തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമരപരിപാടി അനുപമ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ്  അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്‌സൺ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നൽകലിൽ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്ന വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ സർക്കാർ പ്രതികൂട്ടിലാണ്.
സി പി എം നേതാവ് ആനാവൂർ നാഗപ്പനും സംഭവത്തിൽ പങ്കുണ്ടെന്നാണ് അനുപമയുടെ ആരോപണം.

മകനെ തിരികെ കിട്ടിയ അനുപമ, മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ചു . തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.

അതേസമയം വനിത ശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ സർക്കാർ തുടർനടപടികളിലേക്ക് കടന്നേക്കും. ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സി ക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി.വി.അനുപമയുടെ കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here