടാക്കിയ മഴക്കെടുതിയുടെ ദുരിതത്തിൽ നിന്നും അവർ കരകയറിത്തുടങ്ങിയിരിക്കുന്നു.

വെള്ളപ്പൊക്കമുണ്ടായില്ലെങ്കിലും
 തുടർച്ചയായി പെയ്യുന്ന മഴ കേരളത്തിലെ സാധാരണ മനുഷ്യജീവിതത്തെ സാരമായി ബാധിച്ചിരിക്കയാണ്.
മലയോര ദേശത്തെയാണ് മഴ സാരമായി ബാധിച്ചത്. ഇടുക്കി ഡാം ചരിത്രത്തിൽ ഇതാദ്യമായി രണ്ടു തവണ ഷട്ടർ ഉയർത്തേണ്ടിവന്നു. മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. കേരളം അത്ര സുരക്ഷിതമല്ലെന്ന അവസ്ഥയിലാണ് കാലാവസ്ഥാവ്യതിയാനം. കൂടുതൽ ദുരിതങ്ങളിലേക്ക് കേരളം മാറാതിരിക്കട്ടെ.


എൻ സി പി എന്ന സോഷ്യലിസ്റ്റ് പാർട്ടിയും മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത ഒരു മന്ത്രിയും


സോഷ്യലിസ്റ്റുകൾ എന്നാൽ എല്ലാ സാമൂഹ്യവിരുദ്ധ, പ്രവർത്തനങ്ങൾക്കും കൂട്ടു നിൽക്കുന്നവർ എന്നാണോ അർത്ഥമെന്ന് തോന്നിപ്പോവും എൻ സി പി എന്ന പാർട്ടിയെ കണ്ടാൽ. എൻ സി പി യുടെ മന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തികളും സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും തീർത്തും ഭിന്നമായതിനാലാണ് നാം സോഷ്യലിസ്റ്റുകളെ തെറ്റിദ്ധരിച്ചുപോവുന്നത്. 
ശശീന്ദ്രൻ എന്ന മന്ത്രിയെ കുറിച്ചും, അങ്ങോരുടെ ചെയ്തികളെ കുറിച്ചും ഏറെയൊന്നും പറയേണ്ടതില്ല. ഇത്രയേറെ കൊള്ളരുതായ്മകളും കഴിവില്ലായ്മയും ഒരേ സമയം വച്ചു പുലർത്തുന്ന മന്ത്രി പുംഗവനെ കേരളം ഇന്നേവരെ കണ്ടിട്ടില്ല. ഇടത് പക്ഷം വലിയ പുരോഗമനം പറയുമ്പോഴും ഇത്തരത്തിലുള്ള ഒരു മന്ത്രി ഉൾപ്പെടുന്ന മന്ത്രിസഭയുടെ തലവനായിരിക്കാൻ പിണറായി വിജയന് എങ്ങിനെയാണ് സാധിക്കുന്നത്. എന്തുകൊണ്ടാണ് ഒരു ഈർക്കിലി പാർട്ടിയുടെ നേതാവ് മാത്രമായ ശശീന്ദ്രനെ മന്ത്രിയായി കൊണ്ടു നടക്കാൻ ഇടത് പക്ഷം ഇത്രയും ശുഷ്‌കാന്തി കാണിക്കുന്നത്.
 
മന്ത്രിയായിരിക്കുന്ന കാലത്തോളം കൊള്ളരുതായ്മയും കഴിവില്ലായ്മയും കേരളം കണ്ടു കൊണ്ടേയിരിക്കണം. അത് കേരളത്തിന്റെ ഗതികേടാണ്. മുല്ലപ്പെരിയാറിൽ ബേബി ഡാമിന്റെ സമത്തെ മരം വെട്ടിമാറ്റാനുള്ള ഉത്തരവിറക്കിയത് വനം മന്ത്രി അറിഞ്ഞില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ വിവാദം. എൻ സി പി യോഗം ചേർന്ന് അപ്പോൾ തന്നെ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകളഞ്ഞു. മന്ത്രിക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് സർട്ടിഫിക്കറ്റും നൽകി കളഞ്ഞുവത്രേ. പി സി ചാക്കോ ഒരു ചാരനെ മന്ത്രിയുടെ സ്റ്റാഫിൽ നിയമിച്ചിട്ടും ചാക്കോയ്ക്കും വിവരം ചോർ്ന്നു കിട്ടിയില്ല. അതിനാൽ മന്ത്രിക്ക് പാർട്ടിയുടെ പിന്തുണ. എന്നാൽ ഉദ്യോഗസ്ഥരെ കയറൂരി വിടരുതെന്നാണ് പാർട്ടിയുടെ താക്കീത്. സോഷ്യലിസം നടപ്പായാൽ ഉദ്യോഗസ്ഥർക്ക് ഭരണത്തിൽ യാതൊരു പങ്കുമില്ലത്രേ….

ജോസ് മോൻ താങ്കൾ ഒരു മഹാമനീഷിതന്നെ

പാലായിലെ മണൽതരിക്കുപോലും സങ്കടം തോന്നും ഈ ജോസ് മോന്റെ അവസ്ഥയോർത്ത്. വലിയ ആഗ്രഹങ്ങളും മോഹങ്ങളും മനസിലൊതുക്കി വീണ്ടും ദില്ലിയിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ജോസ് കെ മാണിയെന്ന കേരളാ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവ്.

ജോസ് കെ മാണിയെന്ന കേരളാ കോൺഗ്രസ് നേതാവിനെ മറ്റു രാഷ്ട്രീയ നേതാക്കൾ കണ്ടു പഠിക്കണം. ആലീസിന്റെ അത്ഭുതലോകത്താണ് ജോസ് മോനിപ്പോൾ. എൽ ഡി എഫിലേക്കുള്ള കൂടുമാറ്റം നടക്കുമ്പോൾ ജോസ് കെ മാണിയുടെ മനസിൽ ഒറ്റ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പന്റെ പാതയിലൂടെ മുന്നേറുക, പാലായിൽ വിജയിച്ച് പാലായെന്ന മണ്ഡലത്തിന്റെ കുത്തക നിലനിർത്തുക. പാലായിൽ നിന്നും ജയിച്ച് പിണറായി മന്ത്രിസഭയിൽ അംഗമായി ഒരു വിലസു വിലസണമെന്ന ഒറ്റ ചിന്തയാൽ യു ഡി എഫിനോട് വിട പറഞ്ഞ ജോസ് മോൻ … 
ആർക്കായാലും സങ്കടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് പിന്നീട് ജോസ് മോനെ കാണുന്നത്. പാലായിൽ നൈസായിട്ട് തോറ്റ ജോസ് മോൻ അണ്ടി പോയ അണ്ണാന്റെ അവസ്ഥയിലായി. റോഷി അഗസ്റ്റിൻ പുഷ്പം പോലെ ജയിച്ച് മന്ത്രിയായി. കേരളാ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി ശിഷ്ടകാലം ജീവിക്കാൻ എന്തായാലും ജോസ് മോൻ തയ്യാറായിരുന്നില്ല. 
 
ഒരിക്കൽ പാർലമെന്റ് ജീവിതത്തിൽ ഒരു ചേഞ്ച് വേണമെന്ന് ആഗ്രഹിച്ചപ്പോൾ എം പി സ്ഥാനം രാജിവച്ച് രാജ്യസഭാ അംഗമായി. വലിയ പണച്ചിലവില്ലാത്ത പരിപാടിയായിരുന്നു അത്. അതുകൊണ്ട് ഗുണമുണ്ടായി, രണ്ട് എം പിമാരുള്ള പാർട്ടിയെന്ന നിലയിൽ കൈവിട്ട് പോവുമായിരുന്ന രണ്ടിലയെ പിടിച്ചു നിർത്താനായി. പി ജെ ജോസഫ് കൈക്കലാക്കാനായി നിന്ന എം പി സ്ഥാനം സുരക്ഷിതമായി. പിന്നീട് മുന്നണി മാറിയപ്പോൾ ജോസ് ധാർമ്മികതയുടെ പേരിൽ രാജ്യസഭാംഗത്വം പുല്ലുപോലെ വലിച്ചെറിഞ്ഞു. 
 
കേരളത്തിൽ മന്ത്രിയായി അഞ്ചു വർഷം ആഘോഷിക്കാനുള്ള എല്ലാ അവസരവുമുണ്ടായിട്ടും ജോസ് മോന് അതിനുള്ള ഭാഗ്യം ലഭിച്ചില്ല, അങ്ങ് സ്വർഗത്തിലിരുന്ന് മാണിസാർ ഏറെ ദുഖിക്കുന്നതും ജോസിന്റെ ഗതികേട് ഓർത്തു മാത്രമായിരിക്കും. ഒരു മകനും ഇങ്ങനെയൊരു ഗതികേടുണ്ടാക്കല്ലേ എന്ന് മനമുരുകി പ്രാർത്ഥിക്കുകയായിരിക്കും.

എന്തായാലും തൊഴിൽ രഹിതനായ ജോസ് ഒരു കാര്യം തീരുമാനിച്ചു, രാജ്യ സഭാംഗമായി വീണ്ടും അവതരിക്കുക. അതെങ്ങനെ എന്നല്ലേ സംഭവം സിംപിൾ. 
മാണിസാറിന്റെ മകൻ ജോസ് മോൻ രാജി വച്ച രാജ്യ സഭ സീറ്റിലേക്ക് നിഷ ജോസ് എന്ന കേരള കോൺഗ്രസിന്റെ അനിഷേധ്യ നേതാവിന്റെ ഭർത്താവ്  ജോസ് കെ. മാണി മത്സരിക്കുന്നു. സാങ്കേതിയമായി ഒരു തെറ്റും പാർട്ടിക്കോ നേതാക്കന്മാർക്കോ പറയാനാവില്ല.
 
 ഒരു പഞ്ചായത്ത് അംഗം പോലുമല്ലാത്ത തുടർ ജീവിതം രാഷ്ട്രീയത്തിൽ കഷ്ടതകൾ നിറഞ്ഞതായിരിക്കുമെന്ന് ആ മഹാ മനീഷി തിരിച്ചറിഞ്ഞിരിക്കുന്നു. സെമി കേഡർ ആയാലും ഫുൾടൈം കേഡറായാലും അധികാരം വേണം സാർ ജനങ്ങൾക്കൊപ്പം ജീവിക്കാൻ…. 

ജോജുവിനെ ആരാണ് പിന്തിരിപ്പിച്ചത് ?

കോൺഗ്രസും നടൻ ജോജുവും തമ്മിലുള്ള തല്ലും, കേസും വക്കാണവുമെല്ലാം മാലോകർക്ക് അറിയാവുന്നതാണ്. ആ കേസ് പിൻവലിക്കാൻ കോൺഗ്രസും നടൻ ജോജുവും ധാരണയിൽ എത്തിയെന്നും ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടാക്കുകയും ചെയ്തതുമായിരുന്നുവത്രേ, എന്നാൽ  ക്ലൈമാക്‌സ് സീനിൽ മാറ്റം വരുത്തിയതോടെ കേസ് വീണ്ടും കടുത്തു. 
 
കൊച്ചി കോർപ്പറേഷൻ മേയറായിരുന്ന ടോണി ചമ്മിണിയടക്കം നേതാക്കൾ ജയിലിൽ അടക്കപ്പെട്ടു. കേസിൽ ഒരു ഒത്തുതീർപ്പും ഉണ്ടാക്കാനില്ലെന്നുള്ള ജോജുവിന്റെ പ്രഖ്യാപനം വന്നതോടെ കോൺഗ്രസുകാരും ഞെട്ടി. സമരവും ജയിലും ഒന്നും പതിവില്ലാത്ത കൊച്ചിയിലെ കോൺഗ്രസിന് വലിയ ആഘാതമാണ് ജോജു കേസ് ഉണ്ടാക്കിയത്.  ആരാണ് ഒത്തുതീർപ്പ് പൊളിച്ചതെന്നായി അന്വേഷണം. 
 സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‌നാണ് എല്ലാറ്റിനും പിന്നിലെന്നെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. പക്ഷേ, ഉണ്ണികൃഷ്ണൻ  എന്ന പരിശുദ്ധനായ  തൊഴിലാളി നേതാവ് പറയുന്നത്, താൻ ഒരിക്കലും അംബയർ ആയിരുന്നില്ലെന്നും വെറുമൊരു കാണി മാത്രമായിരുന്നു വെന്നാണ്. ജഡ്ജായി വന്നയാൾ പിന്നീട് ഗ്യാലറിയിലിരുന്ന് കളികാണുകയാണെന്ന് പറഞ്ഞാൽ ആരാണ് സാർ വിശ്വസിക്കുക. താങ്കൾ ചെയ്ത സിനിമ പോലത്തന്നെ മാടമ്പിത്തരം കാണിച്ചുവന്ന ജോജുവിനെ വീണ്ടും കളത്തിലിറക്കിയത് താങ്കളല്ലേ എന്നാണ് പാവം ഗാന്ധിമാർഗികളായ കോൺഗ്രസുകാർ ചോദിക്കുന്നത്. 
 
ഫെഫ്കയുമായി ബന്ധമില്ലാത്തയാളാണ് നടൻ ജോജു. എന്നിട്ടും എന്തിനാണ് ജോജുവിന്റെ വിഷയത്തിൽ ബി ഉണ്ണികൃഷ്ണൻ ഇടപെട്ടതെന്ന ഫെഫ്കാ പ്രവർത്തകരുടെ ചോദ്യത്തിന് ഉണ്ണികൃഷ്ണന് വ്യക്തമായ മറുപടിയില്ല. എതിർപ്പ് ശക്തമായതോടെയാണ് ഉണ്ണികൃഷ്ണൻ താൻ ഈ വിഷയത്തിൽ കാണി മാത്രമാണെന്ന പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.


മോൻസൻമാർ വാഴുന്ന കേരളവും, ബഹറാജിയുടെ പൊലീസും


മുൻ പൊലീസ് മേധാവി ലോക് നാഥ് ബഹറയെ കുറിച്ച് എന്തെങ്കിലും മോശം പറയുന്നത് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാൾ മാത്രമേ കേരളത്തിലുള്ളൂ, അത് കഷ്ടകാലത്തിന് നമ്മുടെ മുഖ്യമന്ത്രിയായിപ്പോയി എന്നുമാത്രം. ബഹറയെ വെള്ളപൂശാനും സംരക്ഷിക്കാനും കഴിഞ്ഞ കാലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച താല്പര്യം ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 
 
ബഹറയുടെ ഭരണ കാലം കേരളാ പൊലീസിന്റെ ഏറ്റവും മോശം കാലമായിരുന്നു. പൊലീസിന്റെ പിടിപ്പുകേടും, കൊള്ളരുതായ്മയും അഹങ്കാരവും അഴിമതിയും കേരളത്തെ ഏറെ പിന്നോട്ട് നയിച്ചു. പൊലീസിൽ  പാവപ്പെട്ടവരുടെ മേൽ കുതിരകയറുന്ന രീതി തിരിച്ചെത്തി. പൊലീസ് ഇത്രയേറെ പ്രതിക്കൂട്ടിലായ കാലഘട്ടം ഉണ്ടായിട്ടില്ല. അടിയന്തിരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. അന്യായമായി പൊലീസ് പിടികൂടി തടവിൽ പാർപ്പിച്ചവർ ഏറെയാണ്.

ഇതൊക്കെ ഒരു ഭാഗത്ത് അരങ്ങേറുമ്പോൾ മറുഭാഗത്ത് ഭൂലോക തട്ടിപ്പൻമാർക്ക് കിടക്കവിരിക്കുന്ന ജോലിയും പൊലീസ് ഏമാന്മാർ യാതൊരു ഉളുപ്പുമില്ലാതെ ചെയ്യുന്നുണ്ടായിരുന്നു. മോൻസൻ മാവുങ്കൽ എന്ന ലോക ഫ്രോഡിന് കഞ്ഞിവെക്കാനായി ബഹറ നിർത്തിയിരുന്നത് ഐ ജി ലക്ഷ്മണയെ ആയിരുന്നു. തട്ടിപ്പു രാജാവായ മോൻസന്റെ അടുക്കള നിരങ്ങിയ ലോക്‌നാഥ് ബഹറ കേവലം ഒരു ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നില്ല എന്ന് കേരളം ഓർക്കുന്നുണ്ടാവണം. നാലര വർഷക്കാലം കേരളത്തിലെ പൊലീസിനെ നയിച്ച പൊലീസ് മേധാവിയാണ് ഒരു തട്ടിപ്പുവീരന് കുടപിടിച്ചതെന്നത് എത്ര ലജ്ജാകരമാണെന്ന് ഓർക്കുക.
 
 കഴിഞ്ഞ ദിവസം കോടതി ഉന്നയിച്ച സംശയങ്ങൾക്ക് ആരും മറുപടി പറഞ്ഞിട്ടില്ല.  മോൻസൻ മാവുങ്കലിന്റെ വീട്ടിൽ ബഹറയും എ ഡി ജി പി മനോജ് അബ്രഹാവും എന്തിന് പോയി. വളരെ ഗുരുതരമായ കേസുകളിൽ പ്രതിയായ ഈ മോൻസനെ ആരാണ് സംരക്ഷിച്ചതെന്ന് പൊലീസ് ഉന്നതനും പൊലീസിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇവിടെ ശക്തമായ പ്രതിപക്ഷം ഇല്ലാത്തതിനാൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിച്ചെന്നുവരില്ല. എന്നാൽ നീതിന്യായ വ്യവസ്ഥ ശക്തമായതിനാൽ ഇതിനെല്ലാം ചിലർ ഉത്തരം പറയേണ്ടിവരും. അനിതാ പുല്ലയിലും മറ്റും നടത്തിയ നാടകങ്ങളും ഉന്നതരുടെ പങ്കും എല്ലാം വെളിച്ചത്തുവരുമെന്ന് വ്യക്തം.




കണ്ണൂരിലെ ചെന്താരകം ഖാദി പുതയ്ക്കുമ്പോൾ


ഖാദിയിൽ ചെന്താരകമായി പി.ജെ ഉദിച്ചപ്പോൾ സിപിഎമ്മിൽ പുതിയ ചർച്ചകളുകളും തുടങ്ങി. മുഖ്യമന്ത്രിക്ക് അനഭിമതനായ പി.ജയരാജനെ ഖാദി പുതപ്പിച്ചത് വാഴ്ത്തണോ വീഴ്ത്തണോയെന്നതാണ് പാർട്ടിക്കുള്ളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമുയരുന്ന പുതിയ ചർച്ച.

കോൺഗ്രസ് വിട്ടു വന്ന ശോഭനാ ജോർജ് കഴിഞ്ഞ വർഷമിരുന്ന കസേരയായ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി ജയരാജനെപ്പോലുള്ള ഉന്നത നേതാവിന് നൽകിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന ആരോപണവും പാർട്ടിക്കുള്ളിൽ നിന്നുമുയരുന്നുണ്ട്. പി. ജയരാജനെ ഖാദി ബോർഡ് ചെയർമാൻ പദവിയിലേക്ക് പരിഗണിച്ചത് പാർട്ടി സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങൾ കണക്കിലെടുത്താണെന്നാണ് സിപിഎമ്മിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയായ ബ്രാഞ്ച് സമ്മേളനങ്ങളിൽ പി.ജയരാജനെ അകറ്റി നിർത്തുന്നതിലും അവഗണിക്കുന്നതിലും താഴെത്തട്ടിൽ നിന്നുവരെ കടുത്ത വിമർശനങ്ങളാണുയർന്നത്.മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെയും പി.ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒതുക്കിയതാണെന്ന ആരോപണം ശകതമായതോടെയാണ് തൻറെ ഗുഡ്ബുക്കിൽ നിന്നും വെട്ടിനിരത്തിയ പി.ജയരാജനെ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഖാദി ബോർഡിലേക്ക് പരിഗണിക്കേണ്ടി വന്നത്. വരാനിരിക്കുന്ന ജില്ലാസമ്മേളനങ്ങളിൽ കണ്ണൂരിൽ മാത്രമല്ല മറ്റിടങ്ങളിലും ചർച്ചാവിഷയങ്ങളിലൊന്ന് പി.ജയരാജനായി മാറരുതെന്ന രാഷ്ട്രീയ കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.

സി.പി. എം സംസ്ഥാനക്കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ അഡ്വ. പി.സതീദേവിയെ ജോസഫൈനു പകരം വനിതാകമ്മിഷൻ ചുമതലയിലേക്കു കൊണ്ടുവന്നത് ജയരാജനെ ഒതുക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. ജയരാജന്റെ സഹോദരിയും മഹിളാ അസോസിയേഷൻ നേതാവുമായ അഡ്വ. പി.സതീ ദേവി വനിതാകമ്മിഷൻ ചെയർപേഴ്സണാക്കിയതോടെയാണ് ഈ രീതിയിലുള്ള ചർച്ച പാർട്ടിക്കുള്ളിൽ തുടങ്ങിയത്. ഈ കാര്യം ചൂണ്ടിക്കാട്ടികൊണ്ട് ജയരാജനെ പൂർണമായി മാറ്റി നിർത്താനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന വിമർശനമാണ് പി.ജെ ആരാധകർ സോഷ്യൽമീഡിയയിലടക്കം ഉയർത്തിയത്. ഇതോടെയാണ് ഇപ്പോൾ വെറും സംസ്ഥാനകമ്മിറ്റിയംഗം മാത്രമായ പി.ജയരാജനെ ഖാദി ബോർഡിലേക്ക് നിയോഗിക്കേണ്ടി വരുന്നത്. 
 
നേരത്തെ ചെറിയാൻ ഫിലിപ്പിനു വാഗ്ദ്ധാനം ചെയ്ത സ്ഥാനമാണിത്. ചെറിയാൻ ഇതു നിരസിക്കുകയും കോൺഗ്രസ് പാളയത്തിലേക്ക് മടങ്ങുകയും ചെയ്തതതോടെയാണ് കഴിഞ്ഞ സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെ നിയോഗിക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ നിന്നും മുൻ മന്ത്രി കെ.പി നൂറുദ്ദീൻ നേരത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സി.പി. എം സംസ്ഥാന കമ്മിറ്റിയിലേക്ക് വ്യാപകമായ അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കുമാണ് ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ സ്ഥാനങ്ങൾ ലഭിക്കുക. ഇതോടെ പി.ജയരാജനടക്കമുള്ള നേതാക്കൾ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവാക്കപ്പെടാനോ,സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനകയറ്റം നൽകാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴും പാർട്ടിയിൽ ജനങ്ങളുടെയും അണികളുടെയും അനുഭാവികളുടെയും വലിയ പിന്തുണയുള്ള നേതാവാണ് പി.ജയരാജൻ. അതുകൊണ്ടുതന്നെ ജയരാജനെ വെട്ടിനിരത്തിയാൽ പാർട്ടിക്കുള്ളിൽ നിന്നും രോഷമുയരുമെന്ന കാര്യം ഉറപ്പാണ്

ഇപ്പോൾ ജയരാജന് എന്തെങ്കിലും സ്ഥാനം കൊടുത്തുകഴിഞ്ഞാൽ പിന്നീടുയരുന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലുമുണ്ട്. മാത്രമല്ല സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ ജയരാജനു പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും മറ്റു യാത്രകൾക്കും വാഹനസൗകര്യമേർപ്പെടുത്തുന്നതും ജില്ലാ നേതൃത്വമാണ്. ഫുൾടൈമറായ പാർട്ടി നേതാക്കളുടെ യാത്രാബത്തയും മറ്റു ചെലവുകളും വഹിക്കുന്നതും പാർട്ടി ജില്ലാകമ്മിറ്റിയാണ്. 
 
ഈ സാഹചര്യത്തിൽ ഇത്തരം നേതാക്കൾക്ക് പാർട്ടി ഭരിക്കുമ്പോൾ ബോർഡ്, കോർപറേഷൻ ചെയർമാൻ സഥാനങ്ങൾ നൽകി സംരക്ഷിക്കുന്നത് പതിവാണ്. ഭരണം ലഭിക്കാത്ത കാലയളവിൽ സഹകരണ ബാങ്കുകളുടെ തലപ്പത്താണ് ഇവരെ നിയോഗിക്കാറുള്ളത്. ഈയൊരു സാഹചര്യവും കൂടി പരിഗണിച്ചാണ് പി.ജയരാജന്റെ പുതിയ സ്ഥാനലബ്ധിയെന്നാണ് വിലയിരുത്തൽ.

വ്യക്തിപൂജാവിവാദത്തിന്റെ പേരിലാണ് പി.ജയരാജനെതിരെ സി.പി. എം നേതൃത്വം നടപടി തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരടായി മാറിയ പി.ജയരാജനെ പാർട്ടി ജില്ലാ നേതൃത്വത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാനായി നിയോഗിക്കപ്പെട്ട ജയരാജൻ അവിടെ നിന്നും അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനവും തിരിച്ചുകിട്ടിയില്ല. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെ പാർട്ടി നേതൃത്വം നിലപാട് കൂടുതൽ കടുപ്പിക്കുന്നത്.

സോഷ്യൽമീഡിയയിൽ ജയരാജനെ ആരാധിക്കുന്നവരുടെ കൂട്ടായ്മയായ പി.ജെ ആർമി പാർട്ടി നിരീക്ഷണത്തിൽ വരികയും ഒടുവിൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനിടെയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റു നിഷേധിക്കപ്പെട്ടതും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. ഇതിനിടെയാണ് ജയരാജൻ നേതൃത്വം നൽകുന്ന ഐ.ആർ.പി.സിയുടെ തലപ്പത്തു നിന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവരെ ഒഴിവാക്കുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി സമ്മേളനങ്ങളിൽ ജയരാജനെതിരെയുള്ള പാർട്ടി ഒതുക്കൽ ചർച്ചയായത്.

മരക്കാർ തീയേറ്ററിൽ വരും

 മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻ ലാൽ സിനിമയുടെ റിലീസ് സംബന്ധിച്ച ബേജാറിലായിരുന്നു കേരളം. ഒ ടി ടി റിലീസ് പ്രഖ്യാപിച്ച സിനിമയെ തിരികെ തിയേറ്ററിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയാണെന്നാണ് പറയപ്പെടുന്നത്. ആരുമായും ചർച്ച ചെയ്യാതെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനെ കേരള സർക്കാർ മുട്ടുകുത്തിച്ചുവെന്നും, ഇരട്ട ചങ്കൻ വീണ്ടും ഇരട്ടച്ചങ്കനായി എന്നൊക്കെയാണ് പാണന്മാർ പാടിപുകഴ്ത്തുന്നത്. കാര്യം ശരിയാണ്, മുഖ്യമന്ത്രിയുടെ നിലപാടാണ് ആന്റണിയുടെ നിലപാട് മാറ്റിച്ചത്. 
എന്നാൽ ഇതൊക്കെ പാടിപ്പുകഴ്‌ത്തേണ്ടതുണ്ടോ. കേരളം നിരവധി പ്രതിസന്ധികളുടെ നടുവിലാണ്, അതിനൊന്നും കിട്ടാത്ത വാർത്താ പ്രാധാന്യമാണ് മോഹൻലാൽ സിനിമയ്ക്ക് ലഭിച്ചത്. ചുമ്മാതെ കിട്ടുന്ന എന്ത് പബ്ലിസിറ്റിയും സിനിമാക്കാർ ഉപയോഗിക്കും. ഒടുവിൽ സിനിമാ മന്ത്രി മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. എന്തൊരു ശുഷ്‌ക്കാന്തി.

കൊവിഡാനനന്തരം തകർന്നു പോയ എന്തെല്ലാം വ്യവസായങ്ങളുണ്ട്, അവയ്‌ക്കൊന്നുമില്ലാത്ത പരിഗണനയാണ് മോഹൻ ലാൽ ചിത്രത്തിന് ലഭിച്ചത്. ആ ചിത്രം തീയേറ്ററിലെത്തുന്നതോടെ കേരളത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാവും.



വാൽകഷണം : 
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രി ആർ ബിന്ദു പങ്കെടുത്ത സംഭവം വിവാദമായിരിക്കയാണ്. തട്ടിപ്പിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒരു പ്രസ്താവന കൊടുത്താൽ തീരുന്നതല്ലേയുള്ളൂ സാർ….

LEAVE A REPLY

Please enter your comment!
Please enter your name here