ന്യൂ ഡല്‍ഹി: സുപ്രധാന ആയുധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്. എ കെ 203 തോക്കുകള്‍ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

കലാഷ്നിക്കോവ് സീരിസിലെ തോക്കുകള്‍ കൈമാറാനുള്ള കരാറില്‍ ഭേദഗതി വരുത്താനും തീരുമാനമായി. റഷ്യന്‍ പ്രതിരോധമന്ത്രി സര്‍ജേ ഷൊയ്ഗുവ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലവ്റോവ്, വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.

അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങള്‍ മധ്യേഷയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍, സമുദ്രസുരക്ഷ, തീവ്രവാദ ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇതിനു പുറമെ വ്യാപാര, ഊര്‍ജ്ജ, സാങ്കേതികവിദ്യ മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണ് സൂചന. റഷ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃക പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ കൈമാറും. പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here