തിരുവനന്തപുരം: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതിൽ സംസ്ഥാന കോൺഗ്രസിൽ അതൃപ്തി ശക്തം. ഇരുനേതാക്കൾക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകാനുള്ള നീക്കം സംസ്ഥാന നേതൃത്വം ശക്തമാക്കി.

രണ്ട് മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന പരാതി. വിഷയത്തിൽ വേഗത്തിൽ ഇടപെടൽ ആവശ്യമാണെന്ന് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. നിസാര കാര്യങ്ങളുടെ പേരിൽ പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണ് ഗ്രൂപ്പ് നേതാക്കന്മാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നത് പതിവാണെന്നും ഹൈക്കമാൻഡിന് നൽകുന്ന പരാതിയിൽ സംസ്ഥാന നേതൃത്വം ഉന്നയിക്കും.

കോൺഗ്രസിൽ ഗ്രൂപ്പുകൾ ശക്തമായിരുന്ന കാലത്ത് പോലും യുഡിഎഫിലേക്ക് പ്രശ്‌നങ്ങൾ എത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവിനോടും കെപിസിസി അധ്യക്ഷനോടും വിയോജിപ്പുണ്ടെങ്കിൽ പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. സർക്കാരിനെതിരെ സ്വീകരിക്കേണ്ട സമരമാർഗങ്ങളടക്കം ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്നത് ശരിയായ സന്ദേശമല്ല നൽകുന്നതെന്നും നേതൃത്വം വ്യതമാക്കുന്നുണ്ട്.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ദേശീയ നേതൃത്വത്തിന് ഗ്രൂപ്പുകൾ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് ഗ്രൂപ്പ് നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വം പരാതി നൽകാനൊരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും പാർട്ടിയിൽ പ്രശ്‌നങ്ങളില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ  വ്യക്തമാക്കിയിരുന്നു.


കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. നിർണായക യോഗത്തിൽ ഇരുവരും എത്താതിരുന്നതിന്റെ കാരണം അറിയില്ലെന്ന് യു ഡി എഫ് കൺവിനർ എം എം ഹസൻ പറഞ്ഞിരുന്നു. ഇരു നേതാക്കളും എത്തിയില്ലെന്ന് മാത്രമേ അറിയൂ. യോഗത്തിൽ എത്താതിരുന്നതിന്റെ കാരണം എന്താണെന്ന് വിളിച്ച് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു ഡി എഫ് യോഗത്തിൽ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചിരുന്നു. നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാ കാര്യങ്ങളും അവരുമായിട്ട് ആലോചിച്ച് ചെയ്യുന്നത്. അതൃപ്തിയുണ്ടെങ്കിൽ നേതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here